ബഹുമാന്യനായ മുന്‍ രാഷ്ട്രപതി ശ്രീ അബ്ദുള്‍ കലാം അവര്‍കള്‍ക്ക്,
പണ്ടൊരിക്കല്‍ ഒരു അമേരിക്കന്‍ സായിപ്പിനോട് "Our president is a rocket scientist, how about yours?" എന്ന് അഭിമാനത്തോടെ ചോദിച്ചതും അത് കേട്ട് സായിപ്പിന്റെ മുഖം ചമ്മി മഞ്ഞിച്ചു പോയതും ഉള്‍പ്പുളകത്തോടെ ഓര്‍ക്കുന്ന ഒരു ഭാരതീയനാണ് ഞാന്‍.
ഒരു വിഖ്യാത ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ താങ്കളോട് ഈയുള്ളവന് അതിയായ മതിപ്പും ബഹുമാനവുമാണ് ഉള്ളത്. താങ്കള്‍ ഇനിയൊരു തവണ കൂടി ഇന്ത്യയുടെ രാഷ്ട്രപതി പദം അലങ്കരിക്കണമെന്ന് ഈയുള്ളവന്‍ അതിയായി ആഗ്രഹിച്ചിരുന്നു.
എങ്കിലും എന്റെ കലാം സാറേ, ഇതിച്ചിരി കടുപ്പമായിപ്പോയി...
പണ്ടൊരിക്കല്‍ താങ്കള്‍ പുട്ടപര്‍ത്തിയില്‍ പോയി അവിടുത്തെ ബാബ സാറാണ് സര്‍വ ലോക പാലകന്‍ എന്ന മട്ടില്‍ ഒരു കവിത ചൊല്ലിക്കളഞ്ഞത് ഒട്ടൊരു നടുക്കത്തോടെയാണ് ഈയുള്ളവന്‍ കേട്ടത്. അന്ന് പക്ഷേ താങ്കള്‍ക്ക് അതിനൊരു എക്സ്ക്യൂസെങ്കിലും ഉണ്ടായിരുന്നു. അധികാരത്തിലിരിക്കുമ്പോള്‍ പല സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി പലരെയും സുഖിപ്പിക്കേണ്ടി വരുമല്ലോ. അതുകൊണ്ട് അന്നത് കാര്യമാക്കിയില്ല.
പക്ഷേ ഇപ്പോള്‍, എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനായി, സര്‍വതന്ത്ര സ്വതന്ത്രനായി ഇരിക്കുമ്പോള്‍ താങ്കള്‍ ഭരണങ്ങാനത്ത് ചെന്ന് അല്‍ഫോന്‍സാമ്മയെ പറ്റി കവിത ചൊല്ലിക്കളഞ്ഞല്ലോ എന്റെ കലാം സാറേ... വലിയ ചതിയായിപ്പോയി.
സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തേണ്ടത് ഒരു പൌരന്റെ മൌലിക ധര്‍മമാണെന്ന് ഭരണഘടന അനുശാസിക്കുന്ന കാര്യം താങ്കള്‍ക്ക് അറിയാതിരിക്കന്‍ നിര്‍വാഹമില്ല. അപ്പോള്‍, അല്‍ഫോസാമ്മയുടെ റെക്കമെന്റേഷനില്‍ ദൈവം ഒരു കുട്ടിയുടെ കാലിന്റെ ഷേപ്പ് മാറ്റിക്കൊടുത്തു എന്നും മറ്റുമുള്ള വഷളന്‍ പ്രചാരണങ്ങള്‍ക്ക് താങ്കളും കൂട്ട് നില്‍ക്കാന്‍ പാടുണ്ടോ? താങ്കള്‍ ഒന്നുമല്ലേലും ഒരു ശസ്ത്രജ്ഞനല്ലേ? സത്യം പറഞ്ഞതിന് ഗലീലിയോയെ പീഢിപ്പിച്ചത് ആരാണെന്ന് താങ്കള്‍ക്ക് അറിയാമല്ലൊ. ബ്രൂണോയെ ചുട്ട് കൊന്നത് ആരാണെന്ന് അറിയാമല്ലൊ. എന്നിട്ടും...
അസ്സല്‍ നിരീശ്വര വാദികളായിരുന്ന ചാര്‍വാകനെയും കണാതനെയും ഋഷികളായി കരുതിയിരുന്ന നമ്മുടെ നാട്ടില്‍ വെറും തട്ടിപ്പ് സ്വാമിമാരുടെയും വിശുദ്ധന്‍മാരുടെയും മുന്നില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ ഒരു മിസൈല്‍ ശസ്ത്രജ്ഞനു പോലും കഴിയുന്നില്ല എന്നാണൊ? നിങ്ങള്‍ ഇങ്ങനെ ആയാല്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും?
ഒരു റോള്‍ മോഡലിന് വേണ്ടി പരക്കം പായുന്ന നമ്മുടെ യുവ തലമുറക്ക് താങ്കള്‍ എന്നും ഒരു പ്രത്യാശയയായിരുന്നു. അതും താങ്കള്‍ തകര്‍ത്തുകളഞ്ഞല്ലോ...
രാജ്യത്തിന്റെ ഭാവി വിസുദ്ധന്‍മാരിലും സിദ്ധന്‍മാരിലും സ്വാമിമാരിലും അല്ല, മറിച്ച് ശാസ്ത്രോന്‍മുഖമായ ഒരു സമൂഹത്തിലാണ് എന്ന തിരിച്ചറിവാണ് നമുക്ക് ഏറ്റവും അത്യാവശ്യം. അതുകൊണ്ട് ബഹുമാന്യനായ ശ്രീ അബ്ദുള്‍ കലാം, താങ്കള്‍ ദയവായി അന്ധ വിശ്വാസ പ്രചരണത്തിന് കൂട്ട് നില്‍ക്കാതിരിക്കുക, കാരണം ഇത് നമ്മുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്.
എന്ന്,
ഒരു കുട്ടി.
Monday, November 10, 2008
Subscribe to:
Posts (Atom)