Sunday, August 10, 2008

എടോം വലോം തിരിയാതെ പാവം സുഗ്രി

സുഗ്രി ഒരു നാട്ടുമ്പുറത്താ വളര്‍ന്നെ. കുട്ടിക്കാലത്ത് സുഗ്രിടെ നാട്ടില്‍ രണ്ട് പാര്‍ട്ടിക്കാരേ ണ്ടാര്‍ന്നുള്ളൂ. വീട്ടില്‍ന്നു കുറേ പടിഞാട്ട്‌, കടപ്പൊറത്ത് പോയാ മൂന്നാമതൊരു തരം പാര്‍ടിക്കാരേം കാണാര്‍ന്നു.
ഈ മൂന്നു കൂട്ടരെം കണ്ടാ എളുപ്പം തിരിച്ചറിയാര്‍ന്നു.

കടപ്പൊറത്തുള്ള കൂട്ടര്‍ക്ക്‌ തലക്കകത്ത്‌ തലച്ചോറിനു പകരം മസിലാ ണ്ടായിരുന്നെ. ബുദ്ധീന്നു പറെണ സാധനം ഒരു അത്യാവശ്യാന്നുള്ള അന്ധവിശ്വാസൊന്നും ഇവര്‍ക്കില്ല്യാര്‍ന്നു. ഒരു വടി നല്ല സ്പീഡില്‍ കറക്കാന്‍ കഴിയണം. ദെവസോം വൈകുമ്പൊ, അടുത്തുള്ള ഒരു അമ്പലത്തിന്റെ മൈതാനീല്‍ ഒത്തുകൂടി, ഒരു പ്രത്യേക ആക്രുതീല്‍ തുന്നിച്ച ട്രൗസറും ഇട്ടു, ചെറിയ കുട്ട്യോളെ അടി തട പഠിപ്പിക്കണം. ഇതൊക്കെയാര്‍ന്നു അവര്ടെ രാഷ്ട്രീയം. ഇങ്ങന്യൊക്കെ സ്ഥിരായി ചെയ്താ ഒരു സുപ്രഭാതത്തില്‍‍ ആര്‍ഷ ഭാരതം പൊങ്ങി വരുംന്നുള്ള കര്യത്തില്‍ അവര്‍ക്കു യാതൊരു സംശ്യൊം ഇല്യാര്‍‍ന്നു. . മസിലിന്റെ വലിപ്പാര്‍ന്നു അടിസ്ഥാന യോഗ്യത.
എന്നാലും സുഗ്രിക്കു ഇവരെ ഇഷ്ടാര്‍ന്നു. കാരണം ഇക്കൂട്ടര്‍ സനേഹിച്ചാ ചങ്കു പാറിച്ചുതര്വാര്‍ന്നു. വല വലിക്കുമ്പൊ മുട്ടന്‍ തെറിയോളു വിളിച്ചു പറയുംച്ചാലും മൈതാനീല്‍ എത്യാ ഭയങ്കര ഡീസെന്റാര്‍ന്നു.

രണ്ടാമത്തെ കൂട്ടര്‍ ഒറ്റ നൊട്ടത്തിലേ കള്ളന്മാരെ പൊലെ ണ്ടാര്‍ന്നു. തൂവെള്ള മുണ്ടും ഷര്‍ടും വേഷം. ടിക് 20 യെക്കാള്‍ വെഷോള്ള ചിരി. "ഇപ്പ കണ്ടോനെ അപ്പാ" യില്‍ ബിരുദാനന്തര ബിരുദമാര്‍ന്നു അടിസ്ഥാന യോഗ്യത. വല്ലോം നക്കാനോ കൈയിട്ടു വാരാനോ ഓസില്‍ ആളാവാനൊ തരോള്ള സ്ഥ്ലങ്ങളില്‍ മാത്രേ ഇക്കൂട്ടരുണ്ടാവൂ. ഇക്കൂട്ടത്തിലെ ചില പ്രമാണ്യോള്‍ ഇടക്കിടക്ക് നാട്ടിലെ ചില കണ്ണായ സ്ഥലങ്ങള് വാങ്ങിക്കൂട്ടും... അങ്ങനെ ആകെ മൊത്തം നിക്കാന്‍ പഠിച്ച കള്ളന്മാര്.

മൂന്നാമത്തെ കൂട്ടര്‍ ഇതിനെക്കാളൊക്കെ ശ്ശി കൂടിയ ഇനാര്‍ന്നു. അവറ്റോള്‍ടെ കൂട്ടത്തില്‍ രണ്ടു മൂന്നു വിഭാഗം ണ്ടാര്‍ന്നു. അത്യാവശ്യം എഴ്ത്തും വായനേം അറിയണ, നല്ല വീട്ടില്‍ പെറന്ന കുട്ട്യോളാണ് ആദ്യത്തെ വിഭാഗം. പ്രസങ്ങൊം മുദ്രാവക്യോം എഴ്തല്, പാര്‍ട്ടി ക്ലാസ്സുകളില്‍ വല്യ വല്യ കര്യങ്ങള് ചര്‍ച്ച ചെയ്യല്.. ഇതൊക്കെയാര്‍ന്നു ഇവരുടെ മുഖ്യ ധര്‍മം.

