Saturday, October 25, 2008

...പെട്ടെന്ന് കുറേ തീവ്രവാദികള്‍ പൊട്ടി മുളച്ചു‌!

കേരളത്തിലെ ക്രമസമാധാനം ഒട്ടും പന്തിയല്ലെന്ന് ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് മനസിലായിട്ട് കാലം കുറേയായി. നാട്ടുകാരുടെ സ്വത്തിന് പോയിട്ട് ജീവനു പോലും ഒരു ഗ്യാരണ്ടിയും ഇല്ലാത്ത അവസ്ഥ. കാര്യങ്ങള്‍ ‍ഇങ്ങനെ ജോറായി ഇരിക്കുമ്പോഴാണ് പുതിയ ഗുണ്ട് പൊട്ടിയിരിക്കുന്നത്. തീവ്രവാദികള്‍ - കേരളം മൊത്തം അവര്‍ സ്വൈര വിഹാരം നടത്തുകയാണത്രെ.
നാട്ടുകാര്‍ക്ക് ഇതും മുന്‍പേ അറിയാമായിരുന്നു. ചിലരെങ്കിലും അറിയിക്കേണ്ടിടത്ത് അറിയിച്ചതുമാണ്. പക്ഷേ നമ്മുടെ പോലീസുകാര്‍ മാത്രം ഒന്നും അറിഞ്ഞില്ല, കണ്ടില്ല!

പോലീസിന്റെ കാഴ്ച പണ്ടേ സവിശേഷമാണല്ലോ. പൊതു മുതല്‍ നശിപ്പിച്ചവനും കൊലപാതകിയുമൊക്കെ അവരുടെ മൂക്കിനു താഴെ ഞെളിഞ്ഞു നടന്നാലും അവര്‍ ഒന്നും കാണില്ല. എല്ലാരും പിടികിട്ടാപ്പുള്ളീകളാണെന്ന് റിപ്പോര്‍ട്ട് ചെയ്തുകളയും. ജനങ്ങളുടെ നികുതിക്കാശ് കൊണ്ടാണ് ജീവിക്കുന്നത് എന്ന ഉത്തമ ബോദ്ധ്യം ഉള്ളത് കൊണ്ട് ജനോപകാരപ്രദമായ ബ്ളേഡ് കമ്പനി നടത്തിപ്പ് വണ്ടി പിടുത്തം തുടങ്ങിയവയിലാണ് ഏമാന്‍മാര്‍ക്ക് താല്പര്യം. പെട്ടെന്നു കാശിന് ആവശ്യം വന്നാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടരുതല്ലൊ. വഴിയെ പോകുന്ന പിള്ളേരെ തടഞ്ഞു നിര്‍ത്തി വണ്ടിയുടെ ബുക്കും പേപ്പറും നോക്കിയാല്‍, നാട്ടിലെ എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യാം, അല്പം ദ്രവ്യം തടയുകയും ചെയ്യും. ഇത്തരം ആനക്കാര്യങ്ങള്‍ക്കിടയിലാ തീവ്രവാദം എന്ന ചേനക്കാര്യം..
കേന്ദ്ര ഇന്റലിജന്‍സുകാര്‍ പല തവണ "വാര്‍ണിങ്ങ്" കൊടുത്തതാ, ചില "ഉസ്താദുമാരുടെ" മേലെ ഒരു കണ്ണ് വേണമെന്ന്. നമുക്ക് "ഇന്റലിജന്‍സ്" തരാന്‍ ഇവന്മാരാര്? അഞ്ച് പൈസക്ക് വകുപ്പില്ലെങ്കിലും അഞ്ഞൂറ് രൂപക്ക് ജാട കാണിക്കുന്നവനാണ് മലയാളി. ഇവിടുത്തെ കാര്യം നോക്കാന്‍ ഇവിടെ ഇന്റലിജന്‍സുകാരുണ്ട്. അവര്‍ക്ക് ഭയങ്കര "ഇന്റലിജന്‍സ്" ആയതിനാല്‍ എവിടെയെങ്കിലും ഒരീച്ച പറന്നാല്‍ പോലും നമ്മളറിയും. പിന്നെയെന്തിനാ കേന്ദ്രത്തിലെ അണ്ണാച്ചികളുടെ ഓശാരം? വിട്ടു പോടേ പാണ്ടീ...മഷിയിട്ടു നോക്കിയാല്‍ പോലും ഇവിടെയൊരു ആതങ്കവാദിയെ കാണില്ല...നീ നിന്റെ പണി നോക്ക്..

