Friday, August 28, 2009

C. P. I. M. Pvt. Ltd (സെന്റർ ഫോർ പ്രൊട്ടെക്ഷൻ ഓഫ് ഇമ്മോറൽസ് അന്റ് മിനിസ്റ്റേഴ്സ്. പ്രൈവറ്റ് ലിമിറ്റഡ്)

പ്രിയ ഗുണ്ടകളേ, കൊള്ളക്കാരേ, വ്യഭിചാരികളേ, നിങ്ങളുടെ ചിരകാല സ്വപ്നങ്ങളുടെ സാക്ഷാത്കാരമായി, നിങ്ങൾക്ക് വേണ്ടി മാത്രമായിതാ പുതുപുത്തൻ സേവനങ്ങളുടെ വൈവിധ്യമാർന്ന ഒരു ശ്രേണി!! ഓരോ ഗുണ്ടയുടേയും ക്രിമിനലിന്റേയും പ്രത്യേക ആവശ്യങ്ങൾ മുന്നിൽ കണ്ട്, പരിചയ സമ്പന്നരായ ഞങ്ങളുടെ ക്രൈം വിദഗ്ധർ അണിയിച്ചൊരുക്കുന്ന അത്യാധുനിക സർവീസുകൾ.

About us
ചരിത്രത്തിന് മുഖം തിരിഞ്ഞ് നിന്ന ഒരു ജനതയെ നേര്‍വഴിക്ക് നടത്തിക്കാന്‍ യത്നിച്ച ഒരു ബഹുജന പ്രസ്ഥാനമായായിരുന്നു ഞങ്ങളുടെ തുടക്കം. ഭ്രാന്താലയം എന്ന് വിവരമുള്ളവരെക്കൊണ്ട് പറയിച്ചിടത്തുനിന്ന് ഒരു ആധുനിക സമൂഹമാക്കി നമ്മുടെ ജനതയെ ഉയർത്തിയെടുത്തതിൽ ഞങ്ങളുടെ മുൻഗാമികൾ വഹിച്ച പങ്ക് എതിരാളികൾ പോലും നിഷേധിക്കുന്നില്ല. എന്നാൽ, പരിപ്പ് വടയും കട്ടൻ ചായയും കൊണ്ട് ഇനി കാര്യമില്ലെന്ന് പുതിയ കാലത്തെ പുത്തൻ മനേജ്നെന്റ് വിദഗ്ധർ തിരിച്ചറിഞ്ഞതോടെ പ്രസ്ഥാനത്തെ ഒരു പ്രൈവറ്റ് ലിമിറ്റ്ഡ് കമ്പനിയായി റജിസ്റ്റർ ചെയ്യുകയായിരുന്നു. ഞങ്ങളുടെ പ്രധാന കമ്പീറ്റിങ് കമ്പനി പണ്ട് മുതലേ മോഷണത്തിൽ സ്പെഷ്യലൈസ് ചെയ്യുന്നതിനാൽ ഞങ്ങൾ തൽക്കാലം ഗുണ്ടായിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

Our mission statement
ആയിരം നിരപരാധികൾ തട്ടിപ്പോയാലും ഒരു ഗുണ്ട പോലും ശിക്ഷിക്കപ്പെടരുത്.

Our services
C P I M സർട്ടിഫൈഡ് വൈറ്റ് വാഷ് സർവീസ്:
കട്ടും മോട്ടിച്ചും പണം സമ്പാദിച്ചവൻ എന്ന ദുഷ്പേര് നിങ്ങളെ വേട്ടയാടുന്നുവോ? എങ്കിൽ ഈ ചെലവേറിയ സേവനം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. ഞങ്ങളുടെ സി. ഇ. ഓ ആയ ശ്രീ അന്ധകാർ താരാട്ട് നേരിട്ട് വന്ന് “ഇയാൾ വിശുധനാണ്” എന്ന മന്ത്രം 1001 തവണ ഉരുക്കഴിക്കുന്നതോടെ നിങ്ങളുടെ വെള്ളപൂശൽ ചടങ്ങുകൾക്ക് തുടക്കമാവുന്നു. പിന്നീട് ഞങ്ങളുടെ കമ്പനി പത്രം നിങ്ങളുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടുകയും, പ്രത്യേകം നിയോഗിക്കപ്പെട്ട ഗുണ്ടകൾ നാട്ടുകാരെ മുഴുവൻ “പോടാ പുല്ലേ..” എന്ന് മൈക്ക് കെട്ടി വിളിക്കുകയും ചെയ്യുന്നതോടെ നിങ്ങൾ വാഴ്ത്തപ്പെട്ടവനായി മാറുന്നു. ഇതിലേക്കുള്ള ലാമിനേറ്റ്ഡ് സർട്ടിഫിക്കറ്റ് ചടങ്ങുകളുടെ അവസാനം നൽകുന്നതായിരിക്കും.
അഴിമതിക്കാർക്കും വ്യഭിചാരികൾക്കും പ്രത്യേകം ഡിസ്കൌണ്ട് ലഭ്യമാണ്.

