Wednesday, January 28, 2009

പെണ്ണുങ്ങള്‍ക്ക് പിന്നെ കള്ള് കുടിക്കണ്ടായോ?

കള്ള് എന്നത് ഞങ്ങളുടെ നട്ടില്‍ എല്ലാ വിധ മദ്യരൂപങ്ങള്‍ക്കും - വെട്ടിരുമ്പ് മുതല്‍ ഷാംപെയിന്‍ വരെ - പൊതുവായി ഉപയോഗിക്കുന്ന, സര്‍വനാമ സ്റ്റാറ്റസ്സുള്ള, ഒരു പദമാണ്. കള്ളിനോട് എല്ലാര്‍ക്കും ബഹുമാനമാണ്, പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ക്ക്. അതുകൊണ്ട് തന്നെ കള്ള് കുടിച്ചു എന്ന കുറ്റത്തിന് അരെയും തല്ലാന്‍ പാടില്ല - വിശിഷ്യാ സ്ത്രീകളെ. കാരണം കള്ള്കുടി എന്നത് അവര്‍ സ്വാതന്ത്ര്യം പ്രാപിച്ച് ഏതാണ്ട് പുരുഷനോളമായി എന്നതിന്റെ സൂചനയാണ്.
ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ്, മംഗലാപുരത്തെ ഒരു മുന്തിയ കള്ളുഷാപ്പില്‍ സ്വല്‍പം മിനുങ്ങാനെത്തിയ ചില മാന്യ വനിതകളെ ഏതോ പിന്തിരിപ്പന്‍മാര്‍ തിരുമ്മി വിട്ടു എന്ന് കേട്ടത്. കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഞെട്ടല്‍ പിന്നെ മാറിയത് തിരുമ്മലുകാരെയൊക്കെ യെദിയൂരപ്പയുടെ പോലീസ് പൊക്കി എല്ലൂരി എന്ന് കേട്ടപ്പോഴാണ്. ഭാ. ജ. പാ ഭരിക്കുന്ന ഒരു നാട്ടില്‍ ശ്രീരാം, ശ്രീകൃഷ്ണ്, ശിവ് തുടങ്ങിയ ഏതെങ്കിലും പദങ്ങളില്‍ ആരംഭിക്കുന്ന പേരുകളുള്ള സേനാ വിഭാഗങ്ങളിലെ ഭടന്‍മാരെ അറസ്റ്റ് ചെയ്യുക എന്ന് പറഞ്ഞാല്‍ ചില്ലറ കര്യമാണോ? ( വല്ല രാവണ്‍, കുംഭകര്‍ണ് സേനകളുമായിരുന്നെങ്കില്‍ സേന ഉണ്ടാക്കും മുന്‍പേ അകത്തായേനെ! )

അല്ലേ, പെണ്ണുങ്ങള്‍ക്കെന്താ കള്ള് കുടിച്ചാല്‍? കള്ള് കുടിച്ച്, ആണ് പിടിച്ച്, പൊടി പറത്തി നടക്കുമ്പോഴേ സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണമാവുന്നുള്ളൂ. ചന്തയിലിറങ്ങി അത്യാവശ്യം ചട്ടമ്പിത്തരോം കൂടി കാണിക്കുമ്പോ ഷാജി കൈലാസ് സിനിമകളുടെ മോഡലില്‍ വലിയ തറവാടിത്തരം കൂടി അവര്‍ക്ക് കൈവരുന്നു. അങ്ങനെ സ്ത്രീ സമ്പൂര്‍ണ സ്വതന്ത്രയാകുന്നു. ആയതിനാല്‍ സ്ത്രീകളുടെ കള്ള്കുടി പ്രോല്‍സാഹിപ്പിക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. അതുകൊണ്ടാണ് യെദിയൂരപ്പയുടെ പോലീസേമാന്‍മാരുടെ ശുഷ്കാന്തി കണ്ടപ്പോള്‍ സന്തോഷിച്ചുപോയത്.