അങ്ങനെ സ്വസ്ഥമായി ബിസിനസ്സും നോക്കിയിരിക്കുമ്പോഴാണ് അങ്ങ് കശ്മീരത്തു നിന്ന് ഒരു ഇണ്ടാസ് - അവിടെ സൈന്യത്തിന്റെ വെടിയേറ്റ് ചരിഞ്ഞ നാല് കൊമ്പന്‍മാര്‍ കേരള രാജ്യത്ത് നിന്ന് ഉള്ളവരാണത്രെ.
കേട്ട പാതി കേള്‍ക്കാത്ത പാതി, തറപ്പിച്ച് പറഞ്ഞു - "ഏയ്, മലയാളികളാവാന്‍ വഴിയില്ല. വല്ല പാണ്ടികളുമായിരിക്കും. ദിസ് ഈസ് ഗോഡ്സ് ഓണ്‍ കണ്‍ട്രി, യൂ നോ?"
പക്ഷേ കശ്മീരികളുണ്ടോ വിടുന്നു, അവരിതെത്ര കണ്ടതാ!? വന്നു നോക്കിയിട്ട് പറയെന്നായി അവര്‍. ശരി, നാട് കാണാന്‍ കിട്ടുന്ന ഒരു ചാന്‍സല്ലേ, ഒന്നു പോയി കണ്ടേച്ചു വരാം എന്നോര്‍ത്താണ് പോയത്. ചെന്ന് കണ്ടപ്പൊള്‍ ഞെട്ടിപ്പൊയി - ദേ കിടക്കുന്നു വെട്ടിയിട്ട പോലെ നല്ല പച്ച മലയാളികള്‍ നാലെണ്ണം. തണുപ്പ് മാറ്റാനായി അല്‍പം അകത്താക്കിയിരുന്നത് കൊണ്ട് പേടിച്ച് നിലവിളിച്ചില്ല. ഉടനെ പഞ്ഞു സന്ദേശം ഹെഡ്ക്വാര്‍ടേഴ്സിലേക്ക്. "സി ഐ ഡീ, ജാഗ്രതൈ, ചത്തതു നാലും നമ്മ ഊരുകാര്‍ " സന്ദേശം കിട്ടിയതും കേരളാ പോലീസ് ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടല്‍ ഞെട്ടി. പിന്നെ "വടിയെട് തോമാ, അടിയെട മാണീ, കയറെട് പൌലോസേ" എന്ന മട്ടില്‍ ഒരു പാച്ചിലായിരുന്നു. കുടവയറ് കാരണം സ്വന്തം പാദം കാണാന്‍ പറ്റാത്തവര്‍ എവിടം വരെ ഓടാന്‍ ? ചെന്നു പൊക്കി കണ്ണൂരില്‍ നിന്ന് ഒരുത്തനെ, മലപ്പുറത്ത് നിന്ന് വേറൊരുത്തനെ. ഇവരൊക്കെ ഇന്നലെ വരെ സുജായികളായി നടന്നു യുവാക്കളെ റിക്രൂട്ട് ചെയ്യുകയായിരുന്നു എന്നു അന്വേഷിച്ച് കണ്ടുപിടിച്ചു. കശ്മീരില്‍ നിന്ന് ഒരുത്തന്‍ ചാവാന്‍ നേരം കണ്ണൂരുകാരനെ വിളിച്ചുവത്രെ "അണ്ണാ കാപ്പാത്തുങ്കോ, ജീവന്‍ രക്ഷിക്കണം" എന്ന്!! ആ വിളി നമ്മള്‍ ട്രാക്ക് ചെയ്തു - എന്തൊരു ബുദ്ധി!!
ഇതൊക്കെ വിവരമുള്ളോര്‍ നേരത്തേ പറഞ്ഞില്ലായിരുന്നോ എന്നു ചോദിച്ചാല്‍ - പോലീസിനോട് അങ്ങനെ ചുമ്മാ പറഞ്ഞാ മതിയൊ, അതിനൊരു മാമൂലൊക്കെ ഇല്ലേ എന്നാണ് ഉത്തരം. ഇനി കുറേ റെയ്ഡൊക്കെ നടത്തും. ചിലരെ പൊക്കും. അങ്ങനെ കുറച്ച് കഴിയുമ്പോ എല്ലാരും ഇതൊക്കെ അങ്ങ് മറക്കും. അപ്പൊ നമുക്കും പഴയ ബിസിനസ്സിലേക്ക് മടങ്ങാമെന്നേ.

