Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Thursday, September 20, 2012

"റബ്ബേ...വിത്ത്‌ ഗുണം പത്ത്‌ ഗുണം"

റോം നിന്നു കത്തുമ്പോള്‍ ബിലഹരി രാഗത്തില്‍ ഒരു കീര്‍ത്തനം അങ്ങട്ട് കാച്ചീന്നു വച്ചാല്‍ അവന്‍ നീറോ.
ടി നീറോ സ്വര്‍ഗത്തില്‍ ചെന്ന്‍ ദേവേന്ദ്രനെ നിഷ്കാസിതനാക്കി ഭരണം തുടങ്ങി. ഭരണം കത്തിക്കയറിയപ്പോൾ ആധി മൂത്ത ദേവകള്‍ ആസ് യൂഷ്വല്‍ വൈകുണ്ഠത്തിനു വഞ്ചി കയറി.
വഞ്ചി തിരുനക്കരെ എത്തിയപ്പോള്‍, അവതാരങ്ങളുടെ ക്വാട്ട തീര്‍ന്നുപോയെന്ന്‍ പറഞ്ഞു കൈമലര്‍ത്തിയ കമലാ കാന്തന്‍, അവരെ തുഗ്ലക്ക്‌ സുൽത്താന്റെ അടുത്തേക്ക് പറഞ്ഞയച്ചു.

സ്വര്‍ഗത്തില്‍ വങ്കത്തരത്തിനു വഴിയില്ലാതെ ഉഴറുകയായിരുന്ന സുല്‍ത്താന്‍, മോഹിനീരൂപം പൂണ്ടു ചെന്ന്‍ രായ്ക്ക് രാമാനം നീറോയെ വശീകരിച്ചുകളഞ്ഞു!!
നീറോയ്ക്ക് ഭരണവും സുല്‍ത്താന് ചാരിത്ര്യവും പോയി. അവര്‍ക്കൊരു കുഞ്ഞുണ്ടായത് മിച്ചം. ദോഷം പറയരുതല്ലോ, മാതാപിതാക്കളുടെ സര്‍വ ഗുണങ്ങളും ഒത്തിണങ്ങിയ ആണ്‍കുഞ്ഞ്.

അവര്‍ അതിനെ ഒരു തലപ്പാവും ധരിപ്പിച്ചു ഭൂമിയിലേക്ക് പറഞ്ഞുവിട്ടു. അവന്‍ വളര്‍ന്ന്‍ ഭാരതത്തിന്‍റെ പ്രധാന സചിവനായി. മകന്‍റെ ഭരണ നൈപുണ്യം കണ്ടു മനം കുളിര്‍ത്ത മാതാപിതാക്കള്‍ സ്വര്‍ഗത്തിലിരുന്നു ഹര്‍ഷ ബാഷ്പം തൂകി പരമ കാരുണികനെ സ്തുതിച്ചു..
"ന്‍റെ റബ്ബേ..ജ്ജ് സലാമത്താക്കീട്ട് വിത്ത്‌ ഗുണം പത്ത്‌ ഗുണം!!!!"

Wednesday, October 28, 2009

തെറാപ്പിക്കാലം...

ഹാവൂ...അവസാനം ഒരു കാര്യം തീരുമാനമായി...രോഗമുണ്ട്. രോഗമെന്നു പറഞ്ഞാൽ അതി കലശലായ രോഗം. ഇനി ചികിത്സ എന്തെന്ന് മാത്രം തീരുമാനിച്ചാൽ മതി. കീമോ തെറാപ്പിയെന്നോ തിരുമ്മൽ (തിരുത്തൽ എന്നും പറയാം) എന്നോ ഒക്കെ കേൾക്കുന്നു. പക്ഷേ ഒന്നും തീർച്ചപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി കൈ മെയ് മറന്നുള്ള ജന സേവനമായിരുന്നല്ലോ. അതിനിടയ്ക്ക് സ്വന്തം ആരോഗ്യത്തെപ്പറ്റി ചിന്തിക്കാൻ സമയം കിട്ടിയില്ല. അതുകൊണ്ടെന്തായി? തൊട്ടടുത്ത എതിരാളി (അങ്ങനെ വിളിക്കാമെങ്കിൽ) പത്തു നൂറ്റി ചില്വാനം വർഷം കൊണ്ട് നേടിയെടുത്തതിനേക്കാൾ ജരാനരകൾ നമ്മളെ ബാധിച്ചിരിക്കുന്നു. നല്ല ഉഗ്രൻ അച്ചിവ്മെന്റ്‌. പക്ഷേ, ഇപ്പൊ നമ്മുടെ താത്വികാചാര്യൻ പറഞ്ഞപ്പോഴാണ് അത് ശരിക്കുമങ്ങ് ബോധ്യമായത്. ആചാര്യൻ പറയുന്നത് എപ്പോഴും വെളിച്ചപ്പാടിന്റെ ഡയലോഗ് പോലെയാണ്. പറയുന്നയാൾക്കും കേൾക്കുന്നയാൾക്കും ഒന്നും മനസ്സിലാവില്ല. ചികിത്സയുടെ ഒരു ലിസ്റ്റാണ് ടിയാൻ നിർദ്ദേശിച്ചിരിക്കുന്നത്. കീമോ തെറാപ്പിയും നവരക്കിഴിയും മുതൽ നെല്ലിക്കാത്തളം വരെയുണ്ട് ലിസ്റ്റിൽ. ഏത് വേണമെന്ന് രോഗിക്ക് തീരുമാനിക്കാം!! വേറെയെവിടെ കിട്ടും ഈ സൌകര്യം?!
കഷ്ടപ്പെട്ട് പ്രവർത്തിച്ച് കൈയിലുള്ള സംസ്ഥാനങ്ങൾ ഓരോന്നായി ആ മദാമ്മയുടെ കാൽക്കൽ കൊണ്ടവെച്ചു. ഇനിയിപ്പോ സൌകര്യമായി ചികിത്സ തുടങ്ങാം.