എന്നാല്‍ കേന്ദ്ര വനിതാ കമ്മീഷന്റെ നടപടി അറിഞ്ഞപ്പോള്‍ ശരിക്കും കോള്‍മയിര്‍ കൊണ്ടുപോയി. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഒരു കമ്മീഷനെത്തന്നെ അവര്‍ നിയോഗിച്ചിരിക്കുന്നു. എന്തൊരു കര്‍മ ധീരത!!
ഇപ്പോള്‍ സംഭവിച്ചത് പോലുള്ള ഒരു വനിതാ പീഡനം ഈ നാട്ടില്‍ ഇനി നടക്കാനുണ്ടോ? ഇവിടെ പെണ്ണുങ്ങള്‍ക്ക് സമാധാനമായി ഒന്ന് പൂസാവാന്‍ പറ്റില്ലാ എന്നു പറഞ്ഞാല്‍!! എന്തൊരു പുരുഷ മേധവിത്വം!! വിടരുത്, കമ്മീഷനെ വെച്ച് അന്വേഷിപ്പിച്ച് എല്ലാറ്റിനെയും ഒന്നൊന്നായി പൊക്കി അഴിയെണ്ണിക്കണം..ങ്ങാ ഹാ..കളി കമ്മീഷനോടാ?

പണ്ട് രാഖി സാവന്ത് എന്ന തുണിയുരിപ്പ് നൃത്തക്കാരിയെ ( ഈ നൃത്ത എടപാടിന്റെ പുതിയ പേര് "ഐറ്റം നമ്പര്‍" എന്നാണത്രെ. തുണി എന്ന് കേട്ടാലേ പുള്ളിക്കാരി പുറപ്പെട്ട് പോയിക്കളയുമത്രെ ) മിക്കാ സിങ്ങ് എന്നൊരു പീഡകന്‍ കയറി ചുംബിച്ചുകളഞ്ഞപ്പോഴാണ് വനിതാ കമ്മീഷനിലെ സിംഹികള്‍ അവസാനമായി ഒന്നു ഗര്‍ജിച്ചത്. അന്ന് മിക്കായുടെ ചുക്കാമണി ചെത്തിക്കളയുമെന്ന് വരെ ഭീഷണീപ്പെടുത്തിക്കളഞ്ഞു സാറിണികള്‍!

വനിതാ കമ്മീഷനായാല്‍ ഇങ്ങനെ വേണം. രാജ്യത്തിലെ വനിതകളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇത്തരം പ്രശ്നങ്ങളില്‍ ഇങ്ങനെ സാര്‍ത്ഥകമായി ഇടപെടാന്‍ കഴിയണം. കമ്മീഷന്റെ മൂക്കിന് താഴെ, ഭാരതീയ സംസ്കാരത്തിന്റെ സോള്‍ ഏജന്റ്മാരായ മറ്റൊര് സേനയുടെ സ്വന്തം തട്ടകത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ ചുവന്നതെരുവില്‍ ശൈശവം വിട്ടിട്ടില്ലാത്ത പെണ്‍കുട്ടികള്‍ നിത്യേനയെന്നോണം ബലാല്‍സംഗത്തിന് ഇരയാവുന്നത് കമ്മീഷന് ഒരു പ്രശ്നമല്ല. ഒര് സേനക്കരനും ഇവരെ രക്ഷിക്കാന്‍ മെനക്കെടാറുമില്ല. കാരണം അവര്‍ക്കൊന്നും അങ്ങനെ വലിയ അവകാശങ്ങളൊന്നുമില്ലെന്നേ. അവകാശങ്ങളൊക്കെ തറവാട്ടില്‍ പിറന്ന കള്ള് കുടിച്ചികള്‍ക്കും ആണ് പിടിച്ചികള്‍ക്കും മാത്രമുള്ളതല്ലേ!
കിളിരൂരില്‍ ഒരു പെണ്‍കുട്ടി, ആരുടെ കുഞ്ഞിനെയാണ് പ്രസവിച്ചത് എന്നുപോലും മനസ്സിലാവാതെ, നരകിച്ച് മരിച്ചത് കമ്മീഷന് അറിയേണ്ട കാര്യം പോലുമല്ല. കാരണം, കൊച്ചമ്മമാരില്‍ പലര്‍ക്കും കൊച്ചുങ്ങളുടെ പിതൃത്വത്തിന്റെ കാര്യത്തില്‍ വലിയ തിട്ടമില്ലല്ലോ!
സ്ത്രീകളെ പരസ്യമായി ലേലം വിളിച്ച് വില്‍ക്കുന്ന ഇടപാട് രാജ്യത്ത് പലേടത്തും ഉണ്ടെങ്കിലും കമ്മീഷന് അതൊന്നും കാര്യമല്ല. "All men are equal, but some are more equal than others" എന്ന് കേട്ടിട്ടില്ലേ? പെണ്ണുങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്.

