Sunday, May 17, 2009

പിണറായീ, ദേ വേറൊരു മെഗാഫോണ്‍!!!!

അഴീക്കോടിന്റെ പ്രസംഗം വെറും ശബ്ദപ്രപഞ്ചം സൃഷ്ടിക്കലാണെന്ന് പണ്ട് പറഞ്ഞത് എം. കൃഷ്ണന്‍ നായരാണ്. പക്ഷേ, കൃഷ്ണന്‍ നായര്‍ എന്തൊക്കെ പറഞ്ഞാലും, അഴീക്കോട് മാഷ് ഒരു മഹാനാണെന്ന് എന്ന് എല്ലാര്‍ക്കും അറിയാം. മാഷ്, വായില്‍ തോന്നുന്നതെന്തും മൈക്കിന്റെ മുന്നില്‍ വെച്ച് ഒരു തടവ് ശൊന്നാല്‍, പത്രക്കാര്‍ അത് നൂറ് തടവ് ഏറ്റ് ശൊന്ന് മഹദ് വചനമാക്കും, കൊണ്ടാടും. പിന്നെ, വയറ്റുപ്പിഴപ്പിന്റെ കാര്യമല്ലേ എന്ന് കരുതി ജനം അതൊക്കെയങ്ങ് സഹിക്കുകയും ചെയ്യും.

പക്ഷേ ഈയിടെയായി മാഷ് പേശുമ്പോ ശബ്ദത്തിന് എന്തോ ഒരു വ്യത്യാസം... വേറാരുടേയോ ശബ്ദം പോലെ...ജയരാജന്റെയാണോ, അതോ കുരങ്ങന്റേയോ? ആ.... മാഷക്ക് തന്നെ അത്രക്ക് നിശ്ചയം പോരാ...
പക്ഷേ കാര്യങ്ങളുടെ കിടപ്പൊക്കെ നാട്ടുകാര്‍ക്ക് മനസ്സിലാവുന്നുണ്ട്. വയസ്സാവുമ്പൊ നോക്കാന്‍ ആരെങ്കിലും വേണമെന്നുള്ള ഒരു വയോധികന്റെ ആഗ്രഹമല്ലേ, ചില്ലറ കോപ്രായങ്ങളൊക്കെ ആവാം. എന്ന് വച്ച് ഇങ്ങനെയൊക്കെ ആകാമോ എന്നൊരു സംശയമേ ഉള്ളൂ...
മാഷ് സുധാകരപ്രസാദിന് പഠിക്കുകയായിരിക്കും..ഭേഷ്.. വേണ്ടത് തന്നെ, വേണ്ടത് തന്നെ.

തൊഴിലാളിയുടെ മകന്‍ മുതലാളി, മുതലാളിയുടെ മകന്‍ ധാരാളി, ധാരാളിയുടെ മകന്‍ എരപ്പാളി, എരപ്പാളിയുടെ മകന്‍ പിന്നെ തൊഴിലാളി...ഇത് പ്രപഞ്ച സത്യം.

തൊഴിലാളികളുടെ പാര്‍ട്ടി മൊതലാളികളുടേതായി അപ്ഗ്രേഡ് ചെയ്യപ്പെട്ടിട്ട് കുറച്ച് കാലമായി. മുതലാളി മന്ത്രിമാരുടെ ധാരാളി മക്കള്‍ അവരുടെ തനി നിറം കാണിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ഇതൊക്കെ അങ്ങനേ പോവും.... വെറും നാച്ചുറല്‍ ഫിനോമിന‍. ഇതിനെയൊന്നും തടയാന്‍ ഏത് കൊമ്പത്തെ അച്ചുമ്മാവന്‍ വിചാരിച്ചാലും നടക്കില്ല മക്കളേ. ജനം ഇനി ഒന്നല്ല, ഒരു നൂറ് ഇലക്ഷന് എട്ട് നിലയില്‍ പൊട്ടിച്ചു വിട്ടാലും പാര്‍ട്ടി പഠിക്കില്ല.
മൂന്നാം മുന്നണിയെ ജനം വിശ്വാസത്തിലെടുത്തില്ലത്രെ! അതുകൊണ്ടാണത്രെ പാര്‍ട്ടി തോറ്റ് തുന്നംപാടിയത്!! ത്ഫൂ..... ഇവരാരെയാ പറ്റിക്കാന്‍ നോക്കുന്നേ, ജനങ്ങളെയോ?