ആ കാരാട്ടും കൂട്ടരും ഈയിടെയായി ഏതാണ്ട് ഇത്പോലെ തന്നെ പറയുന്നത് കേൾക്കുന്നുണ്ട്. അവിടെ പക്ഷേ സേവനവാരം സ്റ്റൈലിലുള്ള ശുചീകരണമാണത്രെ പരിപാടി. കണ്ട ഏമ്പോക്കികളും ഹിപ്പികളുമൊക്കെ കയറി നിരങ്ങി അവിടെ മൊത്തം നാറി നാറാണക്കല്ലായത്രെ. അതുകൊണ്ട് ഫീനൈൽ ഇട്ട് മൊത്തത്തിൽ ഒന്ന് കഴുകിക്കളയും. സർവ കീടങ്ങളും അതോടെ ഒഴുകിപ്പോയിക്കൊള്ളും. കഴുകാനാണെങ്കിൽ ഇഷ്ടം പോലെ വെള്ളം കടലിൽ കിടയ്ക്കുകയും ചെയ്യും. തിരയില്ലാത്ത നേരം നോക്കി ബക്കറ്റിൽ കോരിയെടുത്താൽ മതിയല്ലോ.

ഏതായാലും ആ പരിപാടി നമുക്കും പരീക്ഷിക്കാവുന്നതാണ്. ഡെറ്റോൾ വെള്ളത്തിൽ ഒന്ന് കുളിച്ചു നോക്കാം. കാരാട്ടിന്റേയും കൂട്ടരുടേയും സ്വന്തം നാടായ കേരളത്തിൽ കുളി ഒരു നിർബന്ധിത പരിപാടിയാണ്. കേരളത്തിലാവുമ്പോ നമുക്ക് എന്തുമാവാം, കാരണം നമ്മുടെ അഡ്രസ്സ് പോലും അവിടെയിപ്പൊ ഇല്ല. ആരും തിരിച്ചറിയുകയുമില്ല.
കാര്യം പറഞ്ഞാൽ, നമുക്ക് ഏറ്റവും സ്കോപ്പുള്ള സ്ഥലമാവേണ്ടതായിരുന്നു അവിടം. കുറെ അച്ചന്മാരും, മുസല്യാർമാരുമല്ലേ അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്? ഭൂരിപക്ഷ സമുദായങ്ങൾ നരകിക്കുകയല്ലേ? പക്ഷേ എന്ത് ചെയ്യാം, നമ്മുടെ ബ്രാന്റ്‌ ഓഫ് പൊളിറ്റിക്സ് മലയാളികൾക്ക് അങ്ങ് ക്ഷ്യാവുന്നില്ല. കൊച്ചു പിള്ളേരെ പിടിച്ച് കാക്കി നിക്കറുമിടുവിച്ച് ഓം കാളിയെന്നും ഹര ഹര മഹാ ദേവാ എന്നുമൊക്കെ വിളിപ്പിച്ച് ഹലാക്കാക്കിക്കളയുന്ന ആ പരിപാടി അവർക്കത്ര ബോധിക്കുന്നില്ലെന്ന് തോന്നുന്നു (ഇപ്പോഴും ഉറപ്പായിട്ടില്ല). കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി പണി പതിനെട്ടും പയറ്റിയിട്ടും അവിടെ മാത്രം ക്ലച്ച് പിടിക്കാതിരിക്കുകയാണ്.

അതുകൊണ്ട് അവിടെനിന്ന് തന്നെ തുടങ്ങാം. വേദനയുള്ള ഭാഗം ചെത്തിക്കളഞ്ഞ് ബോർഡോ മിശ്രിതം പുരട്ടണോ അതൊ കൂമ്പോടെ വെട്ടണോ എന്ന് താത്വികാചാര്യനോട് തന്നെ ചോദിക്കാം. എന്തെങ്കിലും അരുളപ്പാട് ഉണ്ടാവാതിരിക്കില്ല.

Wednesday, September 23, 2009

കാലിയെ മേച്ചു നടന്നു ശശി..

ഈ കോൺഗ്രസ്സുകാരുടെ ഒരു കാര്യമേ! ഇവരെന്താ വിചാരിച്ചത്? കണ്ഠ കൌപീനം മാറ്റി ഇന്ത്യൻ ടൈ കെട്ടി, ഒരു മുണ്ടുമുടുത്ത് നടന്നാൽ ഈ ശശി തരൂർ വെറും തിരോന്തരം ശശി ആയി മാറുമെന്നൊ? പിന്നേ,.. അതിനല്ലേ ഉള്ള പാട് മുഴുവൻ പെട്ട് ഈ കസേരയിൽ കയറി ഇരുന്നത്!! ഇവിടം വരെ എത്തിപ്പെടാൻ പെട്ട പാട് നമുക്കേ അറിയൂ. തലസ്ഥാന നിവാസികൾ തങ്ങളുടെ സമാരാധ്യ നേതാവായി നെഞ്ചേറ്റിയതുകൊണ്ടൊന്നുമല്ല ജയിച്ച് എം. പി ആയത് എന്ന് വേറെയാരേക്കാളും നന്നായി നമുക്കറിയാം.

