Wednesday, September 23, 2009

കാലിയെ മേച്ചു നടന്നു ശശി..

ഈ കോൺഗ്രസ്സുകാരുടെ ഒരു കാര്യമേ! ഇവരെന്താ വിചാരിച്ചത്? കണ്ഠ കൌപീനം മാറ്റി ഇന്ത്യൻ ടൈ കെട്ടി, ഒരു മുണ്ടുമുടുത്ത് നടന്നാൽ ഈ ശശി തരൂർ വെറും തിരോന്തരം ശശി ആയി മാറുമെന്നൊ? പിന്നേ,.. അതിനല്ലേ ഉള്ള പാട് മുഴുവൻ പെട്ട് ഈ കസേരയിൽ കയറി ഇരുന്നത്!! ഇവിടം വരെ എത്തിപ്പെടാൻ പെട്ട പാട് നമുക്കേ അറിയൂ. തലസ്ഥാന നിവാസികൾ തങ്ങളുടെ സമാരാധ്യ നേതാവായി നെഞ്ചേറ്റിയതുകൊണ്ടൊന്നുമല്ല ജയിച്ച് എം. പി ആയത് എന്ന് വേറെയാരേക്കാളും നന്നായി നമുക്കറിയാം.

ദില്ലിയിൽ നിന്നും ഒരു വള്ളിയിൽ തൂങ്ങി നേരെ തിരോന്തരത്ത് ഇറങ്ങിയപ്പോഴേ അവിടുത്തെ ലോക്കൽ ഗാന്ധിയൻമാർ മാക്സിമം അലമ്പുണ്ടാക്കാൻ നോക്കിയതാണ് - കോലം കത്തിച്ചും ഗോ ബാക്ക് വിളിച്ചുമൊക്കെ. പക്ഷേ ഒന്നും ഏശിയില്ല. ഇരിക്കുന്ന എം. പി പന്ന്യന്റേയും പന്ന്യന്റെ വല്ല്യേട്ടൻ പിണറായിയുടേയും പിന്തുണ അത്രക്ക് ഉറച്ചതായിരുന്നു. ശരിക്കും കണ്ണ് നിറഞ്ഞുപോയി - ഹൊ, ഇങ്ങനേയുമുണ്ടോ ഒരു സ്നേഹം!

ഇതൊക്കെ മനസ്സിലാക്കാനും ഇത്തിരി കൂടുതലും ബുദ്ദി ഉണ്ടായിട്ടുതന്നെയാണ് ഈ പണിക്കിറങ്ങിയത്.
എവിടെയൊക്കെ പ്രയോഗിച്ച് മാറ്റ് തെളിയിച്ചിട്ടുള്ള ബുദ്ദിയാണ്! ബുദ്ദി മൂത്താണ് പണ്ട് ഐക്യരാഷ്ട്ര സഭയുടെ തലപ്പത്ത് കയറിയിരിക്കണമെന്ന പൂതിയുദിച്ചത്. ഉടനെ സ്വന്തം ജന്മദേശത്തെ പറ്റി ഓർമ വന്നു. എന്തൊക്കെ പറഞ്ഞാലും പിറന്ന നാടിനെ അങ്ങനെ മറക്കാൻ പറ്റുമോ? അങ്ങനെയാണ് ജന്മദേശത്തിന്റെ ചെലവിൽ സെക്രട്ടറി ജനറലാവനുള്ള അടവ് ഒന്ന് പയറ്റി നോക്കിയത്. പക്ഷേ നമ്മുടെയത്രയും നിലവാരം ഈ ലോകരാഷ്ട്രങ്ങളിലെ ഊച്ചാളികൾക്കില്ലാത്തതുകൊണ്ട് ആ പൂതി എട്ടുനിലയിൽ തന്നെ പൊട്ടി പാളീസായി.

