Saturday, November 29, 2008

ശവംതീനികളാല്‍ ഭരിക്കപ്പെടുന്ന ഒരു പൌരന് ചോദിക്കാനുള്ളത്..

രാജ്യത്ത് എന്തു സംഭവിച്ചാലും അയല്‍ രാജ്യത്തിലേക്ക് വിരല്‍ ചൂണ്ടി കുറേ കുരച്ചാല്‍ എല്ലാം ആയി എന്ന് നമ്മെ ഭരിക്കുന്നവര്‍ കരുതുന്നത് എന്ത്കൊണ്ട്?
നാടിനെ രക്ഷിക്കാന്‍ കുറേ ചെറുപ്പക്കാര്‍ ജീവന്‍ പണയം വച്ച് പോരാടുമ്പോള്‍ എവിടെയായിരുന്നു ഈ നാണം കെട്ട വര്‍ഗം?
എത്ര തവണ നാം ഇതനുഭവിച്ചു? ഇനിയെത്ര അനുഭവിച്ചാലാണ് നാം പാഠം പഠിക്കുക? അതിനെത്ര ശവപ്പെട്ടികള്‍ ഇനിയും നിരക്കണം?

നമ്മുടെ പോലീസ്, ഇന്റലിജെന്‍സ് സംവിധാനം എന്ത് ചെയ്യുകയാണ്?
ഏന്തുകൊണ്ടാണ് ഒരുപറ്റം ക്രിമിനലുകല്‍ക്ക് രാജ്യത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്താനായത്? തിരിച്ചറിയല്‍ കാര്‍ഡുകളും കുടുംബ വീടിന്റെ അഡ്രസ്സുമായാണ് ക്രിമിനലുകള്‍ അക്രമത്തിനെത്തിയത് എന്നാണോ ഇവര്‍ നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്?
ഇന്ത്യയെ ഔപചാരികമായി ഭീകര വിരുദ്ധ യുദ്ധത്തിലേക്ക് ആനയിക്കുവാനാണോ ഈ കോലാഹലം?

നപുംസക തുല്യനായ ഒരു പ്രധാന മന്ത്രി. സുന്ദര വിഡ്ഡിയായ ഒരു ആഭ്യന്തര മന്ത്രി. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങുന്ന, ലോകൈക കോമാളിയായ ഒരു പ്രതിപക്ഷ നേതാവ്.
ഈ ശവംതീനികളെ നാം എന്നാണ് തിരിച്ചറിയുക?
നൂറ്കോടി ജനതയ്ക്ക് ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയില്ലെന്നാണോ?

Sunday, November 23, 2008

ഒരു ബന്ദെങ്കിലും നടത്തൂ, പ്ളീസ്.........

സര്‍വ ഭാരത രാഷ്ട്രീയത്തൊഴിലാളികളേ,
ഞങ്ങള്‍ക്കെ മാപ്പ് തരൂ. നിങ്ങളെ ഞങ്ങള്‍ പലപ്പോഴായി ഒരുപാട് പഴിച്ചിട്ടുണ്ട്, ശപിച്ചിട്ടുണ്ട്. എല്ലാം തിരിച്ചെടുക്കുന്നു. മന്നിച്ചിടുങ്കോ....
ഇപ്പോള്‍, ദയവായി ഞങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്യണം - ഒരു പ്രക്ഷോഭം നടത്തിത്തരണം...പ്ളീസ്..
വഴിയെ പോവുന്നവനെ കാള കുത്തിയാല്‍ ഭാരത ബന്ദ് നടത്തുന്നവരല്ലേ നിങ്ങള്‍? നിങ്ങള്‍ക്ക് അതിന് കഴിയും - നിങ്ങള്‍ക്കേ കഴിയൂ.

