Saturday, March 21, 2009

ജാതി-മത നേതൃത്വങ്ങളുടെ ധിക്കാരം, രാഷ്ട്രീയക്കാരുടെ ഉളുപ്പില്ലായ്മ..

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങള്‍ വീക്ഷിക്കുന്ന സാധാരണക്കാരെ ഏറ്റവും കൂടുതല്‍ പരിഭ്രാന്തരാക്കുന്നത് രണ്ട് വസ്തുതകളാണ് - കേരളത്തിലെ ജാതി-മത നേതൃത്വങ്ങള്‍ പ്രകടിപ്പിക്കുന്ന അതിരു കവിഞ്ഞ അഹങ്കാരവും ഇവര്‍ക്ക് മുന്നില്‍ മുട്ടു മടക്കി നില്‍ക്കുന്ന രാഷ്ട്രീയക്കാരന്റെ നിര്‍ലജ്ജതയും.
ഇതിന് മുന്‍പ് ഏത് തിരഞ്ഞെടുപ്പിലാണ് രാഷ്ട്രീയക്കാരും പുരോഹിത വര്‍ഗവും സമുദായ പ്രമാണിമാരുമൊക്കെ ഇത്ര ഉളുപ്പില്ലാത്ത വിധം വിലപേശല്‍ നടത്തിയത്?

രാജ്യം ആര് ഭരിക്കണമെന്ന് പുരോഹിതന്‍മാര്‍ക്ക് തീരുമാനിക്കാം, രാഷ്ട്രീയക്കാര്‍ അവരെ ഓച്ഛാനിച്ച് നിന്നുകൊള്ളും എന്ന് ഇത്രയ്ക്ക് വ്യക്തമായ ഒരു അവസ്ഥാവിശേഷം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. മുന്‍പും മത-സാമുദായിക പ്രതിലോമ ശക്തികള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തേയും പ്രവര്‍ത്തനങ്ങളേയും നിയന്ത്രിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷേ അന്നൊക്കെ ഗോപ്യമായാണ് ഇത്തരം ബാന്ധവങ്ങളെ ഇക്കൂട്ടര്‍ കൊണ്ടുനടന്നിരുന്നതെങ്കില്‍ ഇന്ന് സമൂഹമധ്യത്തില്‍, എല്ലാരും കാണ്‍കെയാണ് ഈ മത-രാഷ്ട്രീയ അവിഹിത ബന്ധങ്ങള്‍ അരങ്ങേറുന്നത്, ഒരുളുപ്പുമില്ലാതെ. ഇതിനൊപ്പം പണത്തിന്റെ അപ്രതിരോധ്യ ശക്തിയും ഒത്തുചേരുമ്പോള്‍ ചരിത്രം പിറകോട്ട് നടക്കാന്‍ തുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നു.

അവരുടെ സമീപകാല നിലപാടുകളുടെ തുടര്‍ച്ചയെന്നോണം ക്രിസ്തീയ സഭകളാണ് ജുഗുപ്ത്സാവഹമായ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. മതവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്ന വ്യവസ്ഥാപിത കാഴ്ചപ്പാടുകളെ തീര്‍ത്തും നിരാകരിച്ചുകൊണാണ് അവര്‍ രാഷ്ട്രീയക്കാര്‍ക്കുമേല്‍ തങ്ങളുടെ അധീശത്വം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇന്നയിന്ന ആളുകളെ സ്ഥാനാര്‍ത്ഥികളയി നിര്‍ത്തണമെന്ന് പരസ്യമായി ആജ്ഞാപിക്കാനുള്ള ഔദ്ധത്യം വരെ അവര്‍ കാണിച്ചു - അധാര്‍മികമാണ് എന്ന് അറിയാമായിരുന്നിട്ട്കൂടി. സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഒരുങ്ങുകയാണ് ഇവരില്‍ ഒരു വിഭാഗം. ഇതിനെ ധിക്കാരം എന്നല്ലാതെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കുക?

പാണക്കാട്ടെ തങ്ങളുടെ ആജ്ഞ പ്രകാരമേ അന്നും ഇന്നും കോണ്ഗ്രസ്സുകാര്‍ ചിലേടത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുള്ളൂ എന്നത് അവരുടെ പരസ്യ നിലപാടാണ്. ഇത് അദ്ദേഹം ലീഗിന്റെ അധിപതി ആയതുകൊണ്ട് മാത്രമല്ല്, അദ്ദേഹത്തിനുള്ള ആത്മീയ നേതാവിന്റെ പരിവേഷം കണ്ടിട്ട് കൂടിയാണ്.
എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ വ്യത്യസ്തമായ സമീപനം പരസ്യമായെങ്കിലും വെച്ചുപുലര്‍ത്തിയിരുന്ന ഇടതുപക്ഷ കക്ഷികള്‍ ഇന്ന് പരസ്യമായിത്തന്നെ കൂട്ടുകൂടിയിരിക്കുന്നതോ, അബ്ദുള്‍ നാസര്‍ മദനിയോട്!! പൂന്തുറ സിറാജിനൊപ്പം വേദി പങ്കിടാന്‍ പിണറായിക്ക് ഉളുപ്പില്ലേ?
എന്താണ് നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇത് എവിടെച്ചെന്ന് നില്‍ക്കും?