മന്ത്രി പുത്രൻസ് സ്പെഷ്യൽ പ്രൊട്ടെക്ഷൻ സ്കീം: ഞങ്ങളുടെ ഏറ്റവും വിലപിടിച്ച ഈ സേവനം കോടീശ്വരന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. മറ്റെല്ലാ രക്ഷാ മാർഗങ്ങളും അടയുമ്പോൾ, മന്ത്രി പുത്രന്മാർ നേരിട്ട് വന്ന് നിങ്ങളുടെ സംരക്ഷണച്ചുമതല ഏൽക്കുന്നു എന്നതാണ് ഈ സ്കീമിന്റെ പ്രത്യേകത. തീർത്തും ഫൂൾപ്രൂഫ് ആയ ഈ സ്കീമിൽ അംഗമാകുന്നവർക്ക് ഏത് കൊടും പാതകവും ഭയലേശമന്യേ ചെയ്യാനുള്ള ലൈസൻസ് നൽകുന്നതായിരിക്കും.

ഗുണ്ടാ റെന്റൽ സർവീസ്: വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഞങ്ങളുടെ ഗുണ്ടാപ്പടയുടെ സേവനം പ്രയോജനപ്പെടുത്തുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, ലോക്കൽ-ഏരിയാ-ബ്രാഞ്ച് തലം മുതൽ സംസ്ഥാന-ദേശീയ തലം വരെയുള്ള ഞങ്ങളുടെ വിശാലമായ ഗുണ്ടാ നെറ്റ്വർക്ക്, ഏത് ഓപ്പറേഷനും നടത്താൻ നിങ്ങളുടെ ആജ്ഞക്കായി കാത്തിരിക്കുന്നു.

ഗുണ്ടാ റെസ്ക്യൂ സർവീസ്: കൊല, കൊള്ള, ബലാത്സംഗം തുടങ്ങിയ കേസുകളിൽ കുടുങ്ങി നെട്ടോട്ടമോടുന്ന ഗുണ്ടയാണോ നിങ്ങൾ? ഞങ്ങളുടെ ഗുണ്ടാ റെസ്ക്യൂ സെൽ നിങ്ങൾക്ക് സമ്പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ സംരക്ഷണയിലുള്ള ഗുണ്ടയെ ലോകത്തെ ഒരു പോലീസുകാരനും തൊടാൻ ധൈര്യപ്പെടില്ല എന്നത് കാലം തെളിയിച്ച സത്യം.

ഗുണ്ടാ ട്രെയിനിങ്ങ് സർവീസ്: കൈയിൽ മസിലും തലക്കകത്ത് ചെളിയുമുള്ള ചെറുപ്പക്കാർക്ക് ഒരു സുവർണാവസരം. നിങ്ങളെ ഒരു സമ്പൂർണ ഗുണ്ടയാക്കി മാറ്റുന്ന ഇന്റൻസീവ് ട്രെയിനിങ് പ്രോഗ്രാം. ട്രെയിനിങ് കാലയളവിൽ, ഗവർണറെ തടയൽ, കോളേജ് അടിച്ചു പൊളിക്കൽ തുടങ്ങിയ ലൈവ് പ്രോജെക്റ്റുകളിൽ പങ്കെടുക്കാൻ അവസരം. പഠനത്തിൽ മികവ് പുലർത്തുന്നവർക്കും ബിഷപ്പ്, മൊല്ലാക്ക തുടങ്ങിയവരുടെ കാല് പിടിക്കാൻ തയ്യാറുള്ളവർക്കും ഞങ്ങളുടെ കമ്പനിയിൽ വിവിധ തസ്തികകളിൽ നിയമനം ലഭിക്കുന്നു.

Our future plans:
പോലീസ് സേനയെ ഗുണ്ടാ സംരക്ഷണ സേന എന്ന് പുനർനാമകരണം ചെയ്യാൻ ആഭ്യന്തര വകുപ്പിൽ സമ്മർദ്ദം ചെലുത്തും.

ഇപ്പോഴും ഒരു ചുവന്ന പ്രഭാതം സ്വപ്നം കണ്ട് കഴിയുന്ന ഞങ്ങളുടെ കൂട്ടത്തിലെ കീടങ്ങളുടേയും മന്ദബുദ്ദികളുടേയും ഉന്മൂല നാശം വരുത്തും.

മോഷണ വൈദഗ്ധ്യത്തിൽ ഞങ്ങളുടെ പ്രധാന കമ്പീറ്റിങ് കമ്പനിയെ പിന്തള്ളും.

Statutory Warning: ഗുണ്ടായിസം ആരോഗ്യത്തിന് ഹാനികരമാണ്.