അടിയങ്ങളുടെ ജീവിതം മഹാ കഷ്ടത്തിലാണ്. വിശപ്പ് തീരെ ഇച്ചിരി ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി. പച്ചക്കറി കണ്ട കാലം മറന്നു. മീനും ഇറച്ചിയും കണ്ടാല്‍ എങ്ങനെയിരിക്കും എന്നു പോലും ഓര്‍മയില്ല.
വേണ്ടാഞ്ഞിട്ടല്ല - ഇതിന്റെയൊക്കെ വില കേള്‍ക്കുമ്പോഴേ അടിയങ്ങള്‍ക്ക് ബോധം മറയുന്നു. ദിവാകരന്‍ മന്ത്രിയുടെ കോഴി, പാല്‍, മുട്ട ഇവയൊക്കെയാണെങ്കില്‍ നിങ്ങളെപ്പൊലെയുള്ള രാഷ്ട്രീയക്കാര്‍, ക്വൊട്ടേഷന്‍ ബിസിനസ്സ്കാര്‍, ഗുണ്ടകള്‍, ടാറ്റ-ബിര്‍ലമാര്‍ തുടങ്ങിയവര്‍ക്കേ ഇപ്പൊള്‍ പ്രാപ്യമാവൂ.
അധികം വൈകാതെ ഞങ്ങള്‍ പട്ടിണി കിടന്ന് ചാകും.

എണ്ണക്ക് അന്താരാഷ്ട്ര ചന്തയില്‍ പത്തുനൂറ്റിനാല്‍പത് അമേരിക്കന്‍ ഉറുപ്പിക ഉണ്ടായിരുന്ന കാലത്താണ് ഇവിടെ ഇന്ധന വില കൂട്ടിയത്. അത് കുറഞ്ഞ് അറുപതില്‍ താഴെ വന്നാല്‍ ഇവിടെയും വില കുറയ്ക്കാമെന്ന് നമ്മുടെ പ്രധാന സചിവന്‍ വാക്ക് പറഞ്ഞിരുന്നതാണ്. "ഒരു വാക്ക്, ഒരു തന്ത" എന്ന തത്വത്തില്‍ വിശ്വാസമില്ലാഞ്ഞിട്ടാണൊ അതോ ഇതിലേതിന്റെയോ എണ്ണത്തില്‍ അങ്ങേര്‍ക്ക് അത്ര തിട്ടം പോരാഞ്ഞിട്ടാണോ എന്നറിയില്ല, ഈയിടെയായി ആ മാന്യ ദേഹത്തിന് "അമളീഷ്യം" പിടിപെട്ടിരിക്കുന്നു. മന്‍മോഹന്റെ വാക്കും പഴയ ചാക്കും എന്ന മട്ടായിരിക്കുന്നു.
വെള്ളക്കരം കരണ്ട് കരം തുടങ്ങിയ കരങ്ങളൊക്കെ തനി ബൂര്‍ഷ്വാ സങ്കല്‍പങ്ങളാകയല്‍ അവയൊക്കെ മാര്‍ക്സിയന്‍ രീതിയില്‍ ഭീമമായിത്തന്നെ കൂട്ടീ ഇവിടിത്തെ ലോക്കല്‍ മാര്‍ക്സുമാര്‍.

കൊള്ളുന്നവനോ ഉളുപ്പില്ല, എങ്കില്‍ തല്ലുന്നവനെങ്കിലും വേണ്ടേ?

അതുകൊണ്ട് പ്രിയ രാഷ്ട്രീക്കാരേ, ഞങ്ങളുടെയൊക്കെ ജീവനും സ്വത്തിനും അധിപരായ പൊന്നു തമ്പുരാന്‍മാരേ, ദയവായി ഞങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പ്രവര്‍ത്തിയെങ്കിലും നിങ്ങള്‍ ചെയ്യുക.
ഒന്നുമല്ലെങ്കിലും അഞ്ചു വര്‍ഷം കൂടുമ്പോള്‍ ആടുമാടുകളെപ്പോലെ പോളിങ്ങ് ബൂത്തുകളില്‍ വന്ന് നിങ്ങള്‍ക്ക് വോട്ട് ചെയ്യുന്നവരല്ലേ ഞങ്ങള്‍? നിങ്ങള്‍ക്ക് കക്കാനും പെണ്ണ് പിടിക്കാനും വിദേശ യാത്ര നടത്താനുമൊക്കെ നികുതിപ്പണം തരുന്നവരല്ലേ ഞങ്ങള്‍?

അതുകൊണ്ട് പ്ളീസ്, ഒരു ഭാരത ബന്ദെങ്കിലും നടത്തൂ...നിങ്ങല്‍ക്ക് നൂറ് പുണ്യം കിട്ടും.

എന്ന്,
വിശന്ന് ചാവാറായ ഇവിടുത്തെ പൌരന്‍മാര്‍

Thursday, November 20, 2008

വ്യഭിചാര ശുശ്രൂഷ കൈക്കൊള്ളേണമേ..