എന്ന് വച്ച് വെറുതെയിരിക്കാൻ പറ്റുമോ? നമ്മുടെ തലച്ചോർ ഈ അന്താരാഷ്ട്രൻമാർക്ക് വേണ്ടെങ്കിൽ വേണ്ട, ഏതെങ്കിലും രാഷ്ട്രൻമാർക്കെങ്കിലും കൊടുക്കണം. അപ്പോഴും ഓർമ വന്നത് ജന്മദേശത്തെ! ഹൊ, നമ്മുടെയൊരു ദേശസ്നേഹമേ!!!
ഏത് കൊഞ്ഞാണനും ഒരു സുപ്രഭാതത്തിൽ കയറി രാഷ്ട്ര നേതാവാവാൻ കഴിയുന്ന ഒരേ ഒരു രാജ്യം മേരാ ഭാരത് മഹാൻ ഹൈ. ഒറ്റ കണ്ടീഷനേ ഉള്ളൂ - ഒന്നുകിൽ കൈയിൽ കാശുണ്ടാവണം, അല്ലെങ്കിൽ അഛൻ/അമ്മ കൊടികുത്തിയ നേതാവാവണം (അപ്പോഴും പോക്കറ്റിൽ ചില്ലറ കോടികൾ നിർബന്ധം). വിമാനം പറത്തി നടന്ന രാജീവ്ജി ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിജി ആയത് ബഹുജന സമരങ്ങളുടെ തീച്ചൂളയിൽ അഗ്നിശുദ്ധി തെളിയിച്ചിട്ടാണോ? പാലുകുടി മാറിയിട്ടില്ലാത്ത സിന്ധ്യാ പുത്രനും സങ്മാ പുത്രിയുമൊക്കെ കേന്ത്ര മന്ത്രിമാരാവാൻ കുപ്പായം തുന്നി കാത്തിരിക്കുന്നു. ഉറങ്ങിക്കിടന്നേടത്ത് നിന്ന് വിളിച്ചെഴുന്നേല്പിച്ചല്ലേ ആ ചരിത്ര വിഢികൾ ദേവ ഗൌഡയുടെ കൈയിൽ രാജ്യഭാരം ഏല്പിച്ചുകൊടുത്തത്! ഇത്രയേ ഉള്ളു ഇന്ത്യാ ഭരണം - വെരി സിംപ്ൾ. അപ്പോൾ പിന്നെ അന്താരാഷ്ട്രം ഭരിച്ചു നടക്കുന്ന നമുക്കാണൊ പ്രയാസം!

നേരെ വെച്ചടിച്ചു, ജന്മദേശത്തേക്ക്. കാണേണ്ടവരെ കണ്ടു, പിടിക്കേണ്ടെടത്ത് പിടിച്ചു. കുറച്ച് ചില്വാനം ഇറക്കി. അപ്പോഴാണ് ഇലക്ഷനെപ്പറ്റി കേട്ടത്. ഇലക്ഷനോ? ഇന്ത്യയിലോ? ഇവിടെ ഇപ്പോഴും രാജഭരണമല്ലേ? ട്രൌസറിട്ടു നടക്കുന്ന കാലത്ത് നാട് വിട്ടതാണ്. ഒന്നും ഓർമയില്ല. അതുകൊണ്ട് ദേശീയഗാനം വരെ അമേരിക്കൻ രീതിയിലാണ് ആലപിക്കുന്നത്.

ഏതായാലും ഇലക്ഷനെങ്കിൽ ഇലക്ഷൻ. നിന്നു, ജയിച്ചു - അതും സായിപ്പിന്റെ ഭാഷയിൽ “ഫ്ലൈയിങ് കളേഴ്സിൽ”. അപ്പോഴാണ് ആദ്യമായി ജനം ശരിക്കും കന്നുകാലികളാണെന്ന് ബൊധ്യപ്പെട്ടത്. അല്ലെങ്കിൽ എങ്ങാണ്ട് നിന്നോ വന്ന്, ജീവിതത്തിൽ ആദ്യത്തെ വോട്ട് തനിക്ക് തന്നെ ചെയ്യുന്ന ഒരുത്തനെ ആരെങ്കിലും ജയിപ്പിച്ചു വിടുമോ!!? പത്തു മുപ്പതിനായിരം രൂപ സ്വന്തം കീശയിൽ നിന്ന് മുടക്കി ഇവിടെ ദില്ലിയിൽ വന്ന് കിടക്കുന്നത് ജനങ്ങളെ സേവിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞത് ഇവന്മാർ വെള്ളം തൊടാതെ വിഴുങ്ങിയപ്പോൾ വിശ്വാസം രൂഢമൂലമായി! ഇപ്പോഴല്ലേ ഇവിടെ ഓരോരുത്തർ നേതാവാവുന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയത്!!