പിണറായി-ജയരാജ‍-കുരങ്ങാദികള്‍ ഇനിയും ഇവിടെ അജയ്യരായിത്തന്നെ വിരാജിക്കും. പരിപ്പ് വടയും കട്ടന്‍ചായയും കഴിച്ച് പാര്‍ട്ടി വളര്‍ത്താന്‍ കഴിയില്ലെന്ന ഉത്തമവിശ്വാസം ഉള്ളത് കൊണ്ട് പാര്‍ട്ടി പഞ്ചനക്ഷത്രങ്ങളിലിരുന്ന് വിപ്ളവത്തിന്റെ റൂട്ട്മാപ്പ് തയ്യാറാക്കും. കൊള്ളയും കൊലയും പെണ്‍വാണിഭവും നടത്തും. ഇതൊന്നും ആര്‍ക്കും തടയാന്‍ കഴിയില്ല മക്കളേ. ചരിത്രത്തിന് ഇനി പിന്നോട്ട് നടക്കാന്‍ കഴിയില്ല.

അഴീക്കോട് മാഷിന് ഇതൊക്കെ നന്നായറിയാം. അതോണ്ട് മാഷ് ചുമ്മാ കാറ്റിനൊത്ത് തൂറ്റുന്നു, അത്രേ ഉള്ളൂ. വേണേല്‍ നിങ്ങളും കൂടിക്കോളിന്‍ ......

Saturday, May 2, 2009

പോലീസ് നാടക അവാര്‍ഡ്; "മാധവന്റെ മദനോല്‍സവം" മികച്ച നാടകം.

കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷത്തിനിടെ സംസ്ഥാന പോലീസ് ജനസമക്ഷം കാഴ്ച വച്ച മികച്ച നാടകങ്ങള്‍ക്കുള്ള കേരള പോലീസ് നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി പുത്രരും ചില ഉയര്‍ന്ന പോലീസുദ്യോഗസ്ഥരും പ്രധാന അവാര്‍ഡുകള്‍ പങ്കിട്ടു. ഒരു പൂച്ച സന്യാസി പ്രധാന വിഡ്ഡിവേഷം അവതരിപ്പിച്ച "മാധവന്റെ മദനോല്‍സവം" മികച്ച നാടകത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ബി. എം. ഡബ്ളിയൂ കിട്ടാന്‍ സ്വന്തം മകളെ കൂട്ടിക്കൊടുത്ത അമ്മയുടെ കഥ പറയുന്ന "എല്ലാം നിനക്കു വേണ്ടി"ക്ക് മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ "എയര്‍പോര്‍ട്ടിലെ അറബി" സംവിധാനം ചെയ്ത അജ്ഞാതന്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമക്കി.

എല്ലാറ്റിലും ചില മന്ത്രി പുത്രന്‍മാര്‍ പ്രധാന പങ്ക് വഹിച്ചതിനാല്‍, ആരേയും പിണക്കാതിരിക്കാന്‍ , നറുക്കിട്ടാണ് വിജയികളെ തീരുമാനിച്ചതെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ തസ്കര്‍ കായങ്കുളം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ആത്മഹത്യാ-കൊലപാതക സ്പെഷ്യലിസ്റ്റ് ശ്രീ "അഭയ" മൈക്ക്ള്‍, "കക്കയത്തെ കാണാക്കയങ്ങള്‍" എന്ന നാടകവുമയി ഒരുകാലത്ത് കേരളത്തെ പിടിച്ചു കുലുക്കിയ എലിക്കോട്ട് കൂരായണന്‍ എന്നിവര്‍ക്കാണ്.

നൂറിലധികം നാടകങ്ങളാണ് ഇത്തവണ അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണനക്ക് വന്നത്. ഇവയില്‍ ഏറ്റവും അവസാനം പുറത്തു വന്ന "ധീര ദേശാഭിമാനി മദനിമരക്കാര്‍", "കണ്ണൂരുണ്ണിയുടെ വിഷുക്കൈബോംബ്", "സൂഫിയത്താത്തയുടെ ഫയര്‍ ഫോഴ്സ്" തുടങ്ങിയവ ഇനിയും കര്‍ട്ടന്‍ വീഴാത്തതിനാല്‍ ഇതവണത്തെ അവാര്‍ഡിന് പരിഗണിക്കേണ്ടെന്ന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

