Tuesday, October 28, 2008

"തീവ്രവാദി" ആക്ഷേപം - ഒരു വിശദീകരണം.

ഈയുള്ളവന്റെ കഴിഞ്ഞ പൊസ്ട് ( http://thekidshouts.blogspot.com/2008/10/blog-post_25.html ) വായിച്ച പ്രിയ വായനക്കാര്‍ ചില വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്നതായി, അവിടെ രേഖപ്പെടുത്തപ്പെട്ട ചില അഭിപ്രായങ്ങ്ങ്ങളില്‍ നിന്നും മനസിലാവുന്നു. അതിനാലാണ് ഈ കുറിപ്പ്.

മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്നുള്ള അഭിപ്രായം ലേഖകന്‍ ഒരിക്കലും വച്ചു പുലര്‍ത്തിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ അത് അതേപടി പച്ചയായി അവിടെ എഴുതി വെക്കുമായിരുന്നു.

"പിടിച്ച തീവ്രവാദികളെല്ലാം മുസ്ളീങ്ങളാണെങ്കിലും സമുദായത്തെ ആരും കുറ്റം പറഞ്ഞുപോകരുത്"...
മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണത്തിലെ അപക്വതയെപ്പറ്റി ധ്വനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ വാചകം പ്രയോഗിച്ചത്.
തറവാട്ടിലെ പിള്ളേര്‍ കൊലക്കുറ്റത്തില്‍ അകത്തായാല്‍, തറവാട്ടു മഹിമ പ്രസംഗിച്ച് നടക്കുകയല്ല ഉത്തരവാദിത്വമുള്ള തറവാട്ട് കാരണവന്‍മാര്‍ ചെയ്യേണ്ടത്, പിള്ളേരെ അടക്കി നിര്‍ത്തുകയാണ്. Put your house in order, first എന്ന് ഏതെങ്കിലും കുട്ടി ഇവരുടെ മുഖത്ത് നോക്കി പറഞ്ഞാല്‍ അതിനര്‍ഥം തറവാട്ടിലെ എലാ പിള്ളേരും കൊലയാളികളാണ് എന്നല്ല. നാട്ടിലെ കൊലയാളികളെല്ലാം ഈ തറവാട്ടിലേതാണ് എന്നുമല്ല.

ആത്യന്തികമായി, സെക്യുലര്‍ എന്നവകാശപ്പെടുന്ന ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെയും ഹെല്‍മെറ്റ് വേട്ടയെ മുക്തി മാര്‍ഗമായി കാണുന്ന നിയമ പാലന സംവിധാനത്തിന്റെയും ദയനീയ പരാജയമാണ് ഇന്നത്തെ അരാജക അവസ്ഥ്ക്ക് കാരണമായത് എന്നത് കൊണ്ട് തന്നെ ഈ പ്രശ്നത്തിന്റെ പരിഹാരം ഒട്ടും എളുപ്പമാവില്ല. പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടി വരും

ഇനിയും വായനക്കാരുടെ വിയോജന/യോജന കുറിപ്പുകള്‍ അറിയിക്കുക. ഇതൊരു ആശയ സംവാദത്തിന് വഴി വച്ചാല്‍ ഈയുള്ളവന്‍ ധന്യനായി :)

NB:- ഈ വിശദീകരണം ഒരു കമന്റ് ആയി പ്രസ്തുത പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

Saturday, October 25, 2008

...പെട്ടെന്ന് കുറേ തീവ്രവാദികള്‍ പൊട്ടി മുളച്ചു‌!