അല്ല, കമ്മീഷനെ കുറ്റം പറയുന്നതിലും കാര്യമില്ല. ഈ കമ്മീഷന്‍കാരെയൊക്കെ ഇങ്ങനെയാക്കുന്നത് നമ്മളൊക്കെത്തന്നെയാണല്ലോ. ഇവരെയൊക്കെ നിലം തൊടാതെ ഇങ്ങനെ പൊക്കി വച്ചിരിക്കുകയല്ലേ! ദരിദ്രനാരായണന്‍മാരുടെ ഈ നാട്ടില്‍ കിട്ടാവുന്ന ഏറ്റവും നല്ല സൌകര്യങ്ങള്‍ നല്‍കിയല്ലേ ഇവരെ പരിപാലിക്കുന്നത്. ഇങ്ങനെ നിലം തൊടാതെ പറക്കാനല്ലേ ഇവന്‍മാര്‍ കണക്കില്ലാത്ത കാശ് ചെലവാക്കി എലക്ഷനില്‍ നിന്ന് ജയിക്കുന്നത്. ജയിക്കാത്തവര്‍ ജയിച്ചവര്‍ക്ക് വേണ്ടി "അധര വ്യായാമം" നടത്തി സ്ഥാനമാനങ്ങള്‍ ഒപ്പിച്ചെടുക്കുന്നത്.
കാല് നിലത്ത് തൊട്ടാലല്ലേ ground realities അറിയൂ...

അത്കൊണ്ട് നമുക്ക് ഇനിയും ഇത്തരം കമ്മീഷനുകളുടെ മഹദ്കൃത്യങ്ങള്‍ക്ക് കാതോര്‍ക്കാം.
സ്ത്രീകള്‍ക്ക് ഇഷ്ടം പോലെ കള്ള് കുടിക്കാന്‍ കഴിയുന്ന ഒരു നല്ല നാളെ സ്വപ്നം കാണാം.

Sunday, January 25, 2009

"മദ്രസ്സ = CBSE" - ആപല്‍ക്കരമായ തീരുമാനം

"ക്ഷേമരാഷ്ട്രം" എന്ന സങ്കല്‍പത്തില്‍, പൌരന്‍മാര്‍ക്ക് സൌജന്യ പ്രാഥമിക വിദ്യാഭ്യാസം നല്‍കുവാനുള്ള ചുമതല സ്റ്റേറ്റില്‍ നിക്ഷിപ്തമാണ്. രാഷ്ട്രത്തിന്റെ ഭാവി എങ്ങനെയെന്ന് തീരുമാനിക്കുന്നതില്‍ പരമ പ്രധാനമായ പങ്ക് വഹിക്കുന്നത് ഭാവി പൌരന്‍മാരെ നാം എന്ത് പഠിപ്പിക്കുന്നു എന്നതാണ്. അതിനാലാണ് മറ്റ് ഏജന്‍സികള്‍ക്ക് പകരം, ഈ ചുമതല സ്റ്റേറ്റിനെത്തന്നെ ഏല്‍പിച്ചിരിക്കുന്നത്.
വികസനോന്‍മുഖവും ശാസ്ത്രാധിഷ്ടിതമായ ചിന്താശീലങ്ങളുള്ളതുമായ ഒരു സമൂഹമാണ് ഒര് രാജ്യത്തിന്റെ ഏറ്റവും വലിയ കൈമുതല്‍.

എന്നാല്‍ ഇത്തരം അടിസ്ഥാന തത്വങ്ങളെ പാടെ നിരാകരിക്കുന്ന തരത്തിലുള്ള ഒന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ കൈക്കൊണ്ട "മദ്രസ്സ = CBSE" എന്ന തീരുമാനം. ഒരു പ്രത്യേക മത വിഭാഗത്തിലെ ആളുകള്‍, മതാടിസ്ഥാനത്തില്‍ത്തന്നെ സംഘടിച്ച് രൂപം നല്‍കിയിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കൂട്ടികള്‍ക്ക്, പഠനം പൂര്‍ത്തിയാക്കുന്ന വേളയില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള CBSE നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് തുല്യമായി പരിഗണിക്കും എന്നതാണ് ഈ തീരുനാനത്തിന്റെ പൊരുള്‍.
രാഷ്ട്രത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കിയേക്കാവുന്ന നിരവധി ഘടകങ്ങള്‍ ഈ തീരുമാനത്തില്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ ചിലതിനെപ്പറ്റി..