ദില്ലിയിൽ നിന്നും ഒരു വള്ളിയിൽ തൂങ്ങി നേരെ തിരോന്തരത്ത് ഇറങ്ങിയപ്പോഴേ അവിടുത്തെ ലോക്കൽ ഗാന്ധിയൻമാർ മാക്സിമം അലമ്പുണ്ടാക്കാൻ നോക്കിയതാണ് - കോലം കത്തിച്ചും ഗോ ബാക്ക് വിളിച്ചുമൊക്കെ. പക്ഷേ ഒന്നും ഏശിയില്ല. ഇരിക്കുന്ന എം. പി പന്ന്യന്റേയും പന്ന്യന്റെ വല്ല്യേട്ടൻ പിണറായിയുടേയും പിന്തുണ അത്രക്ക് ഉറച്ചതായിരുന്നു. ശരിക്കും കണ്ണ് നിറഞ്ഞുപോയി - ഹൊ, ഇങ്ങനേയുമുണ്ടോ ഒരു സ്നേഹം!

ഇതൊക്കെ മനസ്സിലാക്കാനും ഇത്തിരി കൂടുതലും ബുദ്ദി ഉണ്ടായിട്ടുതന്നെയാണ് ഈ പണിക്കിറങ്ങിയത്.
എവിടെയൊക്കെ പ്രയോഗിച്ച് മാറ്റ് തെളിയിച്ചിട്ടുള്ള ബുദ്ദിയാണ്! ബുദ്ദി മൂത്താണ് പണ്ട് ഐക്യരാഷ്ട്ര സഭയുടെ തലപ്പത്ത് കയറിയിരിക്കണമെന്ന പൂതിയുദിച്ചത്. ഉടനെ സ്വന്തം ജന്മദേശത്തെ പറ്റി ഓർമ വന്നു. എന്തൊക്കെ പറഞ്ഞാലും പിറന്ന നാടിനെ അങ്ങനെ മറക്കാൻ പറ്റുമോ? അങ്ങനെയാണ് ജന്മദേശത്തിന്റെ ചെലവിൽ സെക്രട്ടറി ജനറലാവനുള്ള അടവ് ഒന്ന് പയറ്റി നോക്കിയത്. പക്ഷേ നമ്മുടെയത്രയും നിലവാരം ഈ ലോകരാഷ്ട്രങ്ങളിലെ ഊച്ചാളികൾക്കില്ലാത്തതുകൊണ്ട് ആ പൂതി എട്ടുനിലയിൽ തന്നെ പൊട്ടി പാളീസായി.

എന്ന് വച്ച് വെറുതെയിരിക്കാൻ പറ്റുമോ? നമ്മുടെ തലച്ചോർ ഈ അന്താരാഷ്ട്രൻമാർക്ക് വേണ്ടെങ്കിൽ വേണ്ട, ഏതെങ്കിലും രാഷ്ട്രൻമാർക്കെങ്കിലും കൊടുക്കണം. അപ്പോഴും ഓർമ വന്നത് ജന്മദേശത്തെ! ഹൊ, നമ്മുടെയൊരു ദേശസ്നേഹമേ!!!
ഏത് കൊഞ്ഞാണനും ഒരു സുപ്രഭാതത്തിൽ കയറി രാഷ്ട്ര നേതാവാവാൻ കഴിയുന്ന ഒരേ ഒരു രാജ്യം മേരാ ഭാരത് മഹാൻ ഹൈ. ഒറ്റ കണ്ടീഷനേ ഉള്ളൂ - ഒന്നുകിൽ കൈയിൽ കാശുണ്ടാവണം, അല്ലെങ്കിൽ അഛൻ/അമ്മ കൊടികുത്തിയ നേതാവാവണം (അപ്പോഴും പോക്കറ്റിൽ ചില്ലറ കോടികൾ നിർബന്ധം). വിമാനം പറത്തി നടന്ന രാജീവ്ജി ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിജി ആയത് ബഹുജന സമരങ്ങളുടെ തീച്ചൂളയിൽ അഗ്നിശുദ്ധി തെളിയിച്ചിട്ടാണോ? പാലുകുടി മാറിയിട്ടില്ലാത്ത സിന്ധ്യാ പുത്രനും സങ്മാ പുത്രിയുമൊക്കെ കേന്ത്ര മന്ത്രിമാരാവാൻ കുപ്പായം തുന്നി കാത്തിരിക്കുന്നു. ഉറങ്ങിക്കിടന്നേടത്ത് നിന്ന് വിളിച്ചെഴുന്നേല്പിച്ചല്ലേ ആ ചരിത്ര വിഢികൾ ദേവ ഗൌഡയുടെ കൈയിൽ രാജ്യഭാരം ഏല്പിച്ചുകൊടുത്തത്! ഇത്രയേ ഉള്ളു ഇന്ത്യാ ഭരണം - വെരി സിംപ്ൾ. അപ്പോൾ പിന്നെ അന്താരാഷ്ട്രം ഭരിച്ചു നടക്കുന്ന നമുക്കാണൊ പ്രയാസം!

നേരെ വെച്ചടിച്ചു, ജന്മദേശത്തേക്ക്. കാണേണ്ടവരെ കണ്ടു, പിടിക്കേണ്ടെടത്ത് പിടിച്ചു. കുറച്ച് ചില്വാനം ഇറക്കി. അപ്പോഴാണ് ഇലക്ഷനെപ്പറ്റി കേട്ടത്. ഇലക്ഷനോ? ഇന്ത്യയിലോ? ഇവിടെ ഇപ്പോഴും രാജഭരണമല്ലേ? ട്രൌസറിട്ടു നടക്കുന്ന കാലത്ത് നാട് വിട്ടതാണ്. ഒന്നും ഓർമയില്ല. അതുകൊണ്ട് ദേശീയഗാനം വരെ അമേരിക്കൻ രീതിയിലാണ് ആലപിക്കുന്നത്.