കേരളത്തിലെ ക്രമസമാധാനം ഒട്ടും പന്തിയല്ലെന്ന് ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് മനസിലായിട്ട് കാലം കുറേയായി. നാട്ടുകാരുടെ സ്വത്തിന് പോയിട്ട് ജീവനു പോലും ഒരു ഗ്യാരണ്ടിയും ഇല്ലാത്ത അവസ്ഥ. കാര്യങ്ങള്‍ ‍ഇങ്ങനെ ജോറായി ഇരിക്കുമ്പോഴാണ് പുതിയ ഗുണ്ട് പൊട്ടിയിരിക്കുന്നത്. തീവ്രവാദികള്‍ - കേരളം മൊത്തം അവര്‍ സ്വൈര വിഹാരം നടത്തുകയാണത്രെ.
നാട്ടുകാര്‍ക്ക് ഇതും മുന്‍പേ അറിയാമായിരുന്നു. ചിലരെങ്കിലും അറിയിക്കേണ്ടിടത്ത് അറിയിച്ചതുമാണ്. പക്ഷേ നമ്മുടെ പോലീസുകാര്‍ മാത്രം ഒന്നും അറിഞ്ഞില്ല, കണ്ടില്ല!

പോലീസിന്റെ കാഴ്ച പണ്ടേ സവിശേഷമാണല്ലോ. പൊതു മുതല്‍ നശിപ്പിച്ചവനും കൊലപാതകിയുമൊക്കെ അവരുടെ മൂക്കിനു താഴെ ഞെളിഞ്ഞു നടന്നാലും അവര്‍ ഒന്നും കാണില്ല. എല്ലാരും പിടികിട്ടാപ്പുള്ളീകളാണെന്ന് റിപ്പോര്‍ട്ട് ചെയ്തുകളയും. ജനങ്ങളുടെ നികുതിക്കാശ് കൊണ്ടാണ് ജീവിക്കുന്നത് എന്ന ഉത്തമ ബോദ്ധ്യം ഉള്ളത് കൊണ്ട് ജനോപകാരപ്രദമായ ബ്ളേഡ് കമ്പനി നടത്തിപ്പ് വണ്ടി പിടുത്തം തുടങ്ങിയവയിലാണ് ഏമാന്‍മാര്‍ക്ക് താല്പര്യം. പെട്ടെന്നു കാശിന് ആവശ്യം വന്നാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടരുതല്ലൊ. വഴിയെ പോകുന്ന പിള്ളേരെ തടഞ്ഞു നിര്‍ത്തി വണ്ടിയുടെ ബുക്കും പേപ്പറും നോക്കിയാല്‍, നാട്ടിലെ എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യാം, അല്പം ദ്രവ്യം തടയുകയും ചെയ്യും. ഇത്തരം ആനക്കാര്യങ്ങള്‍ക്കിടയിലാ തീവ്രവാദം എന്ന ചേനക്കാര്യം..
കേന്ദ്ര ഇന്റലിജന്‍സുകാര്‍ പല തവണ "വാര്‍ണിങ്ങ്" കൊടുത്തതാ, ചില "ഉസ്താദുമാരുടെ" മേലെ ഒരു കണ്ണ് വേണമെന്ന്. നമുക്ക് "ഇന്റലിജന്‍സ്" തരാന്‍ ഇവന്മാരാര്? അഞ്ച് പൈസക്ക് വകുപ്പില്ലെങ്കിലും അഞ്ഞൂറ് രൂപക്ക് ജാട കാണിക്കുന്നവനാണ് മലയാളി. ഇവിടുത്തെ കാര്യം നോക്കാന്‍ ഇവിടെ ഇന്റലിജന്‍സുകാരുണ്ട്. അവര്‍ക്ക് ഭയങ്കര "ഇന്റലിജന്‍സ്" ആയതിനാല്‍ എവിടെയെങ്കിലും ഒരീച്ച പറന്നാല്‍ പോലും നമ്മളറിയും. പിന്നെയെന്തിനാ കേന്ദ്രത്തിലെ അണ്ണാച്ചികളുടെ ഓശാരം? വിട്ടു പോടേ പാണ്ടീ...മഷിയിട്ടു നോക്കിയാല്‍ പോലും ഇവിടെയൊരു ആതങ്കവാദിയെ കാണില്ല...നീ നിന്റെ പണി നോക്ക്..