വല്യ പഠിപ്പൊന്നും ഇല്യാത്ത, പണിയെടുത്തു ജീവിക്കണ കുട്ട്യോളാര്‍ന്നു രണ്ടാമതെ വിഭാഗം. ചുവരെഴുതല്, പോസ്റ്റരൊട്ടിക്കല് പ്രകടനം നടത്തല് തൊടങ്ങീതാണ് ഇവരുടെ പണി. നാട്ടില്‍ വല്ല കല്യാണോം ണ്ടാവുമ്പൊ പന്തലിടാനും സദ്യ വെളമ്പാനും ഒക്കെ ഇവര് മുന്‍പന്തീല്‍ ണ്ടാവും. ഇനി മരണമാണെല്‍, ബന്ധു വീട്വോളില്‍ അറിയിക്കാന്‍ സൈക്കളും എട്ത്ത് ഓടണതും ചിതക്ക് മണ്ണ് കുഴക്കണതും ഒക്കെ ഇവരന്ന്യാര്‍ന്നു.

ശ്ശി തല നരച്ച, താടി വച്ച, എപ്പഴും ചിന്തിക്കണൂന്നു നടിക്കണ ഒരൂട്ടരാര്‍ന്നു ഈ പാര്‍ട്ടീലെ മൂന്നാമത്തെ വിഭാഗം. ഇവരു പിടിക്കണ മുയലിന് എപ്പഴും രണ്ടോ മൂന്നോ കൊമ്പുണ്ടാര്‍ന്നു. ഇവരൊഴികെ ഈ ഭൂമിമലയാളത്തിലെ ബാക്കിയെല്ലാരും ഒന്നുകില്‍ ഇവരുടെ ശിഷ്യരോ അല്ലേല്‍ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ പ്രതിലോമ ശക്ത്യോളായ CIA ഏജന്റുമാരോ ആര്‍ന്നു.
നാട്ടില്‍ ആരെലും പത്തു പേര്‍ക്കു ജോലി കിട്ടണ വല്ലൊം തൊടങ്ങിയാ അവരും CIA ഏജന്റുമാരുടെ കൂട്ടത്തില്‍ പെടും. പിന്നെ സമരായി അടീം പിടീമായി..അവസാനം അതൊന്നു പൂട്ടിച്ച്‌ മൊതലാളീനെ നാട്‌ കടത്ത്യാലേ ഇവറ്റൊള്‍ക്ക് പീന്നെ ഒറങ്ങാന്‍ പറ്റൂ.

ഇതൊക്കെ ഒരുപാട് കാലം മുന്‍പില്‍ത്തെ കഥയാ. ഒരു പത്തിരുപതു കൊല്ലം മുന്‍പ്....
എന്തിനാപ്പൊ സുഗ്രി ഇതൊക്കെ ഇപ്പളിരുന്ന് ആലോചിക്കണേന്നറിയൊ?...
സുഗ്രിക്ക് ഈയിടെയായി വല്ലാത്തൊരു അസ്കിത. എടതേതാ വലതേതാന്നൊന്നും അങ്ങട് നിശ്ച്യം വരണില്യ...ആകെ കൊഴഞ്ഞു മറിഞ്ഞ് കെടക്കണ പോലെ.

പണ്ടൊക്കെ രാഷ്ട്റീയക്കാരുടെ പരിപാടി സ്വപ്നങ്ങള് വില്‍ക്കലാര്‍ന്നു. വടി തിരിക്കണോര്‍ക്കു ആര്‍ഷ ഭാരതം, ചെങ്കൊടിക്കാര്‍ക്ക് പൊട്ടി വിരിയാന്‍ പോണ ചോന്ന പ്രഭാതം..അങ്ങനെ ഒരൂട്ടം സ്വപ്നങ്ങള്‍. സുഗ്രീം കോരനും ഗിരീശനുമൊക്കെ ഇവറ്റോള്‍ എറിഞ്ഞ് തന്ന സ്വപ്നങ്ങള്‍ പെറ്ക്കി പുസ്തോത്തിനുള്ളില്‍ വെച്ച് നടന്നു. ഒക്കെ പെറ്റ് കൂട്ടുമ്പൊ സുഭിക്ഷായിട്ട്‌ കഴിയാംന്നുള്ള പ്രതീക്ഷേല്‍.