വിദ്യാഭ്യാസ കാര്യങ്ങളില്‍ സ്റ്റേറ്റിന് നഷ്ടപ്പെടുന്ന നിയന്ത്രണം
മദ്രസ്സകള്‍ എന്നറിയപ്പെടുന്ന മേല്‍പ്പറഞ്ഞതരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്ത്, എങ്ങിനെ പഠിപ്പിക്കുന്നു എന്നതില്‍ ഭരണക്കൂടത്തിന് ഇപ്പൊള്‍ ഒരു നിയന്ത്രണവുമില്ല എന്നതാണ് ആദ്യത്തെ പ്രശ്നം. ഇവിടുത്തെ സിലബസ് നിര്‍ണയത്തിലോ അധ്യാപകരുടെ യോഗ്യതാ നിര്‍ണയത്തിലോ ഗവണ്‍മെന്റിന് നേരിട്ട് ഇടപെടാനോ തീരുമാനങ്ങളെടുക്കാനോ ഇപ്പോള്‍ കഴിയില്ലെന്നാണ് അറിയുന്നത്. ഭാവിയില്‍ ഇതിനായി ഒരു മദ്രസ്സ ബോര്‍ഡ് രൂപവല്‍കരിക്കും എന്നാണ് തീരുമാനം.

ഭാവി തലമുറ എന്ത് പഠിക്കുന്നു എന്നതില്‍ പൊതു സമൂഹത്തിന് നിയന്ത്രണമില്ലാതാവുക എന്നാത് അത്യധികം ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഇത്തരം പഠനശാലകള്‍ വളം വെച്ചുകൊടുക്കില്ല എന്ന് ഗവണ്‍മെന്റിന് ഉറപ്പുണ്ടോ? രാഷ്ട്ര താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഇവിടെ പഠിപ്പിച്ചാല്‍ ഗവണ്‍മെന്റിന് എന്ത് ചെയ്യാന്‍ കഴിയും? ഇപ്പോള്‍ ഇങ്ങനെയൊന്നും സംഭവിക്കുന്നില്ലായിരിക്കാം, പക്ഷേ ഭാവിയില്‍ ഉണ്ടായിക്കൂടെന്ന് യാതൊരുറപ്പുമില്ല.

ഇനി, മറ്റ് ജാതി/മത സംഘടനകളും ഇതേ ആവശ്യമുന്നയിച്ചാല്‍? ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. എസ്. എന്‍ . ട്രസ്റ്റ്, എന്‍ . എസ്. എസ്. തുടങ്ങിയ സംഘടനകളുടെ കീഴിലും ധാരാളം സ്ഥാപനങ്ങളുണ്ട്. ഇവരെല്ലാം നാളെ അവര്‍ക്ക് തോന്നിയതേ പഠിപ്പിക്കൂ, അതിനെല്ലാം CBSE അംഗീകാരം വേണം എന്ന് ശഠിച്ചാല്‍ സര്‍ക്കാര്‍ എന്ത് ചെയ്യും? വിദ്യാഭ്യാസ രംഗത്ത് നിന്നും പൂര്‍ണമായി പിന്‍മാറി, കാര്യങ്ങളെല്ലാം മത/സമുദായ സംഘടനകളെ ഏല്‍പ്പിക്കുമോ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധിയാണ്.

സ്റ്റേറ്റിന്റെ പിന്‍വാങ്ങല്‍
പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രാധമിക ചുമതലകളില്‍ നിന്നും പിന്‍വാങ്ങി അവയെല്ലാം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള സ്റ്റേറ്റിന്റെ വെമ്പല്‍ സമീപകാലത്ത് ഇന്ത്യയില്‍ വളരെയധികം പ്രകടമാണ്. അതിന്റെ ഭാഗമായും കൂടി വേണം ഈ പുതിയ നീക്കത്തെ കാണുവാന്‍ . ഏതെങ്കിലും സമുദായം വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നുണ്ടെങ്കില്‍, സര്‍ക്കാര്‍ തന്നെ നേരിട്ട് അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്, അല്ലാതെ ആ ചുമതല മത സംഘടനകളെ ഏല്‍പ്പിക്കലല്ല.
മാത്രമല്ല, ശാസ്ത്ര വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് പകരം മതപരമായ വിഷയങ്ങള്‍ പ്രാമുഖ്യം നല്‍കിയുള്ള പഠനരീതിക്ക് ഗവണ്‍മെന്റ് ഒത്താശ ചെയ്യുക എന്നത് ഭരണഘടനാപരമായ കര്‍ത്തവ്യങ്ങളില്‍ നിന്നുള്ള പിനു്മാറ്റം കൂടിയാണ്. മതപഠനമല്ല ശാസ്ത്രപഠനമാണ് നമുക്കാവശ്യം.