അങ്ങനെ സ്വസ്ഥമായി ബിസിനസ്സും നോക്കിയിരിക്കുമ്പോഴാണ് അങ്ങ് കശ്മീരത്തു നിന്ന് ഒരു ഇണ്ടാസ് - അവിടെ സൈന്യത്തിന്റെ വെടിയേറ്റ് ചരിഞ്ഞ നാല് കൊമ്പന്‍മാര്‍ കേരള രാജ്യത്ത് നിന്ന് ഉള്ളവരാണത്രെ.
കേട്ട പാതി കേള്‍ക്കാത്ത പാതി, തറപ്പിച്ച് പറഞ്ഞു - "ഏയ്, മലയാളികളാവാന്‍ വഴിയില്ല. വല്ല പാണ്ടികളുമായിരിക്കും. ദിസ് ഈസ് ഗോഡ്സ് ഓണ്‍ കണ്‍ട്രി, യൂ നോ?"
പക്ഷേ കശ്മീരികളുണ്ടോ വിടുന്നു, അവരിതെത്ര കണ്ടതാ!? വന്നു നോക്കിയിട്ട് പറയെന്നായി അവര്‍. ശരി, നാട് കാണാന്‍ കിട്ടുന്ന ഒരു ചാന്‍സല്ലേ, ഒന്നു പോയി കണ്ടേച്ചു വരാം എന്നോര്‍ത്താണ് പോയത്. ചെന്ന് കണ്ടപ്പൊള്‍ ഞെട്ടിപ്പൊയി - ദേ കിടക്കുന്നു വെട്ടിയിട്ട പോലെ നല്ല പച്ച മലയാളികള്‍ നാലെണ്ണം. തണുപ്പ് മാറ്റാനായി അല്‍പം അകത്താക്കിയിരുന്നത് കൊണ്ട് പേടിച്ച് നിലവിളിച്ചില്ല. ഉടനെ പഞ്ഞു സന്ദേശം ഹെഡ്ക്വാര്‍ടേഴ്സിലേക്ക്. "സി ഐ ഡീ, ജാഗ്രതൈ, ചത്തതു നാലും നമ്മ ഊരുകാര്‍ " സന്ദേശം കിട്ടിയതും കേരളാ പോലീസ് ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടല്‍ ഞെട്ടി. പിന്നെ "വടിയെട് തോമാ, അടിയെട മാണീ, കയറെട് പൌലോസേ" എന്ന മട്ടില്‍ ഒരു പാച്ചിലായിരുന്നു. കുടവയറ് കാരണം സ്വന്തം പാദം കാണാന്‍ പറ്റാത്തവര്‍ എവിടം വരെ ഓടാന്‍ ? ചെന്നു പൊക്കി കണ്ണൂരില്‍ നിന്ന് ഒരുത്തനെ, മലപ്പുറത്ത് നിന്ന് വേറൊരുത്തനെ. ഇവരൊക്കെ ഇന്നലെ വരെ സുജായികളായി നടന്നു യുവാക്കളെ റിക്രൂട്ട് ചെയ്യുകയായിരുന്നു എന്നു അന്വേഷിച്ച് കണ്ടുപിടിച്ചു. കശ്മീരില്‍ നിന്ന് ഒരുത്തന്‍ ചാവാന്‍ നേരം കണ്ണൂരുകാരനെ വിളിച്ചുവത്രെ "അണ്ണാ കാപ്പാത്തുങ്കോ, ജീവന്‍ രക്ഷിക്കണം" എന്ന്!! ആ വിളി നമ്മള്‍ ട്രാക്ക് ചെയ്തു - എന്തൊരു ബുദ്ധി!!
ഇതൊക്കെ വിവരമുള്ളോര്‍ നേരത്തേ പറഞ്ഞില്ലായിരുന്നോ എന്നു ചോദിച്ചാല്‍ - പോലീസിനോട് അങ്ങനെ ചുമ്മാ പറഞ്ഞാ മതിയൊ, അതിനൊരു മാമൂലൊക്കെ ഇല്ലേ എന്നാണ് ഉത്തരം. ഇനി കുറേ റെയ്ഡൊക്കെ നടത്തും. ചിലരെ പൊക്കും. അങ്ങനെ കുറച്ച് കഴിയുമ്പോ എല്ലാരും ഇതൊക്കെ അങ്ങ് മറക്കും. അപ്പൊ നമുക്കും പഴയ ബിസിനസ്സിലേക്ക് മടങ്ങാമെന്നേ.