ഇനി, പോലീസുകാര്‍ ഇങ്ങനെ ഷൈന്‍ ചെയ്യുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് വെറുതെ ഇരിക്കാന്‍ പറ്റുമോ? കാര്യങ്ങള്‍ കൈവിട്ടു പോയത് അറിഞ്ഞ ഉടനെ അങ്ങ് ഏ കേ ജീ സെന്ററിലെ വിഖ്യാത ശാസ്ത്രജ്ഞന്‍മാര്‍ ഗവേഷണത്തിലാണ്ടു. മൊത്തമായും ചില്ലറയായും അരിച്ചു പെറുക്കി, കോരിയെടുത്തു, മുക്രയിട്ടു. ഒടുക്കം ഗവേഷണത്തലവന്‍ ശ്രീമാന്‍ പിണറായി ഫലം പ്രഖ്യാപിച്ചു. "എന്‍ ഡീ എഫ് തീവ്രവാദ റിക്രൂട്മെന്റ് ഏജന്‍സിയാണ്". അരേ ഭഗവാന്‍, ക്യാ കമാല്‍ കാ കണ്ടുപിടുത്തം ഹൈ, ജീ!! നോബല്‍ സമ്മാനം സുനിശ്ചിതം!
ചാണ്ടി ചെന്നിത്തലാദികള്‍ അവരവരുടെ ബുദ്ധിക്കനുസരിച്ച് ഓരോന്ന് പറഞ്ഞു. അത് പിന്നെ, അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യ മന്ത്രിയെ തീരുമാനിക്കും വരെ നീയോ ഞാനോ എന്ന മട്ടില്‍ ഇങ്ങനെ വിവരക്കേട് പറഞ്ഞ്കൊണ്ടിരിക്കണമല്ലോ. അതു കഴിഞ്ഞാല്‍ കണാം പൂരം!!
ഭാ ജ പാ - ക്കാര്‍ ആവുമ്പോ വലിയ വര്‍ത്തമാനമേ പറയൂ. പറയുന്ന കാര്യം തെളിയിക്കാന്‍ യാതൊരു ബധ്യതയും നമുക്കില്ലാത്തത് കൊണ്ട് എന്തും പറയാം. പണ്ടൊരു സ്വാമിയെ പിടിച്ചപ്പോഴും ഇങ്ങനെ കുറെ പറഞ്ഞതാ, ഒരു മന്ത്രിയെ ആപ്പിലാക്കാന്‍ നമ്മടെ പോക്കറ്റില്‍ തെളിവുണ്ട്, ഇപ്പൊ പുറത്തെടുക്കും എന്നൊക്കെ. ഏന്നിട്ടെന്തായി? അതൊക്കെ അതിന്റെ വഴിയേ നടക്കും. ഇതൊക്കെ ഒരു നമ്പരല്ലേ?!!
ഏറ്റവും സന്തോഷം ലീഗുകര്‍ക്കാണ്. സ്വന്തം കാലിനടിയിലെ മണ്ണല്ലേ ഒലിച്ചു പോയിക്കൊണ്ടിരുന്നത്? ഒരു വിമാനത്താവളത്തിന്റെ മണ്ടയില്‍ പച്ചക്കൊടി കെട്ടുമ്പോലെ എളുപ്പമല്ല സ്വന്തം സമുദായത്തിലെ പിള്ളേരെ കൂടെ നിര്‍ത്തുക എന്നത്. ആലോചിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു വടി കൈയില്‍ കിട്ടിയത്. മര്യാദക്ക് എല്ലാരും കൂടെ നിന്നോ, അല്ലെല്‍ സിമി, എന്‍ ഡീ എഫ്...അഴിയെണ്ണിക്കും..പറഞ്ഞേക്കം.
ഇനിയിപ്പൊ ഏതായാലും സൌകര്യമായി പെണ്ണ് പിടിക്കാം, ജ്വല്ലറി ഉദ്ഘാടനത്തിന് പോവാം..ആഹാ, വൈദ്യര് വിധിച്ചതും.....!!! പക്ഷേ ഒറ്റ കാര്യമേ ഉള്ളൂ, പിടിച്ച തീവ്രവാദികളെല്ലാം മുസ്ളീങ്ങളാണെങ്കിലും സമുദായത്തെ ആരും കുറ്റം പറഞ്ഞുപോകരുത്...പറഞ്ഞാല്‍......., ഞങ്ങളൊന്നും ചെയ്യില്ല, ചുമ്മാ നാട്ടുകാരെ പറ്റിച്ച് ഇങ്ങനെ നടക്കും!!!!

ഈ പറഞ്ഞ എല്ലാ മഹാന്‍മാരും ആദ്യമായാണ് കേരളത്തില്‍ തീവ്രവാദത്തിന് വേരുകളുണ്ടെന്ന് അറിയുന്നത്! നിഷ്കളങ്കര്‍, അറിവില്ലാ പൈതങ്ങള്‍!! ഇത്രയും കാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടും ഇവര്‍ക്കാര്‍ക്കും ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല!
ഇവരൊക്കെ സ്വയം മന്ദബുദ്ധി ചമയുകയാണൊ അതോ
നാട്ടുകരെ മന്ദബുദ്ധികളാക്കുകയാണോ?