ഏതായാലും ഇലക്ഷനെങ്കിൽ ഇലക്ഷൻ. നിന്നു, ജയിച്ചു - അതും സായിപ്പിന്റെ ഭാഷയിൽ “ഫ്ലൈയിങ് കളേഴ്സിൽ”. അപ്പോഴാണ് ആദ്യമായി ജനം ശരിക്കും കന്നുകാലികളാണെന്ന് ബൊധ്യപ്പെട്ടത്. അല്ലെങ്കിൽ എങ്ങാണ്ട് നിന്നോ വന്ന്, ജീവിതത്തിൽ ആദ്യത്തെ വോട്ട് തനിക്ക് തന്നെ ചെയ്യുന്ന ഒരുത്തനെ ആരെങ്കിലും ജയിപ്പിച്ചു വിടുമോ!!? പത്തു മുപ്പതിനായിരം രൂപ സ്വന്തം കീശയിൽ നിന്ന് മുടക്കി ഇവിടെ ദില്ലിയിൽ വന്ന് കിടക്കുന്നത് ജനങ്ങളെ സേവിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞത് ഇവന്മാർ വെള്ളം തൊടാതെ വിഴുങ്ങിയപ്പോൾ വിശ്വാസം രൂഢമൂലമായി! ഇപ്പോഴല്ലേ ഇവിടെ ഓരോരുത്തർ നേതാവാവുന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയത്!!

ആദ്യമേ ഇതൊക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ പുതുമോടിയിൽ ഒന്നും പറഞ്ഞില്ല. ഇപ്പോൾ കാലവും മുഹൂർത്തവും നോക്കി അന്നു വായ തുറന്നു- തുറന്നപ്പോഴേ വിവാദവും വന്നു. വിമാനങ്ങളിൽ ഈ ഊച്ചാളികൾ സഞ്ചരിക്കുന്ന ക്ലാസ്സിന് കന്നുകാലി ക്ലാസ്സ് എന്നല്ലാതെ വേറെന്താ പറയുക? ഓ നമുക്ക് വയ്യേ അതിൽ കയറാൻ. ഇനി അഥവാ കയറണമെങ്കിൽ ചില വിശുദ്ധ പശുക്കളൊക്കെ കൂട്ടിനുണ്ടാവണം. ചുമ്മാ തട്ടി തലോടി ഇരിക്കാമല്ലോ.
ഇപ്പൊൾ ഈ വലിയ വായിൽ നിലവിളിക്കുന്ന കോൺഗ്രസ്സുകാരൊക്കെ ഫലമൂലാദികൾ ഭക്ഷിച്ച്, കാട്ടരുവിയിലെ ജലം കുടിച്ച്, മരവുരിയുടുത്തു നടക്കുന്ന ആശ്രമ വാസികളാണോ? തരം കിട്ടുമ്പോൾ എവിടെ നിന്നും കൈയിട്ടു വാരുന്ന, ദില്ലിയിൽ ചൂട് തുടങ്ങിയാൽ സ്വിറ്റ്സർലാന്റിലും കാനഡയിലുമൊക്കെ കരാറൊപ്പിടാൻ എന്ന വ്യാജേന സകുടുംബം ഉല്ലാസ യാത്ര നടത്തുന്ന നല്ല പച്ച കോൺഗ്രസ്സുകാർ തന്നെയാണ്. എന്നിട്ട് ജനങ്ങളെ വീണ്ടും കന്നുകലികളാക്കാനല്ലേ ഈ തീവണ്ടി യാത്രയും എക്കണോമി ക്ലാസ്സും?
എന്നിട്ടിപ്പോ നമ്മൾ അത് പറഞ്ഞുപോയതാണ് വലിയ കുറ്റം. അതൊക്കെ ആ മന്മോഹൻ സർദാർജിയെ കണ്ട് പഠിക്കണം. നമ്മുടെ തമാശ കേട്ട് ടിയാൻ ചിരിച്ചു ചിരിച്ച് മണ്ണ് കപ്പിയെന്നാണ് കേൾക്കുന്നത്. വൈകാതെ ആസ്ഥാന വിദൂഷകപ്പട്ടവും നമുക്ക് ലഭിച്ചേക്കും.

എവിടെപ്പോയാലും മലയാളി മലയാളി ആയിരിക്കണമല്ലൊ. അതുകൊണ്ട് ജാഡയുടെ കാര്യത്തിൽ നോ കോംപ്രമൈസ്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ജാഡയുടെ ഹെഡ്ഡാപ്പിസുകളായ മലയാളികൾക്ക് എന്തുകൊണ്ടും യോഗ്യനായ പ്രതിനിധി നമ്മൾ തന്നെ. മമ്മൂട്ടി സിനിമയിൽ പറയുന്ന പോലെ പാവപ്പെട്ടവന്റേയും പട്ടിണിക്കാരന്റേയും ഒക്കെ ഇന്ത്യയെ മനസ്സിലാക്കാനുള്ള സെൻസും സെൻസിബിലിറ്റിയും ഒക്കെ നമുക്കുണ്ട്. പക്ഷേ അതൊന്നും ഉപയോഗിക്കില്ലെന്ന് മാത്രം. എല്ലാരും കഴുതകളാക്കുമ്പോൾ നമ്മൾ കന്നാലികളാക്കുന്നു. അത്രേ ഉള്ളൂ.
ഇനി ശിഷ്ട കാലം ഈ കന്നാലിക്കൂട്ടത്തേയും മേച്ച് കഴിഞ്ഞുക്കൂടാൻ തന്നെയാണ് ഭാവം. അത് കണ്ട് ഒരു കോൺഗ്രസ്സുകാരനും നിലവിളിച്ചിട്ട് കാര്യമില്ല.