തങ്ങളുടെ വിധേയത്വം ഏറ്റുപറഞ്ഞുകൊണ്ട് രാഷ്ട്രീയക്കാര്‍ തങ്ങളുടെ ഭാഗം നന്നായി അഭിനയിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഒരു കമ്യൂണിസ്റ്റ് കുഞ്ഞാടായ സിന്ധു ജോയ് ഏതോ പുരോഹിത പ്രമാണിയുടെ മുന്നില്‍ ചെന്ന് കനിവിനായി യാചിക്കുന്ന അറപ്പുളവാക്കുന്ന ചിത്രം കണേണ്ടിവന്നു മലയാളിക്ക്. അവരുടെ ശരീര ഭാഷയില്‍ നിന്നും വ്യക്തമായിരുന്നു അവര്‍ തമ്മിലുള്ള ശാക്തിക സമവാക്യം എന്താണെന്ന്. ഈ പെണ്‍കുട്ടിയുടെ നടപടിയെ ഉളുപ്പില്ലായ്മയുടടെ മൂര്‍ത്തീമദ്ഭാവം എന്നല്ലേ വിശേഷിപ്പിക്കേണ്ടത്? കുറഞ്ഞപക്ഷം, ടോം വടക്കനെ മല്‍സരിപ്പിക്കില്ലെന്ന് തീരുമാനിച്ച കോണ്‍ഗ്രസ്സുകാര്‍ കാണിച്ച നട്ടെല്ലെങ്കിലും കാണിക്കാമായിരുന്നില്ലേ ഈ വിപ്ളവകാരിക്ക്?
ഒരു വിപ്ളവകാരി അല്ലെങ്കിലും, സഭകളുടെ കാലു പിടിക്കാന്‍ ചെല്ലും മുന്‍പ് കെ. വി തോമസ്സിനും ആകാമായിരുന്നു അല്‍പം വീണ്ടുവിചാരം.

മദനിക്ക് മത നിരപേക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കിയ പാലോളി മുഹമ്മദ് കുട്ടിയുടെ ചെയ്തിയെ എങ്ങനെയാണ് വ്യാഖ്യാനിക്കുക? ഉളുപ്പില്ലായ്മയെന്നോ അതോ മറ്റെന്തെങ്കിലും ഇല്ലായ്മയെന്നോ? വല്ലപ്പോഴും വല്ല ഹജ്ജ് കമ്മിറ്റിയുടെ കാര്യം പറയാനോ മദ്രസ്സാ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് പറയാനോ മാത്രം വായ് തുറക്കുന്ന ഈ പാലോളി മഹാന് മദനിയുടെ കാര്യം പറയുമ്പോള്‍ എന്തൊരു വാചാലതയായിരുന്നു!

ക്രിസ്ത്യാനികളും മുസ്ളീങ്ങളുമൊക്കെ ഇങ്ങനെ അരങ്ങു തകര്‍ക്കുമ്പോള്‍ ഹിന്ദുക്കള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ലല്ലോ. അവിടെയാണെങ്കില്‍ നായര്‍-ഈഴവ-നമ്പൂതിരി-പുലയന്‍ പോര് കഴിഞ്ഞ് മറ്റൊന്നിനും സമയമില്ല! അതുകൊണ്ട് അവര്‍ ജാതിയുടെ പേരിലാണ് വില പേശുന്നത്. സമദൂര സിദ്ധാന്തം വെടിയുമെന്ന് ഒരു കൂട്ടര്‍. ദൂരമെത്രയായാലും കിട്ടാനുള്ളത് കിട്ടിയാല്‍ മതിയെന്ന് മറ്റൊരു കൂട്ടര്‍. നാടാന്‍മാര്‍, ദളിതര്‍ അങ്ങനെ പട്ടിക നീളുന്നു...‍.

രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി, ഒരു സെക്യുലര്‍ സമൂഹമായാണ് കേരളത്തെ കരുതിപ്പോരുന്നത്. ഇവിടെ എല്ലാ ജാതി-മതസ്ഥര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട്. ഈ അവസ്ഥയെ ദുരുപയോഗം ചെയ്യുന്നത് നന്നല്ല.

ഭരണഘടന നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ വേണ്ടുവോളം പ്രയോജനപ്പെടുത്തിയാണ് ന്യൂനപക്ഷ മത മേലധികാരികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ അതേ ഭരണഘടനയുടെ അടിസ്ഥാന തത്വമായ രാഷ്ട്രീയ മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. അവരുടെ, പ്രത്യേക അവകാശങ്ങളെ അധികാര വ്യാപനത്തിനായി ദുരുപയോഗപ്പെടുത്തുന്നതിലൂടെ, മറുഭാഗത്ത് ഹിന്ദു തീവ്രവാദത്തിന്റെ അടുപ്പില്‍ ഇവര്‍ തന്നെ എണ്ണ പകരുകയാണ് എന്ന് മനസ്സിലാക്കണം. ന്യൂനപക്ഷങ്ങളില്‍ മാത്രമല്ല, ഭൂരിപക്ഷ സമുദായത്തിലും വര്‍ഗീയമായി സംഘടിക്കാനുള്ള ചോതനകള്‍ ഉറങ്ങിക്കിടക്കുന്നുണ്ട് എന്ന് തിരിച്ചറിയുക.

ലോകത്തിലെ ഏറ്റവും വലിയ പ്രതിലോമ ശക്തികളായ പുരോഹിത വര്‍ഗം ഭരണത്തെ നിയന്ത്രിച്ച, വിച്ച് ഹണ്ടും ക്രൂസേഡും ജിഹാദുകളും നടത്തിയ, ജാതിയുടെ പേരില്‍ ഒരു ജനതയെ ഒന്നാകെ അജ്ഞതയിലും അടിമത്തത്തിലും ആഴ്ത്തിയ കറുത്ത നാളുകളിലേക്ക് ചരിത്രത്തെ തിരിച്ചുകൊണ്ടുപോകാതിരിക്കുക.
രാജ്യത്തിന്റെ വര്‍ഗീയമായ ധ്രുവീകരണം ആര്‍ക്കും നല്ലതിനാവില്ല.