മലയാളികള്‍ക്ക് ബുദ്ധിക്കൊന്നും ഇപ്പോഴും വലിയ കുറവില്ല. പിന്നെ പ്രതികരണ ശേഷി - അതിന് അടുത്ത കാലത്തായി അല്‍പം ക്ഷയം സംഭവിച്ചിട്ടുണ്ട്. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അധികം വൈകാതെ അതും ഓ കെ ആകും. അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും എന്നാണല്ലോ.

അതുകൊണ്ട് കാക്കിയിട്ടവരും ഖദറിട്ടവരുമായ മഹാന്‍മാരേ, നിങ്ങള്‍ ജനങ്ങളെ ചൊറിഞ്ഞുകൊണ്ടേ ഇരിക്കുവിന്‍. നിങ്ങള്‍ക്കുള്ള ശമ്പളം ജനങ്ങള്‍ വൈകാതെ ക്രെഡിറ്റ് ചെയ്യും.

13 comments:

The Kid said...

ഈ പറഞ്ഞ എല്ലാ മഹാന്‍മാരും ആദ്യമായാണ് കേരളത്തില്‍ തീവ്രവാദത്തിന് വേരുകളുണ്ടെന്ന് അറിയുന്നത്! നിഷ്കളങ്കര്‍, അറിവില്ലാ പൈതങ്ങള്‍!! ഇത്രയും കാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടും ഇവര്‍ക്കാര്‍ക്കും ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല!
ഇവരൊക്കെ സ്വയം മന്ദബുദ്ധി ചമയുകയാണൊ അതോ
നാട്ടുകരെ മന്ദബുദ്ധികളാക്കുകയാണോ?

മായാവി.. said...

സമാധാനത്തോടെ ജീവിച്ചിരുന്ന ഒരു വിഭാഗം. സത്യത്തില്‍ മുസ്ലിം ലീഗിന്റെ നേതാക്കള്‍ സമാധാനപ്രിയരാണ്(അണികളെയല്ല) അവരെ അനുസരിച്ച് അണികളും കുഴപ്പമിക്ല്ലാതെ പോകുകയായിരുന്നു...അപ്പൊഴാണ്‍ ബാബരിമസ്ജിദ് പൊളിക്കപ്പെടുന്നത്, നോര്ത്തിന്ത്യയിലും മറ്റും കലാപമുണ്ടായെങ്കിലും കേരളജനതെയെ അത് ബാധിക്കാതിരുന്നത് മുസ്ലിം ലീഗ് നേതാക്കളുടെ സംയമനം തന്നെയായിരുന്നു..പക്ഷെ നികൃഷ്ട ജീവികളായ മാര്ക്സിസ്റ്റ്കാര്‍ ആ അവസരം തങ്ങള്ക്കനുകൂലമാക്കാമെന്ന് നിനച്ച് മുസ്ലിം യുവാക്കളെ പിരിയിളക്കി വിട്ടു..അധികാരത്തിനു വേണ്ടി മുസ്ലിം ലീഗ് മിണ്ടാതിരിക്കുന്നെന്നായി ആരോപണം, അങ്ങനെ സമുദായത്തെ വെടക്കാക്കി തനിക്കാക്കാമെന്ന് നിനച്ച സഖാക്കളുടെ തന്ത്രം്‌ ഫലിച്ചു, വെടക്കായി പക്ഷെ തനിക്കായില്ല..എന്‍ ഡി എഫിന്റെ മിക്കവാറുമെല്ലാ പ്രവര്ത്തകരും പഴയകാല ഡിഫിക്കാരാണ്...അങ്ങനെ മുസ്ലിം യുവാക്കള്‍ കൊഴിഞ്ഞു പോകുന്നത് കണ്ടാ ഹാലിലാണ്‍ പിണറായിക്ക്‌ എന്ഡിഎഫിനെ എതിര്ക്കാന്‍ തോന്നിയത്, കയ്യിന്ന് വിട്ട അമ്പുപോലെയായി കാര്യങ്ങള്....ഇനി കേരളസമൂഹമേ അനുഭവിക്കുക സഖാക്കളുടെ രാഷ്റ്റ്രീയ തന്ത്രങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയുക.

The Kid said...