ഇനി, പോലീസുകാര്‍ ഇങ്ങനെ ഷൈന്‍ ചെയ്യുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് വെറുതെ ഇരിക്കാന്‍ പറ്റുമോ? കാര്യങ്ങള്‍ കൈവിട്ടു പോയത് അറിഞ്ഞ ഉടനെ അങ്ങ് ഏ കേ ജീ സെന്ററിലെ വിഖ്യാത ശാസ്ത്രജ്ഞന്‍മാര്‍ ഗവേഷണത്തിലാണ്ടു. മൊത്തമായും ചില്ലറയായും അരിച്ചു പെറുക്കി, കോരിയെടുത്തു, മുക്രയിട്ടു. ഒടുക്കം ഗവേഷണത്തലവന്‍ ശ്രീമാന്‍ പിണറായി ഫലം പ്രഖ്യാപിച്ചു. "എന്‍ ഡീ എഫ് തീവ്രവാദ റിക്രൂട്മെന്റ് ഏജന്‍സിയാണ്". അരേ ഭഗവാന്‍, ക്യാ കമാല്‍ കാ കണ്ടുപിടുത്തം ഹൈ, ജീ!! നോബല്‍ സമ്മാനം സുനിശ്ചിതം!
ചാണ്ടി ചെന്നിത്തലാദികള്‍ അവരവരുടെ ബുദ്ധിക്കനുസരിച്ച് ഓരോന്ന് പറഞ്ഞു. അത് പിന്നെ, അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യ മന്ത്രിയെ തീരുമാനിക്കും വരെ നീയോ ഞാനോ എന്ന മട്ടില്‍ ഇങ്ങനെ വിവരക്കേട് പറഞ്ഞ്കൊണ്ടിരിക്കണമല്ലോ. അതു കഴിഞ്ഞാല്‍ കണാം പൂരം!!
ഭാ ജ പാ - ക്കാര്‍ ആവുമ്പോ വലിയ വര്‍ത്തമാനമേ പറയൂ. പറയുന്ന കാര്യം തെളിയിക്കാന്‍ യാതൊരു ബധ്യതയും നമുക്കില്ലാത്തത് കൊണ്ട് എന്തും പറയാം. പണ്ടൊരു സ്വാമിയെ പിടിച്ചപ്പോഴും ഇങ്ങനെ കുറെ പറഞ്ഞതാ, ഒരു മന്ത്രിയെ ആപ്പിലാക്കാന്‍ നമ്മടെ പോക്കറ്റില്‍ തെളിവുണ്ട്, ഇപ്പൊ പുറത്തെടുക്കും എന്നൊക്കെ. ഏന്നിട്ടെന്തായി? അതൊക്കെ അതിന്റെ വഴിയേ നടക്കും. ഇതൊക്കെ ഒരു നമ്പരല്ലേ?!!
ഏറ്റവും സന്തോഷം ലീഗുകര്‍ക്കാണ്. സ്വന്തം കാലിനടിയിലെ മണ്ണല്ലേ ഒലിച്ചു പോയിക്കൊണ്ടിരുന്നത്? ഒരു വിമാനത്താവളത്തിന്റെ മണ്ടയില്‍ പച്ചക്കൊടി കെട്ടുമ്പോലെ എളുപ്പമല്ല സ്വന്തം സമുദായത്തിലെ പിള്ളേരെ കൂടെ നിര്‍ത്തുക എന്നത്. ആലോചിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു വടി കൈയില്‍ കിട്ടിയത്. മര്യാദക്ക് എല്ലാരും കൂടെ നിന്നോ, അല്ലെല്‍ സിമി, എന്‍ ഡീ എഫ്...അഴിയെണ്ണിക്കും..പറഞ്ഞേക്കം.
ഇനിയിപ്പൊ ഏതായാലും സൌകര്യമായി പെണ്ണ് പിടിക്കാം, ജ്വല്ലറി ഉദ്ഘാടനത്തിന് പോവാം..ആഹാ, വൈദ്യര് വിധിച്ചതും.....!!! പക്ഷേ ഒറ്റ കാര്യമേ ഉള്ളൂ, പിടിച്ച തീവ്രവാദികളെല്ലാം മുസ്ളീങ്ങളാണെങ്കിലും സമുദായത്തെ ആരും കുറ്റം പറഞ്ഞുപോകരുത്...പറഞ്ഞാല്‍......., ഞങ്ങളൊന്നും ചെയ്യില്ല, ചുമ്മാ നാട്ടുകാരെ പറ്റിച്ച് ഇങ്ങനെ നടക്കും!!!!