സാമൂഹിക പ്രത്യാഘാതങ്ങള്‍
നമ്മുടെ പൌരന്‍മാരെ മുഴുവന്‍ ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ തുടങ്ങി വെള്ളം കയറാത്ത പേടകങ്ങളില്‍ അടച്ചിട്ടാലുള്ള അവസ്ഥ ഭീഭല്‍സമായിരിക്കും. ജാതി മത ചിന്തകള്‍ക്ക് അതീതവും സ്വതന്ത്രവുമായ സാമൂഹിക വിനിമയങ്ങളാണ് രാജ്യത്തിന്റെ കെട്ടുറപ്പിന് ആവശ്യം. ഓരോ മതസ്ഥരും അവരവരുടെ മത സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം പഠിക്കുന്ന അവസ്ഥയില്‍ നമുക്ക് നഷ്ടമാവുന്നത് സമൂഹമനസ്സിന്റെ ഈ സെക്യുലര്‍ ഭാവമാണ്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നേരിടുകയെന്നത് ഒട്ടും എളുപ്പമാവില്ല.

രാജ്യത്ത് ഒരു പൊതു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, വോട്ട് ബാങ്ക് ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം നീക്കങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന വയോധികരായ നേതാക്കളുണ്ടാവില്ല.
ഇത് ഭാവി തലമുറയോടെ കാണിക്കുന്ന അപരാധമാണ്.

Wednesday, January 21, 2009

"മദ്രസ്സ = CBSE" - ഇത് ന്യായമാണോ?

കേന്ദ്ര സര്‍ക്കാരിന്റെ ഒരു എടപാടിനെപ്പറ്റി ഇന്നലെ ഒരു പോസ്റ്റിട്ടതേ ഉള്ളൂ (http://thekidshouts.blogspot.com/2009/01/blog-post_20.html). ഇപ്പഴിതാ അവര്‍ വീണ്ടും ഒരു വിഷയം തന്നിരിക്കുന്നു.

മദ്രസ്സ = CBSE

ഈ മദ്രസ്സാ വിദ്യാഭ്യാസത്തെപ്പറ്റി എനിക്കു വലിയ വിവരം ഇല്ല. അത്കൊണ്ട് ഇതിനെ വിമര്‍ശിക്കാനോ പിന്താങ്ങാനൊ ഇപ്പോള്‍ ആവില്ല. വിവരമുള്ളവര്‍ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?

1. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഓത്തുപള്ളികളാണോ ഈ മദ്രസ്സകള്‍?
2. ആരാണ് മദ്രസ്സകളിലെ സിലബസ്സ് നിര്‍ണയിക്കുന്നത്? അതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടോ?
3. എന്തൊക്കെയാണ് അവിടെ പഠിപ്പിക്കുന്നത്? അതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടോ?
4. സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തണമെന്ന ഭരണഘടനാ അനുശാസത്തിന് അനുസൃതമായതാണോ അവിടെ നടക്കുന്ന പഠനം?
5. ആരാണ് അധ്യാപകരുടെ യോഗ്യതകള്‍ നിര്‍ണയിക്കുന്നത്? എന്താണ് അവരുടെ യോഗ്യത? അതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടോ?
6. ഇവിടെ പഠനം പൂര്‍ത്തിയാക്കുന്ന ഒരു കുട്ടിക്ക് CBSE പാസ്സായ വിദ്യാര്‍ത്ഥിയുടെ നിലവാരമുണ്ടാവുമൊ?