Wednesday, September 9, 2009

C. P. I. M. Pvt. Ltd (സെന്റർ ഫോർ പ്രൊട്ടെക്ഷൻ ഓഫ് ഇമ്മോറൽസ് അന്റ് മിനിസ്റ്റേഴ്സ്. പ്രൈവറ്റ് ലിമിറ്റഡ്)

പ്രിയ ഗുണ്ടകളേ, കൊള്ളക്കാരേ, വ്യഭിചാരികളേ, നിങ്ങളുടെ ചിരകാല സ്വപ്നങ്ങളുടെ സാക്ഷാത്കാരമായി, നിങ്ങൾക്ക് വേണ്ടി മാത്രമായിതാ പുതുപുത്തൻ സേവനങ്ങളുടെ വൈവിധ്യമാർന്ന ഒരു ശ്രേണി!! ഓരോ ഗുണ്ടയുടേയും ക്രിമിനലിന്റേയും പ്രത്യേക ആവശ്യങ്ങൾ മുന്നിൽ കണ്ട്, പരിചയ സമ്പന്നരായ ഞങ്ങളുടെ ക്രൈം വിദഗ്ധർ അണിയിച്ചൊരുക്കുന്ന അത്യാധുനിക സർവീസുകൾ.

About us
ചരിത്രത്തിന് മുഖം തിരിഞ്ഞ് നിന്ന ഒരു ജനതയെ നേര്‍വഴിക്ക് നടത്തിക്കാന്‍ യത്നിച്ച ഒരു ബഹുജന പ്രസ്ഥാനമായായിരുന്നു ഞങ്ങളുടെ തുടക്കം. ഭ്രാന്താലയം എന്ന് വിവരമുള്ളവരെക്കൊണ്ട് പറയിച്ചിടത്തുനിന്ന് ഒരു ആധുനിക സമൂഹമാക്കി നമ്മുടെ ജനതയെ ഉയർത്തിയെടുത്തതിൽ ഞങ്ങളുടെ മുൻഗാമികൾ വഹിച്ച പങ്ക് എതിരാളികൾ പോലും നിഷേധിക്കുന്നില്ല. എന്നാൽ, പരിപ്പ് വടയും കട്ടൻ ചായയും കൊണ്ട് ഇനി കാര്യമില്ലെന്ന് പുതിയ കാലത്തെ പുത്തൻ മനേജ്നെന്റ് വിദഗ്ധർ തിരിച്ചറിഞ്ഞതോടെ പ്രസ്ഥാനത്തെ ഒരു പ്രൈവറ്റ് ലിമിറ്റ്ഡ് കമ്പനിയായി റജിസ്റ്റർ ചെയ്യുകയായിരുന്നു. ഞങ്ങളുടെ പ്രധാന കമ്പീറ്റിങ് കമ്പനി പണ്ട് മുതലേ മോഷണത്തിൽ സ്പെഷ്യലൈസ് ചെയ്യുന്നതിനാൽ ഞങ്ങൾ തൽക്കാലം ഗുണ്ടായിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

Our mission statement
ആയിരം നിരപരാധികൾ തട്ടിപ്പോയാലും ഒരു ഗുണ്ട പോലും ശിക്ഷിക്കപ്പെടരുത്.

Our services
C P I M സർട്ടിഫൈഡ് വൈറ്റ് വാഷ് സർവീസ്:
കട്ടും മോട്ടിച്ചും പണം സമ്പാദിച്ചവൻ എന്ന ദുഷ്പേര് നിങ്ങളെ വേട്ടയാടുന്നുവോ? എങ്കിൽ ഈ ചെലവേറിയ സേവനം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. ഞങ്ങളുടെ സി. ഇ. ഓ ആയ ശ്രീ അന്ധകാർ താരാട്ട് നേരിട്ട് വന്ന് “ഇയാൾ വിശുധനാണ്” എന്ന മന്ത്രം 1001 തവണ ഉരുക്കഴിക്കുന്നതോടെ നിങ്ങളുടെ വെള്ളപൂശൽ ചടങ്ങുകൾക്ക് തുടക്കമാവുന്നു. പിന്നീട് ഞങ്ങളുടെ കമ്പനി പത്രം നിങ്ങളുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടുകയും, പ്രത്യേകം നിയോഗിക്കപ്പെട്ട ഗുണ്ടകൾ നാട്ടുകാരെ മുഴുവൻ “പോടാ പുല്ലേ..” എന്ന് മൈക്ക് കെട്ടി വിളിക്കുകയും ചെയ്യുന്നതോടെ നിങ്ങൾ വാഴ്ത്തപ്പെട്ടവനായി മാറുന്നു. ഇതിലേക്കുള്ള ലാമിനേറ്റ്ഡ് സർട്ടിഫിക്കറ്റ് ചടങ്ങുകളുടെ അവസാനം നൽകുന്നതായിരിക്കും.
അഴിമതിക്കാർക്കും വ്യഭിചാരികൾക്കും പ്രത്യേകം ഡിസ്കൌണ്ട് ലഭ്യമാണ്.