ഈ പറഞ്ഞ എല്ലാ മഹാന്‍മാരും ആദ്യമായാണ് കേരളത്തില്‍ തീവ്രവാദത്തിന് വേരുകളുണ്ടെന്ന് അറിയുന്നത്! നിഷ്കളങ്കര്‍, അറിവില്ലാ പൈതങ്ങള്‍!! ഇത്രയും കാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടും ഇവര്‍ക്കാര്‍ക്കും ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല!
ഇവരൊക്കെ സ്വയം മന്ദബുദ്ധി ചമയുകയാണൊ അതോ
നാട്ടുകരെ മന്ദബുദ്ധികളാക്കുകയാണോ?

മലയാളികള്‍ക്ക് ബുദ്ധിക്കൊന്നും ഇപ്പോഴും വലിയ കുറവില്ല. പിന്നെ പ്രതികരണ ശേഷി - അതിന് അടുത്ത കാലത്തായി അല്‍പം ക്ഷയം സംഭവിച്ചിട്ടുണ്ട്. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അധികം വൈകാതെ അതും ഓ കെ ആകും. അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും എന്നാണല്ലോ.

അതുകൊണ്ട് കാക്കിയിട്ടവരും ഖദറിട്ടവരുമായ മഹാന്‍മാരേ, നിങ്ങള്‍ ജനങ്ങളെ ചൊറിഞ്ഞുകൊണ്ടേ ഇരിക്കുവിന്‍. നിങ്ങള്‍ക്കുള്ള ശമ്പളം ജനങ്ങള്‍ വൈകാതെ ക്രെഡിറ്റ് ചെയ്യും.

Thursday, October 16, 2008

ആത്മീയ ദര്‍ശനങ്ങളും വരങ്ങളുമുള്ള യുവതി

പണ്ട്, പ്രായം കൊണ്ട് വയോധികനും എന്നാല്‍ മനസ്സില്‍ നിത്യ യൌവനം കൊണ്ടുനടക്കുന്നവനുമായ ഒരു സിനിമാ നടന്‍ ഒരു യുവ നടിയെ പറ്റി പറഞ്ഞത് ഇങ്ങനെ: "മലയാളത്തിലെ വിവരവും വിദ്യാഭ്യാസവുമുള്ള ഏക നടി". നമ്മുടെ കലാലയങ്ങളില്‍ ഇത് പിന്നീടൊരു ശൈലിയായി മാറി.

