Tuesday, June 30, 2009

അയോധ്യയിലെ വിവാദ മന്ദിരം തകര്‍ത്തത് ടൊര്‍ണാഡോ ആവാം.

പണ്ടൊരിക്കല്‍ നമ്മുടെ ഭാരതീയ റെയില്‍വേ, പത്തുനൂറ്റിച്ചില്വാനം മനുഷ്യന്‍മാരെ തെക്കന്‍ കേരളത്തിലെ പെരുമണ്‍ കായലില്‍ മുക്കിക്കൊന്നു. അടച്ചിട്ട കംപാര്‍ട്ട്മെന്റുകളില്‍, കൂരാക്കൂരിരുട്ടില്‍, അന്ന് ശ്വാസം മുട്ടി ചത്ത് മലച്ചത് കൃത്യമായി എത്ര പേരെന്നത് ഇന്നും അജ്ഞാതം. പഴകി ദ്രവിച്ച ഒരു പാലം തകര്‍ന്ന് തീവണ്ടി കായലില്‍ വീണുണ്ടായ ആ അപകടത്തിന്റെ കാരണമന്വേഷിക്കാന്‍ അന്ന് ഒരു മഹാന്‍ നിയമിതനായി. റെയില്‍വേ സേഫ്റ്റി കമ്മീഷണറായ ഈ മഹാശാസ്ത്രജ്ഞന്‍ നീണ്ട ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ അപകടത്തിന്റെ ശാസത്രീയ കാരണം കണ്ടെത്തി - ടൊര്‍ണാഡോ!! ഐലന്റ് എക്സ്പ്രസ്സിനെ അന്ന് പെരുമണ്‍ പാലത്തില്‍ നിന്ന് തള്ളിയിട്ടത് ആകാശത്തു നിന്ന് ഇറങ്ങി വന്ന ഒരു കൊടുങ്കാറ്റായിരുന്നുവത്രെ!! ഓരോ ഇന്ത്യക്കാരന്റേയും സാമാന്യ ബുദ്ധിക്കു മുന്നില്‍ ഒരു ചൊദ്ദ്യചിഹ്നമായി നിന്ന ഈ ഉളുപ്പു കെട്ട കണ്ടുപിടുത്തം പക്ഷേ നമ്മുടെ ഉളുപ്പു കെട്ട ഭരണാധികാരികള്‍ വേദവാക്യമായെടുത്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടു. കുറേ മനുഷ്യരെ എലികളെ കൊല്ലുമ്പോലെ മുക്കിക്കൊന്ന കുറ്റത്തിന് ഒരുത്തനും ഉത്തരം പറയേണ്ടി വന്നില്ല. ആരും മറുചോദ്യമൊന്നും ഉന്നയിച്ചതുമില്ല. ജനം എല്ലാം സഹിച്ചു.

തൊണ്ണൂറ്റിരണ്ടില്‍, അയോധ്യയിലെ വിവാദ മന്ദിരം ഒരു കൂട്ടം ക്രിമിനലുകള്‍ തകര്‍ത്തത് നടുക്കത്തോടെയാണ് നാം ദൃശ്യ മാധ്യമങ്ങളിലൂടെ കണ്ടത്. അത് ചെയ്തതും ചെയ്യിച്ചതും ആരെന്ന്, ബുദ്ധിഭ്രമം ബാധിച്ചിട്ടില്ലാത്ത ആര്‍ക്കും പകല്‍ പോലെ വ്യക്തമായിരുന്നു. പക്ഷേ സത്യം കണ്ടുപിടിക്കാന്‍ കമ്മീഷന്‍ വേണമായിരുന്നു. കമ്മീഷന്‍ ഒടുക്കം സത്യം കണ്ടെത്തി റിപ്പോര്‍ട്ടായി സമര്‍പ്പിച്ചു. അതിന് പക്ഷേ നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ വേണ്ടിവന്നുവെന്നുമാത്രം!!
വിവാദ മന്ദിരം ഒരു ടൊര്‍ണാഡോയില്‍ തകര്‍ന്നുപോയതാണെന്ന് ശ്രീമാന്‍ ലിബറാന്‍ കണ്ടെത്തിയാല്‍ ആരും അല്‍ഭുതപ്പെടില്ല. കാരണം നമുക്കിത് ശീലമായിരിക്കുന്നു. ഷണ്ഡത്വം ബാധിച്ച ജനത ഇതും സഹിക്കാന്‍ ബാധ്യസ്ഥാരാണ്.

മന്ദിരം സംരക്ഷിക്കാമെന്ന് കല്യാണ്‍ സിങ്ങ് സത്യം ചെയ്തത് നരസിംഹ റാവു വിശ്വസിച്ചുപോയിരുന്നുവത്രെ. മന്ദിരം തകര്‍ക്കാനല്ല, മറിച്ച് അതിനെ സംരക്ഷിക്കാനാണ് താന്‍ അയോധ്യയില്‍ ചെന്നതെന്നാണത്രെ ഭാ. ജ. പായുടെ തലതൊട്ടപ്പന്‍ കമ്മീഷനോട് പറഞ്ഞത്. അപ്പൊപ്പിന്നെ ആരാ അത് പൊളിച്ചത്?
ഇതെല്ലാം കേട്ട് തല മരവിച്ചുപോയത് കൊണ്ടാവണം ഇരുന്നൂറ് പേജുള്ള ഒരു റിപ്പോര്‍ട്ടെഴുതാന്‍ ശ്രീ ലിബറാന്‍ പതിനേഴ് വര്‍ഷമെടുത്തത്.

ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരിയെടുക്കുന്ന നികുതിപ്പണത്തില്‍ നിന്ന് കുറേ കോടികള്‍ ചിലവിട്ട് ജനങ്ങളെത്തന്നെ വിഡ്ഡികളാക്കാന്‍ ഇനിയും കമ്മീഷനുകള്‍ വരും. അടുത്തുണ്‍ പറ്റിയ ഒരുകൂട്ടം ഉളുപ്പ് കെട്ടവര്‍ ഊഴം കാത്തിരിപ്പുണ്ട്. വിഡ്ഡികളാവാന്‍ ജനം തയ്യാറെടുത്തിരിപ്പുണ്ട്. പിന്നെയെന്തിന് മടിക്കണം? കാട്ടിലെ മരം..തേവരുടെ ആന..വലിയെടാ വലി...

NB:- ജീവിതാവസാനം വരെ ജനങ്ങളുടെ ചെലവില്‍ സുഖിക്കാന്‍ ഭാഗ്യം ചെയ്ത ചിലരുണ്ട്. ഉപയോഗപ്രദമായ ഒരു കാര്യത്തിനും ഇനി കൊള്ളാത്ത കരുണാകരനെ ഗവര്‍ണറാക്കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ ശിഷ്ടകാലം ആഹ്ളാദകരമാക്കാനാണത്രെ!! ചെലവ് ജനം വഹിച്ചോളുമല്ലോ..