മായാവീ, കാര്യ കാരണങ്ങള്‍ എന്തുതന്നെ ആയാലും, മുന്‍നിര രാഷ്ട്രീയ കക്ഷികളുടെ നേരിട്ടുള്ള അറിവോടെയാണ് ഇവിടെ തീവ്രവാദം വേരു പിടിച്ചത് എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഇതൊന്നും ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. വേണമായിരുന്നെങ്കില്‍ മുളയിലേ നുള്ളാമായിരുന്ന ഈ വിഷ സസ്യം പടര്‍ന്നു പന്തലിക്കാന്‍ അനുവദിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞു നില്‍കാന്‍ ആവില്ല. സൌകര്യം പോലെ എല്ലാവരും വോട്ട് ബാങ്കില്‍ കൈ ഇട്ടു വാരിയിട്ടുണ്ട്. സ്വന്തം സമുദായത്തിലെ യുവാക്കള്‍ വഴി തെറ്റി പോവുമ്പോള്‍ എന്തു ചെയ്യുകയായിരുന്നു ലീഗ് നേത്രുത്വം? ഒന്നുകില്‍ അവര്‍ക്ക് സമുദായത്തെ നേര്‍വഴിക്ക് നയിക്കാനുള്ള ചിന്താ/ബുദ്ധി വൈഭവം ഇല്ലായിരുന്നു. അല്ലെങ്കില്‍ അവരുടെ മുന്‍ഗണനകള്‍ വേറെയായിരുന്നു. അതുമല്ലെങ്കില്‍ അവരും ഒഴുക്കിനൊത്ത് നീന്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിലേതായിരുന്നു സത്യം?

അങ്കിള്‍ said...

ഹാസ്യത്തില്‍ കലര്‍ത്തിയാണെങ്കിലും , കിഡ് പറഞ്ഞതെല്ലാം കാര്യം.

Sanal Kumar Sasidharan said...

Blogger അങ്കിള്‍ said...

ഹാസ്യത്തില്‍ കലര്‍ത്തിയാണെങ്കിലും , കിഡ് പറഞ്ഞതെല്ലാം കാര്യം.

അങ്കിളിന്റെ നിഷ്കളങ്കമായ മനസിനെ എങ്ങനെ കുറ്റം പറയാതിരിക്കും ഹാസ്യത്തിൽ കലർത്തി കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ ‘കുറ്റി’ ഒരു വിഷമുള്ളും തറച്ചു വച്ചിട്ടുണ്ട്

“പക്ഷേ ഒറ്റ കാര്യമേ ഉള്ളൂ, പിടിച്ച തീവ്രവാദികളെല്ലാം മുസ്ളീങ്ങളാണെങ്കിലും സമുദായത്തെ ആരും കുറ്റം പറഞ്ഞുപോകരുത്...പറഞ്ഞാല്‍.......,“

ഹാസ്യത്തിൽ പൊതിഞ്ഞ് പറഞ്ഞ സകലതിന്റേയും ഉദ്ദേശശുദ്ധി നഷ്ടപ്പെടുത്തുന്ന വാചകം. പിടിക്കപ്പെട്ട തീവ്രവാദികൾ എല്ലാം മുസ്ലീങ്ങൾ..??
തീവ്രവാദികളായി(ആക്കിയും കാണും ആരെയെങ്കിലുമൊക്കെ) പിടിക്കപ്പെട്ടവർ എല്ലാം മുസ്ലീങ്ങൾ ആണെങ്കിൽ അതിന്റെ അർത്ഥം പിടിക്കപ്പെടാത്ത സമുദായാംഗങ്ങൾ മുഴുവൻ തീവ്രവാദികൾ അങ്ങനെയാണോ?
അങ്ങനെയാവണം അല്ലേ കിഡ്?
അല്ലെങ്കിൽ അങ്ങനെ ആക്കണം....

The Riddler said...

പ്രിയ സനല്‍, താങ്കളുടെ 'സെക്യുലര്‍' മനസ്സ് വേദനിച്ചുവൊ? ധാര്‍മിക രോഷം? താങ്കള്‍ തീര്‍ച്ചയായും മറുപടി അര്‍ഹിക്കുന്നു. പക്ഷേ അതിനു മുന്‍പേ വേറെയാര്‍ക്കെങ്കിലും ഈ വിഷയത്തില്‍ എന്തെങ്കിലും പറയാനുണ്ടോ എന്നു നോക്കാം.

പുലി ജന്‍മം said...