ഇന്ന് വേറൊരാള്‍ ( നടിക്കുന്നത് സിനിമയിലല്ല! ) വേറൊരുത്തിയെപ്പറ്റി പറയുന്നതിങ്ങനെ: "ആത്മീയ ദര്‍ശനങ്ങളും വരങ്ങളുമുള്ള യുവതി"!!!!

കലാലയ വിദ്യാര്‍ത്ഥികള്‍ക്കു പ്രയോഗിക്കാന്‍ ഒരു ശൈലി കൂടി!

ഹെന്റമ്മോ... എനിക്ക് ചിരിക്കാന്‍ വയ്യേ!!!!!

യുവതി ദിവ്യ ശിശുവിനെ പ്രസവിക്കും എന്നു വരെ ടിയാന്‍ പറഞ്ഞുകളഞ്ഞത്രെ! (കൊച്ച് ദിവ്യനാണോ അല്ലയ്ശൊ എന്ന് തീരുമാനിക്കാനുള്ള അവകാശം ടിയാനില്‍ നിക്ഷിപ്തമാണല്ലൊ) തട്ടിപ്പുകള്‍ വെളിച്ചത്താക്കാന്‍ വേണമെങ്കില്‍ CBI യെ വരെ പുള്ളിക്കാരി വെല്ലും ( പയസ് ടെന്‍ത് കോണ്‍വെന്റിലേക്ക്‍ പുള്ളിക്കാരിയെ വിടല്ലേ ..pleeeeease).

ഈശ്വരാ എന്തൊക്കെ കാണണം :(
ഇവന്മാരെയൊക്കെ തട്ടിപ്പുകാര്‍ എന്നു വിളിച്ചാ തട്ടിപ്പുകാര്‍ കേസ് കൊടുക്കും.
ഒരു സിനിമയില്‍ സലീം കുമാര്‍ ചൊദിക്കുന്ന ചോദ്യമാണ് ഓര്‍മ വരുന്നത് "അല്ലാ..ഇതിപ്പൊ എനിക്കാണോ വട്ട്..അതോ നാട്ടുകാര്‍ക്കു മൊത്തത്തിലോ"

NB:-ഈയുള്ളവന്റെ പഴയ ഒരു പൊസ്ട് ഇതിനൊപ്പം ചേര്‍ത്തു വായിച്ചാല്‍, കൂടുതല്‍ "വട്ടുകള്‍" വെളിപ്പെടും :)
http://thekidshouts.blogspot.com/2008/10/blog-post.html

Monday, October 13, 2008

സെന്‍സെക്സും വിശ്വാസോം കാലും

ബുഷ് സായിപ്പിന്റെ നാട്ടില്‍ ദേശസാല്കരണോ? ന്റെ ദേവ്യേ, സുഗ്രിക്കങ്ങട്ട് വിശ്വസിക്കാനേ സാധിക്കണില്ല്യ!!! ലോകത്തുള്ള സകലമാന കമ്പോളങ്ങളുടെം മുന്നില്‍ ചെന്ന് നിന്ന്, പഴേ മലയാളം സിനിമേലെ വില്ലന്മാരെപ്പൊലെ, തുറക്കെടീ അഴിക്കെടീന്നൊക്കെ വിളിച്ചു കൂവി നടന്നപ്പൊ സ്വന്തം മുണ്ടഴിയാതെ നോക്കണംന്നുള്ള കാര്യം ഈ വിവരദോഷ്യോള് മറന്നൂന്നു തോന്നണു.