കുഞ്ഞാടിന്റെ കുറ്റം അതീവ ഗുരുതരവും ഹീനവുമായിരുന്നു - വിശുദ്ധരുടെ വ്യഭിചാര ശുശ്രൂഷയില്‍ പങ്കെടുത്തില്ല, ധൂപ പാത്രവുമായി കൂടെ നടന്നില്ല. വിശ്വാസ ഗോപുരങ്ങള്‍ പാടെ തകര്‍ത്തു തരിപ്പണമാക്കാന്‍ പോന്ന കുറ്റം.
കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിച്ചേ തീരൂ. SPC (സഭാ പീനല്‍ കോഡ്) അനുശാസിക്കുന്ന ശിക്ഷ ഉടനെ നടപ്പിലാക്കി. ശിരോവസ്ത്രത്താല്‍ സുരക്ഷിതമാക്കപ്പെട്ട കുഞ്ഞാടിന്റെ തലക്ക് കിട്ടിയ വടികൊണ്ടൊന്നു കൊടുത്തു. പിന്നെയും കൊടുത്തു ഒരു നാലഞ്ചെണ്ണം. എന്നിട്ടരിശം തീരാതെ കുഞ്ഞാടിന്റെ മേലെയും നടത്തീ ഒരു ശുശ്രൂഷ. സഹ വിശുദ്ധന്‍മാരും വിശുദ്ധകളും ചുറ്റുമിരുന്ന് ഓശാന പാടി. നീലച്ചിത്രങ്ങളിലെ സഹായികളെ പോലെ പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്തു തന്നു. ശുശ്രൂഷ ദൈവം രണ്ട് കൈയും നീട്ടി സ്വീകരിച്ചു എന്നുറപ്പയപ്പോള്‍ കുഞ്ഞാടിനേയും ദൈവത്തിങ്കലേക്ക് പറഞ്ഞയച്ചു.

അതിനിടയില്‍ ഒരു വിശുദ്ധക്ക് സംശയം - "അപ്പോള്‍ നിയമം? പോലീസ്?"

പോ പുല്ല്. മുപ്പത് വെള്ളിക്കാശെന്നല്ല മൂന്ന് ചില്ലിക്കാശിന് പോലും സ്വന്തം അമ്മ പെങ്ങമ്മാരെ ഇറച്ചി വിലയ്ക്ക് വില്കാന്‍ തയ്യാറുള്ള ജന പ്രതിനിഥികളുണ്ട്. അവരുടെ വോട്ട് ബാങ്കിന്റെ താക്കോല്‍ കീശയിലുണ്ട്. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും സമ്രുദ്ധമായി കിട്ടുന്ന പണം മടിശ്ശീലയിലുണ്ട്. പോരാത്തതിന് ദൈവം, മതം, വിശ്വാസം എന്നു വേണ്ട സ്വന്തം നിഴലിനെ പോലും അശ്ലീലങ്ങള്‍ക്ക് മറയായി ഉപയോഗിക്കാന്‍ പോന്ന ബുദ്ധിയും ഉണ്ട്. ഇതൊക്കെ ഉള്ളപ്പോള്‍ എനിക്കും മീതെ ഏത് നിയമം? ഞാന്‍ തന്നെ നിയമം. ഞാന്‍ തന്നെ സ്റ്റേറ്റ്....

നിയമ പാലക സംഘത്തെ ചൊല്‍പടിക്ക് നിര്‍ത്തുക വളരെ എളുപ്പമായിരുന്നു - എന്തെങ്കിലും എച്ചില്‍ക്കഷണം എറിഞ്ഞു കൊടുത്താല്‍ അവര്‍ നായ്ക്കളെപ്പോലെ പോലെ അതും ചവച്ച് ഇരുന്നോളും. എല്ലാ തെളിവുകളും അവര്‍ തന്നെ അതി വിദഗ്ധമായി ഇല്ലായ്മ ചെയ്തു. വോട്ടെന്ന പച്ചില കാണിച്ചപ്പോള്‍ ഖദര്‍ ധാരികള്‍ ആടുകളെപ്പോലെ പിറകെ വന്നു. ഇന്ദ്രപ്രസ്ഥ്ത്തിലേക്ക് ചില ഖദര്‍ ധാരികളെ പറഞ്ഞയച്ച് അവിടുത്തെ അധികാര കേന്ദ്രങ്ങളുടെ കൈ കുഴമ്പിട്ടു തിരുമ്മി. അങ്ങനെ നീണ്ട 16 വര്‍ഷം നാടിനെയും നിയമത്തെയും ദൈവത്തേയും വെല്ലുവിളിച്ച് നാടകമാടി.... ഇനി ഇതൊന്ന് അവസാനിപ്പിക്കണം. ചില സഭാ വിരുദ്ധരും കോടതിയും വിടാതെ പിന്‍തുടരുകയാണ്. അതുകൊണ്ട് നാടകത്തിന്റെ അന്ത്യ രംഗം അവതരിപ്പിക്കാന്‍ സമയമായി.