മന്ത്രി പുത്രൻസ് സ്പെഷ്യൽ പ്രൊട്ടെക്ഷൻ സ്കീം: ഞങ്ങളുടെ ഏറ്റവും വിലപിടിച്ച ഈ സേവനം കോടീശ്വരന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. മറ്റെല്ലാ രക്ഷാ മാർഗങ്ങളും അടയുമ്പോൾ, മന്ത്രി പുത്രന്മാർ നേരിട്ട് വന്ന് നിങ്ങളുടെ സംരക്ഷണച്ചുമതല ഏൽക്കുന്നു എന്നതാണ് ഈ സ്കീമിന്റെ പ്രത്യേകത. തീർത്തും ഫൂൾപ്രൂഫ് ആയ ഈ സ്കീമിൽ അംഗമാകുന്നവർക്ക് ഏത് കൊടും പാതകവും ഭയലേശമന്യേ ചെയ്യാനുള്ള ലൈസൻസ് നൽകുന്നതായിരിക്കും.

ഗുണ്ടാ റെന്റൽ സർവീസ്: വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഞങ്ങളുടെ ഗുണ്ടാപ്പടയുടെ സേവനം പ്രയോജനപ്പെടുത്തുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, ലോക്കൽ-ഏരിയാ-ബ്രാഞ്ച് തലം മുതൽ സംസ്ഥാന-ദേശീയ തലം വരെയുള്ള ഞങ്ങളുടെ വിശാലമായ ഗുണ്ടാ നെറ്റ്വർക്ക്, ഏത് ഓപ്പറേഷനും നടത്താൻ നിങ്ങളുടെ ആജ്ഞക്കായി കാത്തിരിക്കുന്നു.

ഗുണ്ടാ റെസ്ക്യൂ സർവീസ്: കൊല, കൊള്ള, ബലാത്സംഗം തുടങ്ങിയ കേസുകളിൽ കുടുങ്ങി നെട്ടോട്ടമോടുന്ന ഗുണ്ടയാണോ നിങ്ങൾ? ഞങ്ങളുടെ ഗുണ്ടാ റെസ്ക്യൂ സെൽ നിങ്ങൾക്ക് സമ്പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ സംരക്ഷണയിലുള്ള ഗുണ്ടയെ ലോകത്തെ ഒരു പോലീസുകാരനും തൊടാൻ ധൈര്യപ്പെടില്ല എന്നത് കാലം തെളിയിച്ച സത്യം.

ഗുണ്ടാ ട്രെയിനിങ്ങ് സർവീസ്: കൈയിൽ മസിലും തലക്കകത്ത് ചെളിയുമുള്ള ചെറുപ്പക്കാർക്ക് ഒരു സുവർണാവസരം. നിങ്ങളെ ഒരു സമ്പൂർണ ഗുണ്ടയാക്കി മാറ്റുന്ന ഇന്റൻസീവ് ട്രെയിനിങ് പ്രോഗ്രാം. ട്രെയിനിങ് കാലയളവിൽ, ഗവർണറെ തടയൽ, കോളേജ് അടിച്ചു പൊളിക്കൽ തുടങ്ങിയ ലൈവ് പ്രോജെക്റ്റുകളിൽ പങ്കെടുക്കാൻ അവസരം. പഠനത്തിൽ മികവ് പുലർത്തുന്നവർക്കും ബിഷപ്പ്, മൊല്ലാക്ക തുടങ്ങിയവരുടെ കാല് പിടിക്കാൻ തയ്യാറുള്ളവർക്കും ഞങ്ങളുടെ കമ്പനിയിൽ വിവിധ തസ്തികകളിൽ നിയമനം ലഭിക്കുന്നു.

Our future plans:
പോലീസ് സേനയെ ഗുണ്ടാ സംരക്ഷണ സേന എന്ന് പുനർനാമകരണം ചെയ്യാൻ ആഭ്യന്തര വകുപ്പിൽ സമ്മർദ്ദം ചെലുത്തും.

ഇപ്പോഴും ഒരു ചുവന്ന പ്രഭാതം സ്വപ്നം കണ്ട് കഴിയുന്ന ഞങ്ങളുടെ കൂട്ടത്തിലെ കീടങ്ങളുടേയും മന്ദബുദ്ദികളുടേയും ഉന്മൂല നാശം വരുത്തും.

മോഷണ വൈദഗ്ധ്യത്തിൽ ഞങ്ങളുടെ പ്രധാന കമ്പീറ്റിങ് കമ്പനിയെ പിന്തള്ളും.

Statutory Warning: ഗുണ്ടായിസം ആരോഗ്യത്തിന് ഹാനികരമാണ്.

Friday, August 28, 2009

Monday, July 27, 2009

സെഫിക്ക് കൂട്ട് മന്ത്രിണി!!!!

അല്ലേ, ഇവളുമാര് തമ്മില്‍ എങ്ങനാ? ഒരുത്തിയെപ്പറ്റി ഒരു ചാര്‍ജ് ഷീറ്റില്‍ എന്നതൊക്കെയോ പറഞ്ഞെന്നുംവച്ച് മറ്റോള്‍ക്കെന്നാന്നേ ഇത്രെ ദണ്ണം? നാട്ടിലുള്ള സര്‍വ കള്ളന്‍മാരുടേയും ഗുണ്ടകളുടേയും വ്യഭിചാരികളുടേയുമൊക്കെ കേസ് ഇവന്‍മാരെന്നാത്തിനാന്നേ ഏറ്റെറ്റുക്കുന്നേ? കര്‍ത്താവേ, ഈ സി. പി. ഐ (എം) എന്ന് പറഞ്ഞാല്‍ സെന്റര്‍ ഫോര്‍ പ്രൊട്ടെക്ഷന്‍ ഒഫ് ഇമ്മോറല്‍ (മിനിസ്ടേഴ്സ്) എന്നാണോ?