Tuesday, January 20, 2009

കള്ളന്‍മാരേ, കമന്റടിക്കാരേ..നിങ്ങള്‍ സന്തോഷിപ്പിന്‍

പീഡന വീരന്‍ വെട്ടുകുട്ടപ്പന്‍ ഇനി ഏതേലും പെണ്ണിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍, പെണ്ണ് പോലീസില്‍ പോയി പരാതി പറഞ്ഞാല്‍, ഏമാന്‍മാര്‍ എന്തുചയ്യും എന്നറിയുമൊ? കുട്ടപ്പന് ഒരു ലേഖനം കൊടുക്കും - "പ്രിയ കുട്ടപ്പന്‍ സാറേ, താങ്കളുമായി ചില സുപ്രധാന ചര്‍ച്ചകള്‍ നടത്തേണ്ടുന്നതിലേക്ക് താങ്കള്‍ ഒന്ന് ഇത്രടം വരെ ഒന്ന് വരണം.". ഈ ലേഖനത്തിന്റെ പേര് "മെമ്മോ" . "മെമ്മോ" കൊടുക്കാനല്ലാതെ കുട്ടപ്പനെ പിടിച്ച് അറസ്റ്റ് ചെയ്ത് അകത്തിടാന്‍ ഏമാന്‍മാര്‍ക്കിനി ഇനി പറ്റുകേല. കാരണം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ CrPC ഭേദഗതി നടപ്പിലാവുന്നതൊടെ, 7 വര്‍ഷം വരെ അകത്തിടാവുന്ന കുറ്റങ്ങള്‍ ചെയ്യുന്ന ഒരു കുട്ടപ്പനേയും ചുമ്മാ കേറി അറസ്റ്റ് ചെയ്യാന്‍ ഒരു ഏമാനും പറ്റില്ല.
ഏമാന്‍മാരുടെ വിഷപ്പല്ല് ഊരി!!

സാമ്പത്തിക മാന്ദ്യം കാരണം ബുദ്ധിമുട്ടുന്ന ഞങ്ങള്‍ കൊട്ടേഷന്‍കാര്‍ക്കുള്ള bail out plan ആണത്രെ ഈ ഭേദഗതി.
പീഡനം മാത്രമല്ല, കൊള്ള, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, സ്തീധന മരണം തുടങ്ങി തറവാടിത്തമുള്ള പല കൊട്ടേഷനുകള്‍ക്കും ഇനി അറസ്റ്റ് നടക്കില്ല. എല്ലാത്തിനും മെമ്മോ!!
ഹൊ, ഈ കേന്ദ്ര സര്‍ക്കാരിന്റെ ഒരു കാര്യം!! ഞാന്‍ ഒരു കൊട്ടേഷന്‍ ഗ്രൂപ്പ് തുടങ്ങുന്ന കാര്യം ഇവന്‍മാര്‍ എങ്ങനെ അറിഞ്ഞു?!! ഇനിയിപ്പോ ആരെയും ധൈര്യമായി വെട്ടാം കുത്താം ഏതു പേണ്ണിനെം പീഡിപ്പിക്കാം..ബഹൂത്ത് ഖുശീ!!!!
മെമ്മോ കിട്ടിയാല്‍ എപ്പോള്‍ ദര്‍ശനം അനുവദിക്കണമെന്ന് കൊട്ടേഷന്‍ ഭായി തീരുമാനിക്കും. ശ്ശെ, ഏമാന്‍മാരോട് വീട്ടില്‍ വന്നു കാണാന്‍ പറയുന്ന നിയമം ഉണ്ടാക്കണമായിരുന്നു. ഇങ്ങനെ പോയാല്‍ വൈകാതെ അതും ഉണ്ടാവും.
ഗുണ്ടയായി ജീവിക്കുന്നെങ്കില്‍ ഇന്ത്യയില്‍ ജീവിക്കണം! എന്തൊരു സപ്പോര്‍ട്ട്!

ഏതൊ ഒരു കമ്മീഷന്‍ പറഞ്ഞതോണ്ടാണത്രെ ഇപ്പൊ ഇങ്ങനെ ഒരു ഭേദഗതി വരുത്തുന്നേ. വേറെ എത്ര കമ്മീഷനുകള്‍ എത്ര ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നു. അതില്‍ ഏതേലും ഒന്ന് നടപ്പിലായൊ? അതാണ് ഞങ്ങള്‍ ഗുണ്ടകളുടെ കഴിവ്. അങ്ങ് പാര്‍ലമെന്റില്‍ ഇരുന്ന് ഇതെല്ലാം പാസ്സാക്കുന്നത് മുഴുവന്‍ ഞങ്ങളുടെ ആള്‍ക്കരല്ലേ. ഞങ്ങള്‍ വളര്‍ന്ന് അവരാകും, അവര്‍ വളര്‍ന്ന് ഞങ്ങളാകും‍!!