ആദ്യമേ ഇതൊക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ പുതുമോടിയിൽ ഒന്നും പറഞ്ഞില്ല. ഇപ്പോൾ കാലവും മുഹൂർത്തവും നോക്കി അന്നു വായ തുറന്നു- തുറന്നപ്പോഴേ വിവാദവും വന്നു. വിമാനങ്ങളിൽ ഈ ഊച്ചാളികൾ സഞ്ചരിക്കുന്ന ക്ലാസ്സിന് കന്നുകാലി ക്ലാസ്സ് എന്നല്ലാതെ വേറെന്താ പറയുക? ഓ നമുക്ക് വയ്യേ അതിൽ കയറാൻ. ഇനി അഥവാ കയറണമെങ്കിൽ ചില വിശുദ്ധ പശുക്കളൊക്കെ കൂട്ടിനുണ്ടാവണം. ചുമ്മാ തട്ടി തലോടി ഇരിക്കാമല്ലോ.
ഇപ്പൊൾ ഈ വലിയ വായിൽ നിലവിളിക്കുന്ന കോൺഗ്രസ്സുകാരൊക്കെ ഫലമൂലാദികൾ ഭക്ഷിച്ച്, കാട്ടരുവിയിലെ ജലം കുടിച്ച്, മരവുരിയുടുത്തു നടക്കുന്ന ആശ്രമ വാസികളാണോ? തരം കിട്ടുമ്പോൾ എവിടെ നിന്നും കൈയിട്ടു വാരുന്ന, ദില്ലിയിൽ ചൂട് തുടങ്ങിയാൽ സ്വിറ്റ്സർലാന്റിലും കാനഡയിലുമൊക്കെ കരാറൊപ്പിടാൻ എന്ന വ്യാജേന സകുടുംബം ഉല്ലാസ യാത്ര നടത്തുന്ന നല്ല പച്ച കോൺഗ്രസ്സുകാർ തന്നെയാണ്. എന്നിട്ട് ജനങ്ങളെ വീണ്ടും കന്നുകലികളാക്കാനല്ലേ ഈ തീവണ്ടി യാത്രയും എക്കണോമി ക്ലാസ്സും?
എന്നിട്ടിപ്പോ നമ്മൾ അത് പറഞ്ഞുപോയതാണ് വലിയ കുറ്റം. അതൊക്കെ ആ മന്മോഹൻ സർദാർജിയെ കണ്ട് പഠിക്കണം. നമ്മുടെ തമാശ കേട്ട് ടിയാൻ ചിരിച്ചു ചിരിച്ച് മണ്ണ് കപ്പിയെന്നാണ് കേൾക്കുന്നത്. വൈകാതെ ആസ്ഥാന വിദൂഷകപ്പട്ടവും നമുക്ക് ലഭിച്ചേക്കും.

എവിടെപ്പോയാലും മലയാളി മലയാളി ആയിരിക്കണമല്ലൊ. അതുകൊണ്ട് ജാഡയുടെ കാര്യത്തിൽ നോ കോംപ്രമൈസ്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ജാഡയുടെ ഹെഡ്ഡാപ്പിസുകളായ മലയാളികൾക്ക് എന്തുകൊണ്ടും യോഗ്യനായ പ്രതിനിധി നമ്മൾ തന്നെ. മമ്മൂട്ടി സിനിമയിൽ പറയുന്ന പോലെ പാവപ്പെട്ടവന്റേയും പട്ടിണിക്കാരന്റേയും ഒക്കെ ഇന്ത്യയെ മനസ്സിലാക്കാനുള്ള സെൻസും സെൻസിബിലിറ്റിയും ഒക്കെ നമുക്കുണ്ട്. പക്ഷേ അതൊന്നും ഉപയോഗിക്കില്ലെന്ന് മാത്രം. എല്ലാരും കഴുതകളാക്കുമ്പോൾ നമ്മൾ കന്നാലികളാക്കുന്നു. അത്രേ ഉള്ളൂ.
ഇനി ശിഷ്ട കാലം ഈ കന്നാലിക്കൂട്ടത്തേയും മേച്ച് കഴിഞ്ഞുക്കൂടാൻ തന്നെയാണ് ഭാവം. അത് കണ്ട് ഒരു കോൺഗ്രസ്സുകാരനും നിലവിളിച്ചിട്ട് കാര്യമില്ല.

5 comments:

The Kid said...

ഏത് കൊഞ്ഞാണനും ഒരു സുപ്രഭാതത്തിൽ കയറി രാഷ്ട്ര നേതാവാവാൻ കഴിയുന്ന ഒരേ ഒരു രാജ്യം മേരാ ഭാരത് മഹാൻ ഹൈ. ഒറ്റ കണ്ടീഷനേ ഉള്ളൂ - ഒന്നുകിൽ കൈയിൽ കാശുണ്ടാവണം, അല്ലെങ്കിൽ അഛൻ/അമ്മ കൊടികുത്തിയ നേതാവാവണം (അപ്പോഴും പോക്കറ്റിൽ ചില്ലറ കോടികൾ നിർബന്ധം). വിമാനം പറത്തി നടന്ന രാജീവ്ജി ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിജി ആയത് ബഹുജന സമരങ്ങളുടെ തീച്ചൂളയിൽ അഗ്നിശുദ്ധി തെളിയിച്ചിട്ടാണോ? പാലുകുടി മാറിയിട്ടില്ലാത്ത സിന്ധ്യാ പുത്രനും സങ്മാ പുത്രിയുമൊക്കെ കേന്ത്ര മന്ത്രിമാരാവാൻ കുപ്പായം തുന്നി കാത്തിരിക്കുന്നു. ഉറങ്ങിക്കിടന്നേടത്ത് നിന്ന് വിളിച്ചെഴുന്നേല്പിച്ചല്ലേ ആ ചരിത്ര വിഢികൾ ദേവ ഗൌഡയുടെ കൈയിൽ രാജ്യഭാരം ഏല്പിച്ചുകൊടുത്തത്! ഇത്രയേ ഉള്ളു ഇന്ത്യാ ഭരണം - വെരി സിംപ്ൾ. അപ്പോൾ പിന്നെ അന്താരാഷ്ട്രം ഭരിച്ചു നടക്കുന്ന നമുക്കാണൊ പ്രയാസം!