ചുരുക്കി പറഞ്ഞാല്‍ പട്ടിയെ തല്ലിക്കൊല്ലണമെങ്കില്‍ അതിനെ പേപ്പട്ടി എന്നുവിളിചാല്‍ മതി. വളരെ ചുരുക്കം തീവ്രവാദികളേ തനിയേ ഉണ്ടാകുന്നുള്ളൂ. ബാക്കിയെല്ലാം ഉണ്ടാക്കപ്പെടുകയണ്‌. വളരെ സംയമനത്തോടും, ശ്രദ്ധാപൂര്‍വ്വവും ഒരു സമൂഹം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്‌. അല്ലെങ്കില്‍ കുറേക്കഴിയുമ്പോള്‍ കുറേയധികം തീവ്രവാദികളെ സൃഷ്ടിച്ചതിന്റെ ഉത്ത്രവാദിത്വം മറ്റാര്‍ക്കുമാകില്ല.കേരളത്തിന്റെ ജനസംഖ്യയില്‍ നാലിലൊന്നു വരുന്ന ഒരു സമുദായത്തിനെ മൊത്തത്തിലങ്ങ്‌ ജനറലൈസ്‌ ചെയ്യുന്നത്‌ അത്രബുദ്ധിപരമായിരിക്കില്ല. ആരൊ പറഞ്ഞതുപോലെ ഒരു ക്രിമിനല്‍ മൂന്നുമാസം കൊണ്ട്‌ ഒരു മതവിശ്വാസിയും ഉടനേതന്നെ തീവ്രവാദിയുമാകുന്നതിനുപിന്നില്‍ അസ്വാഭാവികത ഒന്നും തന്നെയില്ല അല്ലേ?

test said...

നന്നായിട്ടുണ്ട്.

ഈ ഇന്ത്യയിലെ 60% രാഷ്ട്രീ‍യക്കാരും സ്വജനപക്ഷപാതികളും വേറെ പണിഒന്നും കിട്ടാതെ ഇതിലേക്ക് ഇറങ്ങിയവരും ആയിരിക്കും. അവര്‍ക്ക് ഒരു വിചാരമേഒള്ളൂ ദീപസ്തഭം മഹാശ്ചര്യം എനിക്കും കിട്ടണ പണം..

The Kid said...

പ്രിയ വായനക്കാര്‍ ഈ ലേഖകനില്‍ നിന്നും ചില വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്നതായി, ഇവിടെ രേഖപ്പെടുത്തപ്പെട്ട ചില അഭിപ്രായങ്ങ്ങ്ങളില്‍ നിന്നും മനസിലാവുന്നു. അതിനാലാണ് ഈ കുറിപ്പ്.

മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്നുള്ള അഭിപ്രായം ലേഖകന്‍ ഒരിക്കലും വച്ചു പുലര്‍ത്തിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ അത് അതേപടി പച്ചയായി എഴുതി വെക്കുമായിരുന്നു.

"പിടിച്ച തീവ്രവാദികളെല്ലാം മുസ്ളീങ്ങളാണെങ്കിലും സമുദായത്തെ ആരും കുറ്റം പറഞ്ഞുപോകരുത്"...
മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണത്തിലെ അപക്വതയെപ്പറ്റി ധ്വനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ വാചകം.
തറവാട്ടിലെ പിള്ളേര്‍ കൊലക്കുറ്റത്തില്‍ അകത്തായാല്‍, തറവാട്ടു മഹിമ പ്രസംഗിച്ച് നടക്കുകയല്ല ഉത്തരവാദിത്വമുള്ള തറവാട്ട് കാരണവന്‍മാര്‍ ചെയ്യേണ്ടത്, പിള്ളേരെ അടക്കി നിര്‍ത്തുകയാണ്. Put your house in order, first എന്ന് ഏതെങ്കിലും കുട്ടി ഇവരുടെ മുഖത്ത് നോക്കി പറഞ്ഞാല്‍ അതിനര്‍ഥം തറവാട്ടിലെ എലാ പിള്ളേരും കൊലയാളികളാണ് എന്നല്ല. നാട്ടിലെ കൊലയാളികളെല്ലാം ഈ തറവാട്ടിലേതാണ് എന്നുമല്ല.

ആത്യന്തികമായി, സെക്യുലര്‍ എന്നവകാശപ്പെടുന്ന ഇവിടുത്തെ മുന്‍നിര രാഷ്ട്രീയ കക്ഷികളുടെയും ഹെല്‍മെറ്റ് വേട്ടയെ മുക്തി മാര്‍ഗമായി കാണുന്ന നിയമ പാലന സംവിധാനത്തിന്റെയും ദയനീയ പരാജയമാണ് ഈ അരാജക അവസ്ഥ്ക്ക് കാരണമായത് എന്നത് കൊണ്ട് തന്നെ ഈ പ്രശ്നത്തിന്റെ പരിഹാരം ഒട്ടും എളുപ്പമാവില്ല. പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടി വരും

ഇനിയും വായനക്കാരുടെ വിയോജന/യോജന കുറിപ്പുകള്‍ അറിയിക്കുക. ഇതൊരു ആശയ സംവാദത്തിന് വഴി വച്ചാല്‍ ഈയുള്ളവന്‍ ധന്യനായി :)

Sanal Kumar Sasidharan said...