ഹൊ, നമ്മടെ നാട്ടില്‍ എന്താര്‍ന്നു പുകില്!! നാട്ട്കാര്ടെ കാശോണ്ട് ണ്ടാക്കിയ സര്‍വമാന സംഗത്യോളും നക്കാപ്പിച്ച വെലക്ക് കണ്ടോന്‌ വിറ്റു തൊലച്ചു. ന്നിട്ട്, ഭരണപരല്ലാത്ത എല്ലാ കാര്യങ്ങളില്‍ന്നും സര്‍കാര് വിട്ട് നിക്കണംന്നു വേദാന്തം പറഞ്ഞു. ഓഹരി വില്‍ക്കല്, മൊത്തമായി വില്‍ക്കല്...ശിവ ശിവ..ന്തായിരുന്നു കോലാഹലം!!
ന്നിട്ടിപ്പൊ ന്തായീ? ഇതൊക്കെ പറഞ്ഞു പഠിപ്പിച്ച സായിപ്പിന്റെ നാട്ടില് കണ്ടോന്മാര്‌ സര്‍വതും നശിപ്പിക്കുംന്നായപ്പൊ, സര്‍ക്കാരന്നെ അവറ്റോള്‍ടെ ഓഹരി വാങ്ങണു!!!
ഇവടത്തെ മന്ത്രി പുംഗവന്മാര് ഉളുപ്പില്ലാണ്ടെ വിളിച്ചു കൂവണു, ഇവടെ ആരും പേടിക്കണ്ടാ, പൊതുമേഖല ശക്താണൂന്ന്‍!!! പോരേ പൂരം!!! പണ്ട്, ആണിനും പെണ്ണിനും പോന്നൊരുത്തി, ഇക്കാണായ ബാങ്ക്കളൊക്കെ സര്‍ക്കാരിന്റെതാക്കി വെച്ചതോണ്ട് ഇപ്പൊ കഞ്ഞി കുടിച്ച് കെടക്കണു. ഇല്ലേല്‍ കാണായിരുന്നു.....

കച്ചോടക്കാര് കച്ചോടം നടത്ത്ണത് കാശ്ണ്ടാക്കാനാണ്‌, നാട്ടാരെ നന്നാക്കാനല്ലാന്ന്‍ ഏത് സുഗ്രിക്കും അറിയണ കാര്യാണ്‌. നാടിന്റെ കാര്യം നോക്കണത് സര്‍ക്കാരിന്റെ പണിയാണ്‌. അതിന്‌ വേണ്ടീട്ടാണ്‌ "ക്ഷേമ രാഷ്ട്രം" ന്നുള്ള ഒരു ചിന്താഗതി തന്നെ ണ്ടാക്കീട്ടുള്ളത്. ക്ഷേമംന്ന് പറഞ്ഞാ എല്ലാര്ടേം ക്ഷേമം...സുഗ്രീടേം കോരന്റേം ഗിരീശന്റേം എല്ലാം...അല്ലാതെ അമ്പാനിമാര്ടേം ബച്ചന്മാര്ടേം മാത്രല്ല..
ഇതൊന്നും പക്ഷേ നമ്മടെ സാമ്പത്തിക വിദഗ്ധന്മാര്ക്ക് മാത്രം അറീല്ല്യാര്‍ന്നു...അവര്ടെ തലേല് നെറയെ വല്ല്യ വല്ല്യ കാര്യങ്ങളല്ലേ..ഗുല്‍ഗുലാബി, ജുജൂബി, മ്പോജോ..തുടങ്ങിയ ഭയങ്കര കാര്യങ്ങള്. അതോണ്ട് ചെറിയ കാര്യങ്ങളൊന്നും അവറ്റോള്‍ ആലോചിച്ചില്ല!!!
എന്തൊരു മഹാന്മാര്‍!