Sunday, July 5, 2009

പിണറായിയെ പുറത്താക്കാന്‍ നൂറ്റൊന്ന് വഴികള്‍..

താഴെ പറയുന്ന കാര്യങ്ങളില്‍ ചുരുങ്ങിയത് രണ്ടെണ്ണമെങ്കിലും പിണറായി സഖാവ് ചെയ്താല്‍ കാരാട്ട് സഖാവ് കൈയോടെ ടിയാനെ പൊക്കിയെടുത്ത് ദൂരെ കളയും;
1. പാര്‍ട്ടിയെപ്പറ്റി ജനങ്ങള്‍ക്ക് നല്ല വിവരമുണ്ടെന്ന് പിണറായി പരസ്യമായി പറയണം.
2. ടിയാന്റെ കൈയിലുള്ള തോക്ക് കൊണ്ട് അര ഡസന്‍ പേരെ കൊല്ലണം(തല്ലിക്കൊന്നാലും മതി).
3. കാരാട്ട് സഖാവിനെ പാര്‍ട്ടിയുടെ ആജീവനാന്ത ജനറല്‍ സെക്രട്ടറിയായി പിണറായി തന്നെ മുന്‍കൈയെടുത്ത് വാഴിക്കണം( വേറാരെങ്കിലും മുന്‍കൈയെടുത്താല്‍ പോരാ, കട്ടായം ).
4. ഒരുപാട് പേര്‍, ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച്, തോക്കുകളേയും തൂക്കുമരങ്ങളേയും വെല്ലുവിളിച്ച് വളര്‍ത്തിയെടുത്തതാണ് പാര്‍ട്ടി എന്ന ബോധോദയം ഒരു സുപ്രഭാതത്തില്‍ ടിയാനുണ്ടാവണം.

ഇതൊന്നുമല്ലെങ്കില്‍ കാക്ക മാലര്‍ന്ന് പറക്കണം.

അല്ലാതെ ഈ ചീള് ലാവലിന്‍ കേസിന്റെ പേരില്‍ മാത്രം പിണറായിയെ പുറത്താക്കാനൊന്നും പറ്റില്ല. കാരണം അദ്ദേഹത്തിന് അതിനേക്കാള്‍ പൊട്ടെന്‍ഷ്യലുണ്ടെന്ന് കാരാട്ടവര്‍കള്‍ക്ക് അസ്സലായറിയാം.

ഇനി മേല്‍ പറഞ്ഞ ചിന്ന കൃത്യങ്ങളൊന്നും ചുമ്മാതങ്ങ് ചെയ്താല്‍ പോരാ. ചെയ്യുന്നതിന്റെ വീഡിയോ ( ഡോ. മാലിനി എഡിറ്റ് ചെയ്യാത്തത് ) ദേശാഭിമാനി പ്രത്യേക ലേഖകന്‍ വശം കാരാട്ട് സഖാവിനും തിരു വാമഭാഗം ബൃന്ദ സഖാവിനും എത്തിക്കണം.
അത് കണ്ട് ഇരുവര്‍ക്കും കണ്‍കുളിര്‍ത്താല്‍ കാരാട്ട് സഖാവ് പിണറായി സഖാവിനെ അങ്ങോട്ട് ചെന്ന് കണ്ട്, ഇച്ചിരി ചെരിഞ്ഞു നിന്ന് ഒന്ന് കൊഞ്ഞനം കാണിക്കും. സാബ്ജി മൈന്‍ഡ് ചെയ്തില്ലെങ്കില്‍ കുറച്ചൊകൂടി നീങ്ങി നിന്ന് "പുറത്ത് പോ" എന്ന അര്‍ത്ഥത്തില്‍ മുഖം ഒന്ന് വെട്ടിച്ചു കാണിക്കും ( ഇന്നസന്റ് സ്റ്റൈലില്‍ ). എന്നിട്ടും പോയില്ലെങ്കില്‍ ....ഹി..ഹി......

Tuesday, June 30, 2009

അയോധ്യയിലെ വിവാദ മന്ദിരം തകര്‍ത്തത് ടൊര്‍ണാഡോ ആവാം.

