Wednesday, October 28, 2009

തെറാപ്പിക്കാലം...

ഹാവൂ...അവസാനം ഒരു കാര്യം തീരുമാനമായി...രോഗമുണ്ട്. രോഗമെന്നു പറഞ്ഞാൽ അതി കലശലായ രോഗം. ഇനി ചികിത്സ എന്തെന്ന് മാത്രം തീരുമാനിച്ചാൽ മതി. കീമോ തെറാപ്പിയെന്നോ തിരുമ്മൽ (തിരുത്തൽ എന്നും പറയാം) എന്നോ ഒക്കെ കേൾക്കുന്നു. പക്ഷേ ഒന്നും തീർച്ചപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി കൈ മെയ് മറന്നുള്ള ജന സേവനമായിരുന്നല്ലോ. അതിനിടയ്ക്ക് സ്വന്തം ആരോഗ്യത്തെപ്പറ്റി ചിന്തിക്കാൻ സമയം കിട്ടിയില്ല. അതുകൊണ്ടെന്തായി? തൊട്ടടുത്ത എതിരാളി (അങ്ങനെ വിളിക്കാമെങ്കിൽ) പത്തു നൂറ്റി ചില്വാനം വർഷം കൊണ്ട് നേടിയെടുത്തതിനേക്കാൾ ജരാനരകൾ നമ്മളെ ബാധിച്ചിരിക്കുന്നു. നല്ല ഉഗ്രൻ അച്ചിവ്മെന്റ്‌. പക്ഷേ, ഇപ്പൊ നമ്മുടെ താത്വികാചാര്യൻ പറഞ്ഞപ്പോഴാണ് അത് ശരിക്കുമങ്ങ് ബോധ്യമായത്. ആചാര്യൻ പറയുന്നത് എപ്പോഴും വെളിച്ചപ്പാടിന്റെ ഡയലോഗ് പോലെയാണ്. പറയുന്നയാൾക്കും കേൾക്കുന്നയാൾക്കും ഒന്നും മനസ്സിലാവില്ല. ചികിത്സയുടെ ഒരു ലിസ്റ്റാണ് ടിയാൻ നിർദ്ദേശിച്ചിരിക്കുന്നത്. കീമോ തെറാപ്പിയും നവരക്കിഴിയും മുതൽ നെല്ലിക്കാത്തളം വരെയുണ്ട് ലിസ്റ്റിൽ. ഏത് വേണമെന്ന് രോഗിക്ക് തീരുമാനിക്കാം!! വേറെയെവിടെ കിട്ടും ഈ സൌകര്യം?!
കഷ്ടപ്പെട്ട് പ്രവർത്തിച്ച് കൈയിലുള്ള സംസ്ഥാനങ്ങൾ ഓരോന്നായി ആ മദാമ്മയുടെ കാൽക്കൽ കൊണ്ടവെച്ചു. ഇനിയിപ്പോ സൌകര്യമായി ചികിത്സ തുടങ്ങാം.

ആ കാരാട്ടും കൂട്ടരും ഈയിടെയായി ഏതാണ്ട് ഇത്പോലെ തന്നെ പറയുന്നത് കേൾക്കുന്നുണ്ട്. അവിടെ പക്ഷേ സേവനവാരം സ്റ്റൈലിലുള്ള ശുചീകരണമാണത്രെ പരിപാടി. കണ്ട ഏമ്പോക്കികളും ഹിപ്പികളുമൊക്കെ കയറി നിരങ്ങി അവിടെ മൊത്തം നാറി നാറാണക്കല്ലായത്രെ. അതുകൊണ്ട് ഫീനൈൽ ഇട്ട് മൊത്തത്തിൽ ഒന്ന് കഴുകിക്കളയും. സർവ കീടങ്ങളും അതോടെ ഒഴുകിപ്പോയിക്കൊള്ളും. കഴുകാനാണെങ്കിൽ ഇഷ്ടം പോലെ വെള്ളം കടലിൽ കിടയ്ക്കുകയും ചെയ്യും. തിരയില്ലാത്ത നേരം നോക്കി ബക്കറ്റിൽ കോരിയെടുത്താൽ മതിയല്ലോ.

ഏതായാലും ആ പരിപാടി നമുക്കും പരീക്ഷിക്കാവുന്നതാണ്. ഡെറ്റോൾ വെള്ളത്തിൽ ഒന്ന് കുളിച്ചു നോക്കാം. കാരാട്ടിന്റേയും കൂട്ടരുടേയും സ്വന്തം നാടായ കേരളത്തിൽ കുളി ഒരു നിർബന്ധിത പരിപാടിയാണ്. കേരളത്തിലാവുമ്പോ നമുക്ക് എന്തുമാവാം, കാരണം നമ്മുടെ അഡ്രസ്സ് പോലും അവിടെയിപ്പൊ ഇല്ല. ആരും തിരിച്ചറിയുകയുമില്ല.
കാര്യം പറഞ്ഞാൽ, നമുക്ക് ഏറ്റവും സ്കോപ്പുള്ള സ്ഥലമാവേണ്ടതായിരുന്നു അവിടം. കുറെ അച്ചന്മാരും, മുസല്യാർമാരുമല്ലേ അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്? ഭൂരിപക്ഷ സമുദായങ്ങൾ നരകിക്കുകയല്ലേ? പക്ഷേ എന്ത് ചെയ്യാം, നമ്മുടെ ബ്രാന്റ്‌ ഓഫ് പൊളിറ്റിക്സ് മലയാളികൾക്ക് അങ്ങ് ക്ഷ്യാവുന്നില്ല. കൊച്ചു പിള്ളേരെ പിടിച്ച് കാക്കി നിക്കറുമിടുവിച്ച് ഓം കാളിയെന്നും ഹര ഹര മഹാ ദേവാ എന്നുമൊക്കെ വിളിപ്പിച്ച് ഹലാക്കാക്കിക്കളയുന്ന ആ പരിപാടി അവർക്കത്ര ബോധിക്കുന്നില്ലെന്ന് തോന്നുന്നു (ഇപ്പോഴും ഉറപ്പായിട്ടില്ല). കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി പണി പതിനെട്ടും പയറ്റിയിട്ടും അവിടെ മാത്രം ക്ലച്ച് പിടിക്കാതിരിക്കുകയാണ്.

അതുകൊണ്ട് അവിടെനിന്ന് തന്നെ തുടങ്ങാം. വേദനയുള്ള ഭാഗം ചെത്തിക്കളഞ്ഞ് ബോർഡോ മിശ്രിതം പുരട്ടണോ അതൊ കൂമ്പോടെ വെട്ടണോ എന്ന് താത്വികാചാര്യനോട് തന്നെ ചോദിക്കാം. എന്തെങ്കിലും അരുളപ്പാട് ഉണ്ടാവാതിരിക്കില്ല.