പക്ഷേ ഇപ്പൊ എത്ര പരതീട്ടും കാണാന്‍ ഒരു സ്വപ്നം പോലും കിട്ടണില്യ. സുഗ്രീം കോരനും ഗിരീശനുമൊന്നും ഒരുത്തന്റെം അജന്‍ഡെല്‍ എവിടേം ഇല്ലാത്തപോലെ. ചെലപ്പൊ ഇതൊക്കെ സുഗ്രിക്കു തോന്നണതാവും ല്ലേ?

പണ്ട് ഓരൊ പാര്‍ട്ടിക്കാരനേം കണ്ടാ തിരിച്ചറിയായിരുന്നേ, ഇപ്പൊ എല്ലാര്‍ക്കും ഒരേ മുഖം. നേരത്തേ പറഞ്ഞ രണ്ടാമത്തെ കൂട്ടരില്ലേ..കള്ളന്മാര്‍...അവറ്റോളെപ്പോലെ. ഒരേ പോലത്തെ വെഷച്ചിരി. ഒരേപോലെ ചീര്‍ത്ത, വ്റുത്തികെട്ട രൂപം. തൊഴിലാളി സഖാവിന്റെ എളീല്‍ ആറു തിര പൊട്ടണ തോക്ക്‌..വിമാനത്തില്‍ കേറുമ്പൊ പോലും അത് മാറ്റിവെക്കാന്‍ അയാള്‍ക്ക്‌ ധൈര്യല്യ..(ശിവ ശിവ...നാട്ടാരെ ഇത്രക്ക് പേട്യോ!?)

രാമക്ഷേത്രോന്നും പറഞ്ഞ്‌ ഒരുപാട്‌ കുട്ട്യോളെ കൊലക്ക്‌ കൊടുത്ത കൂട്ടര്‍ക്കാണേല്‍ ഇപ്പൊ രാമനും വേണ്ട കൂമനും വേണ്ട. ഏതേലും അംബാനീടെയൊ ഗോയങ്കേടെയോ കോണോത്തില്‍ കേറിയിരുന്നാ മതി...ക്ഷേത്രംന്ന്‌ ആരേലും മിണ്ടിയാ ബാ..ജബ..ജബാന്നു പറേം. നെറ്റീല്‍ ചോന്ന പൊട്ട്‌ പോലും കാണാനില്യ.

പഞ്ച നക്ഷത്രോം ജല കേളിക്കു പാര്‍ക്കും തൊടങ്ങണതാ സര്‍വ്വരാജ്യത്തൊഴിലാളിയോള്‍ക്ക് ആരോഗ്യത്തിന്‌ ഉത്തമംന്ന് വേറൊരൂട്ടര്‍. അവിടെയാവുമ്പൊ പീഢനം നടത്തിയാലും പോലീസ് കേറില്ലല്ലോ!
സെസ് അല്ലാതെ ഇനി നമുക്ക് വേറെ വഴിയൊന്നും ഇല്യാത്രെ. There Is People's Alternative (TIPA) ന്ന മുദ്രാവാക്യം കേട്ടാ സഖാവിന്‌ പെരുവിരല് മൊതല്‍ ഒരു പെരുപ്പാ. ഒക്കെ വായാടിത്തോല്ലേ..കമ്യൂണിസ്റ്റുകാരന്‌ ആ മാതിരി ആവേശം തീരെ പാടില്യാത്രെ. പണ്ട് പുലികളായി നടന്ന പലരും അന്ന് പറഞ്ഞത് വിഴുങ്ങാനുള്ള പരിശീലനത്തിലാ. മുത്വോത്തുള്ള സാധനത്തിന്റെ വെലയറിയാത്ത ഗര്‍ദഭങ്ങളെപ്പോലെ കൊറേ മന്ത്രിപുംഗവന്മാരും.

പണ്ടേ കള്ളന്മാരയിരുന്ന കൂട്ടരാണേല്‍ ഇപ്പൊ കട്ട്‌ കട്ട്‌ രാജ്യത്തെ മൊത്തായിട്ടു ബുഷ് സായിപ്പിനു ആക്രി വെലക്ക് തൂക്കിവില്‍ക്കാനാ പരിപാടി. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ഒറപ്പിക്കാന്‍ വേണ്ടി മാത്രാണത്രെ ഇവറ്റോള്‌ പെടാപാട് പെടണത്‌. അല്ലാതെ ഒന്നും നക്കാന്‍ കിട്ടീട്ടൊന്ന്വല്ല.

ചെലപ്പൊ ഇതൊക്കെ സുഗ്രിക്കു തോന്നണതാവും ല്ലേ? ന്നാലും, അല്ല കൂട്ടരേ, ആരേലും ഈ പാവം സുഗ്രിക്ക്‌ ഒന്നു പറഞ്ഞ് തര്വൊ, ഇവരില്‍ ആരാ എടത്തോട്ട്, ആരാ വലത്തൊട്ട്? സുഗ്രിക്കും കോരനും ഗിരീശന്വൊക്കെ ഇനി ഏതാ വഴി?
നമ്മളിതെങ്ങടാ?