കേട്ട പാതി കേള്‍ക്കാത്ത പാതി, രാഷ്ട്രപതി നിയമത്തില്‍ ഒപ്പു വച്ചത്ര. അവരുടെ സഹോദരനെതിരെ പണ്ട് ചില ആരോപണങ്ങളൊക്കെ ഉണ്ടായിരുന്നേ. എല്ലം ഞങ്ങളുടെ ആള്‍ക്കാരാ.

ഏതായാലും എന്റെ കൊട്ടേഷന്‍ സംഘത്തില്‍ ചേരാനുള്ള് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏത് ഗുണ്ടക്കും ചേരാം. ഇവിടെ ഞങ്ങളൊരു കലക്ക് കലക്കും അണ്ണാ....

ഇന്ത്യന്‍ ജനാധിപത്യം കീ.....ജയ്...

Sunday, January 11, 2009

ഒരു നദി കൂടി മരിക്കുകയാണ് ( ഫോട്ടോ പോസ്റ്റ് )


ഇത് ഭാരതപ്പുഴ.
വിശ്വാസം വരുന്നില്ല, അല്ലേ? എം. ടി കഥകളിലൂടെയും സിനിമയിലൂടെയുമൊക്കെ നിളയെ അറിഞ്ഞ മലയാളിക്ക് ഒരുപക്ഷേ ഇത് അവിശ്വസനീയമായ കാഴ്ചയായിരിക്കാം. പക്ഷേ ഭീതിദമായ ആ സത്യം നാം അറിഞ്ഞിരിക്കുക - നിള മരിക്കുകയാണ് - മനുഷ്യന്റെ അതിരുകളില്ലാത്ത ദുരാഗ്രഹം ഈ നദിയെ കൊല്ലുകയാണ്.

മനസ്സിന്റെ ഒരു കോണില്‍, നിങ്ങളുടേതു മാത്രമായി സൂക്ഷിക്കുന്ന ചില കാല്‍പനിക ചിന്തകളില്‍, നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നിളയുടെ പഞ്ചാര മണല്‍പ്പുറം എന്നെങ്കിലും കടന്നുവന്നിട്ടുണ്ടോ? എങ്കില്‍ ഇതും അറിയുക - ആ മണല്‍പ്പുറം ഇന്നില്ല.

മനുഷ്യന്റെ അത്യാര്‍ത്തിയാല്‍ ചവിട്ടി മെതിക്കപ്പെടുന്ന പ്രകൃതിയുടെ നേര്‍ക്കാഴ്ചകളാണ് ഇവിടെ നാം കാണുന്നത്.

ഒരു അസ്ഥി കലശം താങ്ങാന്‍ പോലും കെല്‍പ്പില്ലാത്ത വിധം ദുര്‍ബലയായിരിക്കുന്നു ഇന്ന് നിള.

പഞ്ചാര മണല്‍പ്പുറത്തിന് പകരം ഉറച്ചു കട്ടിയായ ചെളിയും അതിനു മീതെ ചരലുകൊണ്ടുള്ള ആവരണവുമുള്ള ഒരു മൈതാനമാണ് ഇന്നുള്ളത്.

അനിയന്ത്രിതമായി തുടരുന്ന അനധികൃത മണല്‍ വാരല്‍ ഇവിടെ ഒരു നദിയെത്തന്നെ ഇല്ലായ്മ ചെയ്യുകയാണ്.
നിങ്ങളുടെ സ്വപ്ന ഭൂമിയില്‍ അവശേഷിക്കുന്ന അവസാനത്തെ മണല്‍ത്തരിയും ചാക്കിലാക്കി വില്‍ക്കാന്‍ വച്ചിരിക്കുകയാണിവിടെ (അതിശയോക്തിയാണെന്ന് കരുതണ്ട).

മേല്‍മണ്ണ് പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു. അതിനാല്‍ മണല്‍ കുഴിച്ചെടുക്കുകയാണ് ഇപ്പോള്‍. ഇവിടെ മാത്രമല്ല, ചരല്‍പ്പരപ്പില്‍ നോക്കെത്താ ദൂരത്തോളം ഈ പകല്‍ക്കൊള്ളയുടെ കാഴ്ചകളാണ്.