ലോകത്ത് ഏതെങ്കിലും കോടതിക്ക് സ്വീകാര്യമായ തെളിവിന്റെ ഒരു തരിമ്പെങ്കിലും ബാക്കിയില്ലെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. ആയതിനാല്‍ ഇനി അറസ്റ്റാവാം, കോടതിയാവാം - ഒരു സുപ്രഭാതത്തില്‍ തെളിവുകള്‍ ലഭിച്ചു എന്ന് വെറുതെ പറഞ്ഞാല്‍ മതിയല്ലോ. സുപ്രിം കോടതി വരെയുള്ള നീതിയുടെ വഴിയില്‍ എവിടെയെങ്കിലും വച്ച് ഉടഞ്ഞോളും ഈ കേസ്. മധ്യമങ്ങള്‍ രണ്ട് ദിവസം ആഘോഷിക്കുമായിരിക്കും. അത് കഴിഞ്ഞാല്‍ എല്ലാം തീരും. പിന്നെ വീണ്ടും പതിവ് ശുശ്രൂഷകള്‍ ആവാം.

എന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഞാന്‍ തന്നെ നിയമം, ഞാന്‍ തന്നെ സ്റ്റേറ്റ്. ഞാന്‍ ദൈവത്തിനും മീതെയാണ്.

വാല്‍ക്കഷണം: ഖദര്‍ ധാരികള്‍ തല്‍കാലം പ്ലേറ്റ് മാറ്റിയിരിക്കുന്നു. "കുറ്റവാളികളെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം" എന്നൊക്കെ പറയുന്നു. അപ്പോള്‍ ജനം കൂട്ടിച്ചേര്‍ക്കുന്നു .."അതെ, അതേത് മാണിയായാലും"

ആമേന്‍

Monday, November 10, 2008

എങ്കിലും, കലാമേ...:(

ബഹുമാന്യനായ മുന്‍ രാഷ്ട്രപതി ശ്രീ അബ്ദുള്‍ കലാം അവര്‍കള്‍ക്ക്,

പണ്ടൊരിക്കല്‍ ഒരു അമേരിക്കന്‍ സായിപ്പിനോട് "Our president is a rocket scientist, how about yours?" എന്ന് അഭിമാനത്തോടെ ചോദിച്ചതും അത് കേട്ട് സായിപ്പിന്റെ മുഖം ചമ്മി മഞ്ഞിച്ചു പോയതും ഉള്‍പ്പുളകത്തോടെ ഓര്‍ക്കുന്ന ഒരു ഭാരതീയനാണ് ഞാന്‍.

ഒരു വിഖ്യാത ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ താങ്കളോട് ഈയുള്ളവന് അതിയായ മതിപ്പും ബഹുമാനവുമാണ് ഉള്ളത്. താങ്കള്‍ ഇനിയൊരു തവണ കൂടി ഇന്ത്യയുടെ രാഷ്ട്രപതി പദം അലങ്കരിക്കണമെന്ന് ഈയുള്ളവന്‍ അതിയായി ആഗ്രഹിച്ചിരുന്നു.

എങ്കിലും എന്റെ കലാം സാറേ, ഇതിച്ചിരി കടുപ്പമായിപ്പോയി...