Jayalekshmy said...

കഷ്ടം ... അല്പം വിദ്യാഭ്യാസം ഉണ്ടായി പോയി എന്നാ ഒറ്റ കുറ്റം മാത്രം ചെയ്ത ഒരു രാഷ്ട്രീയ നേതാവിണ്ടേ മുഖത്ത് കരി വാരി തെയ്ക്കുന്നതിനു മുന്‍പ് കുറച്ചു നേരം ഒന്ന് ആലോചിച്ചു കൂടെ ?
വേറെ ഒന്നും എഴുതി എന്റെ സമയം കളയാന്‍ താല്പര്യം ഇല്ല ... :)

Anonymous said...

മലയാളിക്കു വിവാദം എന്ന കാര്യത്തിലെ താല്‍പ്പര്യമുള്ളു, താങ്കള്‍ കാറ്റില്‍ ക്ളാസില്‍ യാത്റ ചെയ്യുമോ എന്നു ചോദിച്ചപ്പോള്‍ തീറ്‍ച്ചയായും ഹോളീ കൌവ്നോടു സപ്പോറ്‍ട്ടു പ്റഖ്യാപിച്ചു എന്നു ഉത്തരം പറഞ്ഞു അത്റെ ചെയ്തുള്ളു ശശി തരൂറ്‍

ഒരു ബീ ജേ പി ആറ്‍ എസ്‌ എസ്‌ റിപ്പോറ്‍ട്ടറ്‍ തന്നെ കുടുക്കാന്‍ ചോദിച്ച ചോദ്യം ആണെന്നു മനസ്സിലാക്കാനുള്ള കുടില ബുധി ശശി തരൂരിനു ഇല്ലാതെ പോയി

നിങ്ങളോടു ചോദിക്കുന്നു സാറെ നാളെ ആ തല്ലിപ്പൊളീ ബസില്‍ ആണോ നാട്ടില്‍ പോകുന്നത്‌ അതേ എന്നു നിങ്ങള്‍ ഉത്തരം പറഞ്ഞു അതിനറ്‍ഥം കേ എസ്‌ ആറ്‍ ടീ സീ ബസെല്ലാം തല്ലിപ്പൊളി ആണെന്നല്ല

ചെന്നിത്തലക്കും ചാണ്ടിച്ചനും വീ എസ്‌ ശിവകുമാറിനും ഒന്നും ശശി തരൂറ്‍ മന്ത്റി ആയി വിലസുന്നത്‌ രസിക്കുന്നില്ല അതു മനസ്സിലാക്കാം

ഈ ചുരുങ്ങിയ കാലം കൊണ്ടു മണ്ഢലത്തില്‍ എപ്പോഴും സജീവമാണു തരൂറ്‍

ചെന്നു കാണാന്‍ ഖദറ്‍ധാരിയെ ബാറില്‍ കൊണ്ടു പോയി പിന്നെ വീട്ടുവാതില്‍ക്കല്‍ കാത്തു കിടക്കേണ്ട കാര്യമില്ല നല്ല ഒരു എം പീ ആയി വരുകയാണു തരൂറ്‍ പക്ഷെ ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോര കുടിക്കാനാണു മലയാളികള്‍ക്കു താല്‍പ്പ്രയ്ം

മണിക്കുയില്‍ said...

അല്പം വിദ്യാഭ്യാസമുണ്ടായിപ്പോയി എന്ന കുറ്റം മാത്രം ചെയ്ത രാഷ്ട്രീയ നേതാവിന്റെ മുഖത്ത് കരി വാരി തേയ്ക്കുന്നതിനു മുന്‍പ് കുറച്ചുസമയം കൂടി ആലോചിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായി കരിതേയ്ക്കാമായിരുന്നു. ഏത്...

hshshshs said...

ഹല്ലാ പിന്നെ,,...!?!