കുഴിച്ചെടുക്കുന്ന മണല്‍ തലച്ചുമടായി തൊട്ടടുത്തുള്ള റെയില്‍പ്പാളത്തിന്റെ അപ്പുറത്തെത്തിക്കുന്നു. അവിടെ നിന്നും വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോവുന്നു.
ഈ തൊഴിലാളികള്‍ക്ക് ദിവസം അഞ്ഞൂറ് രൂപയോളം കൂലി ലഭിക്കുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ അവര്‍ ചെയ്യുന്ന പരിസ്ഥിതി ദ്രോഹത്തിന്റെ ആഴം അവര്‍ക്കറിയില്ല.

ഈ സ്ഥലത്തിനു വെറും ഇരുപത്തഞ്ച് മീറ്റര്‍ അപ്പുറത്തായി രണ്ട് പോലീസുകാര്‍ സദാസമയം കാവലുണ്ട് - നിയമ ലംഘകര്‍ക്ക് സംരക്ഷണം നല്‍കാന്‍ . പക്ഷേ അവരെ, നമ്മുടെ ചെലവില്‍ ശമ്പളവും കൊടുത്ത്, അവിടെ പോസ്റ്റ് ചെതിരിക്കുന്നത് മണല്‍ വാരല്‍ തടയുവാനാണ്! (അവരുടെ ഫോട്ടോയും എടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ തീ പാറുന്ന ഒരു നോട്ടത്തിലൂടെ അവര്‍ നയം വ്യക്തമാക്കിയപ്പോള്‍ പിന്‍മാറി.)

പുഴയെന്ന് പറയാന്‍ പലേടത്തും ഇന്ന് ബാക്കിയുള്ളത് മണല്‍ക്കൂമ്പാരങ്ങള്‍ക്കിടയിലെ ഈ നീര്‍ച്ചാലുകള്‍ മാത്രം




നിളയുടെ മുഖമുദ്ര എന്ന് ഇന്നറിയപ്പെടുന്ന ഈ ചെടി പണ്ട് നദിയുടെ ഇരു കരകളില്‍ മാത്രമാണ് വളര്‍ന്നിരുന്നത്. എന്നാല്‍ ഇന്ന് നീരൊഴുക്ക് മിക്കവാറും നിലച്ചതോടെ എല്ലായിടത്തും ഇത് വളരുന്നു.

രാഷ്ട്രീയക്കാരും പോലീസും മറ്റ് "ഉന്നതരുമാണ്" ഇവിടെ നിയമരാഹിത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഉയരുന്നില്ല. കാരണം ഇക്കൂട്ടര്‍ കൊല്ലിനും കൊലക്കും അധികാരമുള്ളവരാണ്.

ഈ പാലം പണി തുടങ്ങിയിട്ട് പത്തു വര്‍ഷം കഴിഞ്ഞു. ജനങ്ങളുടെ നികുതിപ്പണമായ കോടിക്കണക്കിന് രൂപ പലരുടേയും മടിശ്ശീലയിലെത്തിയെങ്കിലും പണി എങ്ങുമെത്തിയിട്ടില്ല. ഇനിയിപ്പോള്‍ പാലത്തിന്റെ തന്നെ ആവശ്യമുണ്ടാവില്ല.

ഭൂമിയുടെ കണ്ണീര്‍ച്ചാലിലേക്ക് ഒരു ദിവസം കൂടി എരിഞ്ഞു താഴുകയാണ്. ഇനിയെത്ര നാള്‍ എന്ന ചോദ്യം ബാക്കിയാക്കിക്കൊണ്ട്.

എല്ലാം കണ്ടും കേട്ടും മനം മടുത്ത് തിരിച്ചു നടക്കുമ്പോള്‍‍, വരണ്ട പാണ്ടിക്കാറ്റ് ഒരു ഓ. എന്‍ . വീ കവിതാ ശകലം ചെവിയില്‍ മൂളുമ്പോലെ....
"ഇനിയും മരിക്കാത്ത ഭൂമി, നിന്‍ ആസന്ന മൃത്യുവില്‍ നിനക്കാത്മശാന്തി..."

Thursday, January 1, 2009

അപ്പി കലക്കിയ വെള്ളം :)

കൊച്ചിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണഗണങ്ങളെപ്പറ്റി ഇന്നലത്തെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വന്ന വാര്‍ത്ത കണ്ടിരുന്നൊ? ഇതേ പ്രശ്നത്തിനെപ്പറ്റി പണ്ട് പബ്ളിഷ് ചെയ്ത ഒരു പോസ്റ്റ് ഇതാ ഇവിടെ. http://thekidshouts.blogspot.com/2008/06/riddlers-has-silly-question.html