പണ്ടൊരിക്കല്‍ നമ്മുടെ ഭാരതീയ റെയില്‍വേ, പത്തുനൂറ്റിച്ചില്വാനം മനുഷ്യന്‍മാരെ തെക്കന്‍ കേരളത്തിലെ പെരുമണ്‍ കായലില്‍ മുക്കിക്കൊന്നു. അടച്ചിട്ട കംപാര്‍ട്ട്മെന്റുകളില്‍, കൂരാക്കൂരിരുട്ടില്‍, അന്ന് ശ്വാസം മുട്ടി ചത്ത് മലച്ചത് കൃത്യമായി എത്ര പേരെന്നത് ഇന്നും അജ്ഞാതം. പഴകി ദ്രവിച്ച ഒരു പാലം തകര്‍ന്ന് തീവണ്ടി കായലില്‍ വീണുണ്ടായ ആ അപകടത്തിന്റെ കാരണമന്വേഷിക്കാന്‍ അന്ന് ഒരു മഹാന്‍ നിയമിതനായി. റെയില്‍വേ സേഫ്റ്റി കമ്മീഷണറായ ഈ മഹാശാസ്ത്രജ്ഞന്‍ നീണ്ട ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ അപകടത്തിന്റെ ശാസത്രീയ കാരണം കണ്ടെത്തി - ടൊര്‍ണാഡോ!! ഐലന്റ് എക്സ്പ്രസ്സിനെ അന്ന് പെരുമണ്‍ പാലത്തില്‍ നിന്ന് തള്ളിയിട്ടത് ആകാശത്തു നിന്ന് ഇറങ്ങി വന്ന ഒരു കൊടുങ്കാറ്റായിരുന്നുവത്രെ!! ഓരോ ഇന്ത്യക്കാരന്റേയും സാമാന്യ ബുദ്ധിക്കു മുന്നില്‍ ഒരു ചൊദ്ദ്യചിഹ്നമായി നിന്ന ഈ ഉളുപ്പു കെട്ട കണ്ടുപിടുത്തം പക്ഷേ നമ്മുടെ ഉളുപ്പു കെട്ട ഭരണാധികാരികള്‍ വേദവാക്യമായെടുത്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടു. കുറേ മനുഷ്യരെ എലികളെ കൊല്ലുമ്പോലെ മുക്കിക്കൊന്ന കുറ്റത്തിന് ഒരുത്തനും ഉത്തരം പറയേണ്ടി വന്നില്ല. ആരും മറുചോദ്യമൊന്നും ഉന്നയിച്ചതുമില്ല. ജനം എല്ലാം സഹിച്ചു.

തൊണ്ണൂറ്റിരണ്ടില്‍, അയോധ്യയിലെ വിവാദ മന്ദിരം ഒരു കൂട്ടം ക്രിമിനലുകള്‍ തകര്‍ത്തത് നടുക്കത്തോടെയാണ് നാം ദൃശ്യ മാധ്യമങ്ങളിലൂടെ കണ്ടത്. അത് ചെയ്തതും ചെയ്യിച്ചതും ആരെന്ന്, ബുദ്ധിഭ്രമം ബാധിച്ചിട്ടില്ലാത്ത ആര്‍ക്കും പകല്‍ പോലെ വ്യക്തമായിരുന്നു. പക്ഷേ സത്യം കണ്ടുപിടിക്കാന്‍ കമ്മീഷന്‍ വേണമായിരുന്നു. കമ്മീഷന്‍ ഒടുക്കം സത്യം കണ്ടെത്തി റിപ്പോര്‍ട്ടായി സമര്‍പ്പിച്ചു. അതിന് പക്ഷേ നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ വേണ്ടിവന്നുവെന്നുമാത്രം!!
വിവാദ മന്ദിരം ഒരു ടൊര്‍ണാഡോയില്‍ തകര്‍ന്നുപോയതാണെന്ന് ശ്രീമാന്‍ ലിബറാന്‍ കണ്ടെത്തിയാല്‍ ആരും അല്‍ഭുതപ്പെടില്ല. കാരണം നമുക്കിത് ശീലമായിരിക്കുന്നു. ഷണ്ഡത്വം ബാധിച്ച ജനത ഇതും സഹിക്കാന്‍ ബാധ്യസ്ഥാരാണ്.

മന്ദിരം സംരക്ഷിക്കാമെന്ന് കല്യാണ്‍ സിങ്ങ് സത്യം ചെയ്തത് നരസിംഹ റാവു വിശ്വസിച്ചുപോയിരുന്നുവത്രെ. മന്ദിരം തകര്‍ക്കാനല്ല, മറിച്ച് അതിനെ സംരക്ഷിക്കാനാണ് താന്‍ അയോധ്യയില്‍ ചെന്നതെന്നാണത്രെ ഭാ. ജ. പായുടെ തലതൊട്ടപ്പന്‍ കമ്മീഷനോട് പറഞ്ഞത്. അപ്പൊപ്പിന്നെ ആരാ അത് പൊളിച്ചത്?
ഇതെല്ലാം കേട്ട് തല മരവിച്ചുപോയത് കൊണ്ടാവണം ഇരുന്നൂറ് പേജുള്ള ഒരു റിപ്പോര്‍ട്ടെഴുതാന്‍ ശ്രീ ലിബറാന്‍ പതിനേഴ് വര്‍ഷമെടുത്തത്.

ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരിയെടുക്കുന്ന നികുതിപ്പണത്തില്‍ നിന്ന് കുറേ കോടികള്‍ ചിലവിട്ട് ജനങ്ങളെത്തന്നെ വിഡ്ഡികളാക്കാന്‍ ഇനിയും കമ്മീഷനുകള്‍ വരും. അടുത്തുണ്‍ പറ്റിയ ഒരുകൂട്ടം ഉളുപ്പ് കെട്ടവര്‍ ഊഴം കാത്തിരിപ്പുണ്ട്. വിഡ്ഡികളാവാന്‍ ജനം തയ്യാറെടുത്തിരിപ്പുണ്ട്. പിന്നെയെന്തിന് മടിക്കണം? കാട്ടിലെ മരം..തേവരുടെ ആന..വലിയെടാ വലി...

NB:- ജീവിതാവസാനം വരെ ജനങ്ങളുടെ ചെലവില്‍ സുഖിക്കാന്‍ ഭാഗ്യം ചെയ്ത ചിലരുണ്ട്. ഉപയോഗപ്രദമായ ഒരു കാര്യത്തിനും ഇനി കൊള്ളാത്ത കരുണാകരനെ ഗവര്‍ണറാക്കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ ശിഷ്ടകാലം ആഹ്ളാദകരമാക്കാനാണത്രെ!! ചെലവ് ജനം വഹിച്ചോളുമല്ലോ..