പണ്ടൊരിക്കല്‍ താങ്കള്‍ പുട്ടപര്‍ത്തിയില്‍ പോയി അവിടുത്തെ ബാബ സാറാണ് സര്‍വ ലോക പാലകന്‍ എന്ന മട്ടില്‍ ഒരു കവിത ചൊല്ലിക്കളഞ്ഞത് ഒട്ടൊരു നടുക്കത്തോടെയാണ് ഈയുള്ളവന്‍ കേട്ടത്. അന്ന് പക്ഷേ താങ്കള്‍ക്ക് അതിനൊരു എക്സ്ക്യൂസെങ്കിലും ഉണ്ടായിരുന്നു. അധികാരത്തിലിരിക്കുമ്പോള്‍ പല സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി പലരെയും സുഖിപ്പിക്കേണ്ടി വരുമല്ലോ. അതുകൊണ്ട് അന്നത് കാര്യമാക്കിയില്ല.
പക്ഷേ ഇപ്പോള്‍, എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനായി, സര്‍വതന്ത്ര സ്വതന്ത്രനായി ഇരിക്കുമ്പോള്‍ താങ്കള്‍ ഭരണങ്ങാനത്ത് ചെന്ന് അല്‍ഫോന്‍സാമ്മയെ പറ്റി കവിത ചൊല്ലിക്കളഞ്ഞല്ലോ എന്റെ കലാം സാറേ... വലിയ ചതിയായിപ്പോയി.

സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തേണ്ടത് ഒരു പൌരന്റെ മൌലിക ധര്‍മമാണെന്ന് ഭരണഘടന അനുശാസിക്കുന്ന കാര്യം താങ്കള്‍ക്ക് അറിയാതിരിക്കന്‍ നിര്‍വാഹമില്ല. അപ്പോള്‍, അല്‍ഫോസാമ്മയുടെ റെക്കമെന്റേഷനില്‍ ദൈവം ഒരു കുട്ടിയുടെ കാലിന്റെ ഷേപ്പ് മാറ്റിക്കൊടുത്തു എന്നും മറ്റുമുള്ള വഷളന്‍ പ്രചാരണങ്ങള്‍ക്ക് താങ്കളും കൂട്ട് നില്‍ക്കാന്‍ പാടുണ്ടോ? താങ്കള്‍ ഒന്നുമല്ലേലും ഒരു ശസ്ത്രജ്ഞനല്ലേ? സത്യം പറഞ്ഞതിന് ഗലീലിയോയെ പീഢിപ്പിച്ചത് ആരാണെന്ന് താങ്കള്‍ക്ക് അറിയാമല്ലൊ. ബ്രൂണോയെ ചുട്ട് കൊന്നത് ആരാണെന്ന് അറിയാമല്ലൊ. എന്നിട്ടും...

അസ്സല്‍ നിരീശ്വര വാദികളായിരുന്ന ചാര്‍വാകനെയും കണാതനെയും ഋഷികളായി കരുതിയിരുന്ന നമ്മുടെ നാട്ടില്‍ വെറും തട്ടിപ്പ് സ്വാമിമാരുടെയും വിശുദ്ധന്‍മാരുടെയും മുന്നില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ ഒരു മിസൈല്‍ ശസ്ത്രജ്ഞനു പോലും കഴിയുന്നില്ല എന്നാണൊ? നിങ്ങള്‍ ഇങ്ങനെ ആയാല്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും?

ഒരു റോള്‍ മോഡലിന് വേണ്ടി പരക്കം പായുന്ന നമ്മുടെ യുവ തലമുറക്ക് താങ്കള്‍ എന്നും ഒരു പ്രത്യാശയയായിരുന്നു. അതും താങ്കള്‍ തകര്‍ത്തുകളഞ്ഞല്ലോ...

രാജ്യത്തിന്റെ ഭാവി വിസുദ്ധന്‍മാരിലും സിദ്ധന്‍മാരിലും സ്വാമിമാരിലും അല്ല, മറിച്ച് ശാസ്ത്രോന്‍മുഖമായ ഒരു സമൂഹത്തിലാണ് എന്ന തിരിച്ചറിവാണ് നമുക്ക് ഏറ്റവും അത്യാവശ്യം. അതുകൊണ്ട് ബഹുമാന്യനായ ശ്രീ അബ്ദുള്‍ കലാം, താങ്കള്‍ ദയവായി അന്ധ വിശ്വാസ പ്രചരണത്തിന് കൂട്ട് നില്‍ക്കാതിരിക്കുക, കാരണം ഇത് നമ്മുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്.

എന്ന്,
ഒരു കുട്ടി.