കിഡ്,
എഴുതിയതിൽ നിങ്ങളുദ്ദേശിച്ച ധ്വനി എന്താണെന്നുള്ളതല്ല പ്രശ്നം അത് എന്താണ് വിനിമയം ചെയ്യുന്നു എന്നുള്ളതാണ്.പച്ചക്ക് പറയുന്നതിനേക്കാൾ ദുഷ്ടലക്ഷ്യങ്ങൾ പൊതിഞ്ഞ് പറയുമ്പൊഴുണ്ടാകും എന്നതുകൊണ്ട് തന്നെയാണ് ഇതിന് ഒരു വിയോജനം എഴുതിപ്പോയത്.തെറ്റ് പറ്റിയെങ്കിൽ അത് തെറ്റാണെന്ന് സമ്മതിക്കണം.നിങ്ങൾ ഇവിടെ മുസ്ലീം ലീഗിനെതിരെ ഒരു രാഷ്ട്രീയ ലേഖനമല്ലല്ലോ എഴുതിയത്.
“തറവാട്ടിലെ പിള്ളേര്‍ കൊലക്കുറ്റത്തില്‍ അകത്തായാല്‍, തറവാട്ടു മഹിമ പ്രസംഗിച്ച് നടക്കുകയല്ല ഉത്തരവാദിത്വമുള്ള തറവാട്ട് കാരണവന്‍മാര്‍ ചെയ്യേണ്ടത്, പിള്ളേരെ അടക്കി നിര്‍ത്തുകയാണ്. Put your house in order, first എന്ന് ഏതെങ്കിലും കുട്ടി ഇവരുടെ മുഖത്ത് നോക്കി പറഞ്ഞാല്‍ അതിനര്‍ഥം തറവാട്ടിലെ എലാ പിള്ളേരും കൊലയാളികളാണ് എന്നല്ല. നാട്ടിലെ കൊലയാളികളെല്ലാം ഈ തറവാട്ടിലേതാണ് എന്നുമല്ല.“

ഏതാണ് ഈ തറവാട് മുസ്ലീം ലീഗോ..അതോ മുസ്ലീം മതമോ...ഉപരിപ്ലവമായ അഭിപ്രായങ്ങൾ “കുട്ടി വിളിച്ചു പറഞ്ഞു " രാജാവ് നഗ്നനാനെ!!!"“ എന്ന മട്ടിൽ വിളിച്ചുപറയും മുൻപ് അത് സമൂഹത്തിന്റെ സൌഹാർദ്ദപരമായ ഒഴുക്കിനെ പിന്നോട്ടടിക്കുന്നതരത്തിലുള്ള വീൺ‌വാക്കുകളാകുമോ എന്ന് രണ്ട് തവണ ചിന്തിക്കണം എന്ന് വളരെ വളരെ വിനീതമായി അഭ്യർത്ഥിക്കുന്നു.
ഇനിയിപ്പോൾ ഞാനിതിന് മറുപടി എഴുതി എന്നതുകൊണ്ട് വളച്ചുപിടിച്ച് മറുപടിക്ക് മറുപടി എഴുതണമെന്നില്ല.ആലോചിച്ചാൽ മതി ചെയ്യുന്നത് ശരിയാണോ എന്ന്.ഒരു മതത്തിൽ വിശ്വസിക്കുന്നവരിലെ ഒരു ഫ്രാക്ഷൻ- വളരെ ചെറിയൊരു വിഭാഗം(മതത്തെക്കുറിച്ച് തെറ്റായ ധാരണകളുടെ മാത്രം അടിസ്ഥാനത്തിൽ) പിന്തുടർന്നുവരുന്ന അക്രമരീതികളെ വെച്ചുകൊണ്ട് ആ മതത്തിൽ വിശ്വസിക്കുന്ന മുഴുവനാളുകളെയും തീവ്രവാദികളാക്കുന്നരീതിയിൽ സമുദായത്തെ കുറ്റപ്പെടുത്തണം എന്നാണോ പറയുന്നത്.......അങ്ങനെയാണെങ്കിൽ

“പക്ഷേ ഒറ്റ കാര്യമേ ഉള്ളൂ, പിടിച്ച തീവ്രവാദികളെല്ലാം മുസ്ളീങ്ങളാണെങ്കിലും സമുദായത്തെ ആരും കുറ്റം പറഞ്ഞുപോകരുത്.“

ഈ നിലപാട് മാറ്റി

“പിടിച്ച തീവ്രവാദികളെല്ലാം മുസ്ളീങ്ങളായതുകൊണ്ട് സമുദായത്തെ മുഴുവൻ കുറ്റം പറഞ്ഞുകൊള്ളണമെന്ന്“ ഉപദേശിക്കാം.