കമ്മിറ്റിയുടെ പരിഗണനക്ക് വന്ന നാടകങ്ങളുടെ നിലവാരത്തെപ്പറ്റി വാചാലനായ ശ്രീ തസ്കര്‍, സംസ്ഥാന പോലീസ് അക്കാദമിയെ സംസ്ഥാന നാടക അക്കാദമിയില്‍ ലയിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് മുക്രയിട്ടു. "ഞങ്ങളുടെ അഭിനയത്തികവ് കാരണം ഞങ്ങള്‍ പറയുന്ന ഒരക്ഷരം പോലും ജനങ്ങള്‍ വിശ്വസിക്കാതായി. ഇത് പോലീസ് സേനയുടെ ഉന്നതമായ അര്‍പണബോധത്തിന്റെയും കാര്യശേഷിയുടേയും തെളിവാണ്" - അദ്ദേഹം അഭിമാനം കൊണ്ടു.
ട്രെയിനിങ്ങിന്റെ ഭാഗമായി, നാടകാവതരണത്തിലെ നൂതന സങ്കേതങ്ങളും കൊള്ളമുതല്‍ രമ്യമായി പങ്കുവെക്കാനുള്ള സാങ്കേതിക വിദ്യകളും പോലീസുകാരെ പഠിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "നാട്ടിലെ പൊതുജന-പത്ര മാഫിയയെ നേരിടാന്‍ ഇത് പോലീസിനെ സജ്ജമാക്കും"- അദ്ദേഹം പറഞ്ഞു. അഭിനയത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ പഠിപ്പിക്കാന്‍ പ്രശസ്ത ക്രിമിനോളജിസ്റ്റുകളായ ഡോ. രമാ ഗുപ്തന്‍ ‍, ഡോ. പയല്‍സ് വെടക്കുംചേരി എന്നിവരടങ്ങുന്ന കമ്മിറ്റിയെ നിയോഗിക്കും.

"എല്ലാം നിനക്കു വേണ്ടി"യില്‍, തിരുവനതപുരത്തുള്ള സ്ത്രീയെ തേടി ബങ്കലൂരുവില്‍ ചെല്ലുന്ന പോലീസുകാര്‍ അവരുടെ കാറ് കണ്ട് തൃപ്തിയടയുന്ന രംഗം കണ്ട് താന്‍ വികാരാധീനനായെന്ന് കമ്മിറ്റിയംഗം സുഗുണ്‍ സ്ത്രീവാസ്തവ പറഞ്ഞു. ദേശദ്രോഹം മുതല്‍ വ്യഭിചാരം വരെയുള്ള കുറ്റങ്ങളില്‍ അകപ്പെട്ടയാള്‍, പിന്നീട് സി. ബി. ഐ. കളിച്ച നാടകത്തിലൂടെ പുഷ്പം പോലെ ഊരിപ്പോരുകയും, ഡി. ജി. പി. പദം വരെ അലങ്കരിക്കുകയും ചെയ്ത നാടാണിതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. "മാധവന്റെ മദനോല്‍സവ"ത്തിലെ ചില ചൂടന്‍ സിഡികളുടെ കോപ്പികള്‍ ഒരു പോലീസുകാരന്റെ ഭാര്യയുടെ വ്യാജ സിഡി നിര്‍മാണ കേന്ത്രത്തില്‍ നിന്നും താന്‍ സംഘടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

പ്രമുഖ കള്ളക്കടത്തുകാരായ ചിക്കാഗോ മോര്‍ട്ടീന്‍ , പാരീസ് കുഞ്ഞിപ്പോക്കര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

NB:- നിങ്ങള്‍ ഇത് വായിക്കുമ്പോള്‍ "കുട്ടിയുടെ കൊലപാതകം - ഒരു ആത്മഹത്യ" എന്ന നാടകത്തിന്റെ സ്ക്രിപ്റ്റ് എഴുതുകയാവും ചില ക്വൊട്ടേഷന്‍കാര്‍.
പ്രിയ ബ്ളോഗര്‍മാരേ, ആത്മഹത്യ ചെയ്യാനുള്ള ഒരു കാരണവും എനിക്കില്ല. ഏനിക്കെന്തെങ്കിലും പറ്റിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന പോലീസിനും ആഭ്യന്തര വകുപ്പിനുമായിരിക്കും. നിങ്ങല്‍ നിങ്ങളുടെ ബ്ളോഗില്‍ ഒരു അനുശോചനക്കുറിപ്പെങ്കിലും എഴുതണം..പ്ലീസ്...
എന്ന്, ഒരു പാവം കുട്ടി.