Sunday, January 11, 2009

ഒരു നദി കൂടി മരിക്കുകയാണ് ( ഫോട്ടോ പോസ്റ്റ് )


ഇത് ഭാരതപ്പുഴ.
വിശ്വാസം വരുന്നില്ല, അല്ലേ? എം. ടി കഥകളിലൂടെയും സിനിമയിലൂടെയുമൊക്കെ നിളയെ അറിഞ്ഞ മലയാളിക്ക് ഒരുപക്ഷേ ഇത് അവിശ്വസനീയമായ കാഴ്ചയായിരിക്കാം. പക്ഷേ ഭീതിദമായ ആ സത്യം നാം അറിഞ്ഞിരിക്കുക - നിള മരിക്കുകയാണ് - മനുഷ്യന്റെ അതിരുകളില്ലാത്ത ദുരാഗ്രഹം ഈ നദിയെ കൊല്ലുകയാണ്.

മനസ്സിന്റെ ഒരു കോണില്‍, നിങ്ങളുടേതു മാത്രമായി സൂക്ഷിക്കുന്ന ചില കാല്‍പനിക ചിന്തകളില്‍, നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നിളയുടെ പഞ്ചാര മണല്‍പ്പുറം എന്നെങ്കിലും കടന്നുവന്നിട്ടുണ്ടോ? എങ്കില്‍ ഇതും അറിയുക - ആ മണല്‍പ്പുറം ഇന്നില്ല.

മനുഷ്യന്റെ അത്യാര്‍ത്തിയാല്‍ ചവിട്ടി മെതിക്കപ്പെടുന്ന പ്രകൃതിയുടെ നേര്‍ക്കാഴ്ചകളാണ് ഇവിടെ നാം കാണുന്നത്.

ഒരു അസ്ഥി കലശം താങ്ങാന്‍ പോലും കെല്‍പ്പില്ലാത്ത വിധം ദുര്‍ബലയായിരിക്കുന്നു ഇന്ന് നിള.

പഞ്ചാര മണല്‍പ്പുറത്തിന് പകരം ഉറച്ചു കട്ടിയായ ചെളിയും അതിനു മീതെ ചരലുകൊണ്ടുള്ള ആവരണവുമുള്ള ഒരു മൈതാനമാണ് ഇന്നുള്ളത്.

അനിയന്ത്രിതമായി തുടരുന്ന അനധികൃത മണല്‍ വാരല്‍ ഇവിടെ ഒരു നദിയെത്തന്നെ ഇല്ലായ്മ ചെയ്യുകയാണ്.
നിങ്ങളുടെ സ്വപ്ന ഭൂമിയില്‍ അവശേഷിക്കുന്ന അവസാനത്തെ മണല്‍ത്തരിയും ചാക്കിലാക്കി വില്‍ക്കാന്‍ വച്ചിരിക്കുകയാണിവിടെ (അതിശയോക്തിയാണെന്ന് കരുതണ്ട).

മേല്‍മണ്ണ് പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു. അതിനാല്‍ മണല്‍ കുഴിച്ചെടുക്കുകയാണ് ഇപ്പോള്‍. ഇവിടെ മാത്രമല്ല, ചരല്‍പ്പരപ്പില്‍ നോക്കെത്താ ദൂരത്തോളം ഈ പകല്‍ക്കൊള്ളയുടെ കാഴ്ചകളാണ്.

കുഴിച്ചെടുക്കുന്ന മണല്‍ തലച്ചുമടായി തൊട്ടടുത്തുള്ള റെയില്‍പ്പാളത്തിന്റെ അപ്പുറത്തെത്തിക്കുന്നു. അവിടെ നിന്നും വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോവുന്നു.
ഈ തൊഴിലാളികള്‍ക്ക് ദിവസം അഞ്ഞൂറ് രൂപയോളം കൂലി ലഭിക്കുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ അവര്‍ ചെയ്യുന്ന പരിസ്ഥിതി ദ്രോഹത്തിന്റെ ആഴം അവര്‍ക്കറിയില്ല.

ഈ സ്ഥലത്തിനു വെറും ഇരുപത്തഞ്ച് മീറ്റര്‍ അപ്പുറത്തായി രണ്ട് പോലീസുകാര്‍ സദാസമയം കാവലുണ്ട് - നിയമ ലംഘകര്‍ക്ക് സംരക്ഷണം നല്‍കാന്‍ . പക്ഷേ അവരെ, നമ്മുടെ ചെലവില്‍ ശമ്പളവും കൊടുത്ത്, അവിടെ പോസ്റ്റ് ചെതിരിക്കുന്നത് മണല്‍ വാരല്‍ തടയുവാനാണ്! (അവരുടെ ഫോട്ടോയും എടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ തീ പാറുന്ന ഒരു നോട്ടത്തിലൂടെ അവര്‍ നയം വ്യക്തമാക്കിയപ്പോള്‍ പിന്‍മാറി.)

പുഴയെന്ന് പറയാന്‍ പലേടത്തും ഇന്ന് ബാക്കിയുള്ളത് മണല്‍ക്കൂമ്പാരങ്ങള്‍ക്കിടയിലെ ഈ നീര്‍ച്ചാലുകള്‍ മാത്രം




നിളയുടെ മുഖമുദ്ര എന്ന് ഇന്നറിയപ്പെടുന്ന ഈ ചെടി പണ്ട് നദിയുടെ ഇരു കരകളില്‍ മാത്രമാണ് വളര്‍ന്നിരുന്നത്. എന്നാല്‍ ഇന്ന് നീരൊഴുക്ക് മിക്കവാറും നിലച്ചതോടെ എല്ലായിടത്തും ഇത് വളരുന്നു.

രാഷ്ട്രീയക്കാരും പോലീസും മറ്റ് "ഉന്നതരുമാണ്" ഇവിടെ നിയമരാഹിത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഉയരുന്നില്ല. കാരണം ഇക്കൂട്ടര്‍ കൊല്ലിനും കൊലക്കും അധികാരമുള്ളവരാണ്.

ഈ പാലം പണി തുടങ്ങിയിട്ട് പത്തു വര്‍ഷം കഴിഞ്ഞു. ജനങ്ങളുടെ നികുതിപ്പണമായ കോടിക്കണക്കിന് രൂപ പലരുടേയും മടിശ്ശീലയിലെത്തിയെങ്കിലും പണി എങ്ങുമെത്തിയിട്ടില്ല. ഇനിയിപ്പോള്‍ പാലത്തിന്റെ തന്നെ ആവശ്യമുണ്ടാവില്ല.

ഭൂമിയുടെ കണ്ണീര്‍ച്ചാലിലേക്ക് ഒരു ദിവസം കൂടി എരിഞ്ഞു താഴുകയാണ്. ഇനിയെത്ര നാള്‍ എന്ന ചോദ്യം ബാക്കിയാക്കിക്കൊണ്ട്.

എല്ലാം കണ്ടും കേട്ടും മനം മടുത്ത് തിരിച്ചു നടക്കുമ്പോള്‍‍, വരണ്ട പാണ്ടിക്കാറ്റ് ഒരു ഓ. എന്‍ . വീ കവിതാ ശകലം ചെവിയില്‍ മൂളുമ്പോലെ....
"ഇനിയും മരിക്കാത്ത ഭൂമി, നിന്‍ ആസന്ന മൃത്യുവില്‍ നിനക്കാത്മശാന്തി..."