പക്ഷേ കാര്യങ്ങള്‍ ഇങ്ങന്യൊക്കെ ആണേലും സുഗ്രിക്ക് പ്രതീക്ഷേണ്ട്. ന്താന്നല്ലേ? അതൊക്കേണ്ട് :)
ഒരു ചെക്കന്റെ രണ്ട് കാലും 90 ഡിഗ്രി വീതം തിരിച്ചു വെക്കാമെങ്കി സെന്‍സെക്സിന്റെ ചെറിയോരു മൊന 180 ഡിഗ്രി മേലോട്ടു തിരിച്ചു വെക്കാനാണോ പാട്?! ആ..അപ്പൊ അതന്നെ..പ്രാര്‍ത്ഥിക്ക്യാ...മുട്ടിപ്പായി പ്രാര്‍ത്ഥിക്ക്യാ...
കാലു തിരിഞ്ഞൂന്നുള്ളത് അദ്ഭുത പ്രവര്‍ത്യാ അല്ലാതെ തട്ടിപ്പൊന്നും അല്ലാന്ന് സുഗ്രിക്കു നൂറ് ശതമാനം ഒറപ്പാ. അതോണ്ടല്ലെ നമ്മടെ നാട്ടിലെ ചാനല്വോളായ ചാനല്വോളെല്ലാം ഇതു കൊട്ടി ഘോഷിച്ച് നടക്കണത്. വിശ്വാസ്യോള്‍ക്ക് ഒരു നിമിഷം പൊലും നഷ്ടപ്പെടാതിരിക്കാന്‍ ലൈവായിട്ടായിരുന്നു പ്രദര്‍ശനം!! ഒരു മിനുട്ടെങ്ങാനും കാണാതെ പോയാ അതിന്റെ പുണ്യം നഷ്ടപ്പെട്ടാലോ. എന്തൊരു ശുഷ്കാന്തി..

പിന്നെ, ഇന്ത്യേലെ വിശ്വാസ വിപണീടെ മൂല്യം എത്രേണ്ടെന്ന് കൃത്യമായി തിട്ടപ്പെടുത്തീട്ടൊന്ന്വല്ലാ ഈ വാഴ്ത്തല്വോളും വാഴ്ത്തപ്പെടല്വോളുമൊക്ക് നടക്കണേന്ന് സുഗ്രിക്ക് അസ്സലായിട്ടറിയാം. എല്ലാം അവിടുത്തേക്ക് വേണ്ടി....അത്രേ ഉള്ളൂ..
ഇനീപ്പൊ ഈ വിപണി ഒന്ന് തൊറന്നെടുക്കാംന്ന് വെച്ചാലോ, മറ്റൊര് കെടന്ന് ബഹളോണ്ടാക്കണുന്നേ. ഇന്ത്യേലെ മൊത്തം വിശ്വാസ വിപണീന്റേം നിധി കാക്കും ഭൂതങ്ങളായ ചെല ദള്ളുകാരും പരിഷത്തുകാര്വൊക്കെ ണ്ടല്ലോ, അവറ്റോള്. എന്തൊരു തോന്ന്യാസങ്ങളാ അവറ്റോള് കാണിക്കണെ? നിരോധിക്കണം, എല്ലാറ്റിനേം നിരോധിക്കണം..പണ്ട് സ്വന്തം കൂട്ടത്തിലെ അരു കുഞ്ഞാടിനെ സ്വന്തം കൂട്ടത്തില്‍ തന്നേള്ള വേറെ ചെല കുഞ്ഞാട്വോള് അശുദ്ധാക്കി കെണറ്റിലെറിഞ്ഞ് കൊന്നപ്പൊ അതിന്റെ പൊല്ലാപ്പൊന്ന് ഒതുക്കിക്കിട്ടാന്‍ പ്രയോഗിച്ച സമ്മര്‍ദ്ദത്തിന്റെ പത്തിലൊന്നു പ്രയോഗിച്ചാ മതി, ഇവറ്റോളെയൊക്കെ പുഷ്പം പോലെ നിരോധിച്ചെടുക്കാം.

അതോണ്ട് സുഗ്രിക്ക് ഒരു കാര്യം ഒറപ്പാ...ഇവരു വിചാരിച്ചാ എന്തേലും നടക്കും. സെന്‍സെക്സ് മോളിലോട്ട് കേറും. നോക്കിക്കോ..