ഓ.ടോ:
Blogger The Riddler said...

പ്രിയ സനല്‍, താങ്കളുടെ 'സെക്യുലര്‍' മനസ്സ് വേദനിച്ചുവൊ? ധാര്‍മിക രോഷം?

ഈ വരിയിലെ പുച്ഛം അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു.സെക്കുലർ ആണ് ഞാനെന്നുള്ളതിന് ഒരുത്തനും/ഒരുത്തിക്കും തെളിവുകൊടുക്കേണ്ട അവസ്ഥ എനിക്കില്ല അക്കാര്യത്തിൽ എന്റെ ന്യായാധിപൻ ഞാൻ തന്നെ.പിന്നെ ഇവിടെ ഒരു കമെന്റെഴുതിയത് ഞാൻ സെക്കുലറാണെന്ന് തെളിയിക്കാനോ ധാർമ്മിക രോഷം പ്രകടിപ്പിക്കാനോ അല്ല.എലിക്ക് ബിസ്കറ്റിൽ പുരട്ടി വിഷം വ്വയ്ക്കുമ്പോലെ “ഹാസ്യത്തില്‍ കലര്‍ത്തി“ വിഷമുള്ള മനസ് വിരിച്ചിട്ടിരിക്കുന്നത് കണ്ടപ്പോൾ വീണുപോകരുത് എന്ന് ഒരുമുന്നറിയിപ്പ് നൽകാൻ മാത്രം..

The Kid said...

പ്രിയ സനല്‍, താങ്കളുടെ കഴിഞ്ഞ കമന്റിനുള്ള വിശദീകരണം നേരത്തേ തന്നു കഴിഞ്ഞതാണല്ലൊ. അതില്‍ പറഞ്ഞിട്ടുള്ളതില്‍ കൂടുതലായി പുതിയ ഒരു വസ്തുതയും താങ്കളുടെ പുതിയ കമന്റില്‍ കാണുന്നുമില്ല.
ഈ വിഷയത്തില്‍ താങ്കളുടെ നിലപാട് എന്താണെന്നറിയാന്‍ താല്‍പര്യമുണ്ട്. ഭീകര വാദം നമ്മുടെ കുറെ യുവക്കളെ കെണി വച്ചു പിടിക്കുന്നത് വേണ്ടപ്പെട്ടവര്‍ ഇതുവരെ അറിഞ്ഞിരുന്നില്ല എന്നാണോ? അതോ അവര്‍ക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല എന്നാണൊ? അതുമല്ല അവര്‍ ഇതിനെല്ലാം നിശ്ശബ്ഗ അനുവാദം നല്‍കി എന്നാണൊ?

ജിവി/JiVi said...

മുസ്ലീങ്ങല്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് ആരാണ് കരുതുന്നത്. കാര്യങ്ങള്‍ നേര്‍ബുദ്ധിയോടെ കാണുന്ന ആരും അങ്ങനെ കരുതുന്നില്ല. ഇത് അറിഞ്ഞ്കൊണ്ട് തന്നെയാണ് സമുദായത്തെമുഴുവന്‍ തീവ്രവാദികള്‍ എന്നു വിളിക്കരുത് എന്ന് ബോധപൂര്‍വ്വം പ്രസ്ഥാവനയിറക്കുന്നത്. ഇത് മുസ്ലിംങ്ങളല്ലാത്തവര്‍ക്കുള്ള ഒരു ബോധവല്‍ക്കരണമല്ല, മറീച്ച്, മുസ്ലീങ്ങളോടുള്ള ഒരു ജാഗ്രതാ സന്ദേശമാണ്. ‘ഇതാ നമ്മളെയെല്ലാം തീവ്രവാദികളായി മുദ്രകുത്താന്‍ പോവുകയാണ്, പക്ഷെ പേടിക്കാനില്ല, ഞങ്ങളുണ്ട് അതിന് തടയിടാന്‍‘ എന്നാണ് അപ്പറയുന്നതിന്റെ അര്‍ത്ഥം. ഇത്രകാലവും തെറ്റിദ്ധരിപ്പിക്കലിലൂടെ മുസ്ലീം ജനസാമാന്യത്തെ കൂടെനിര്‍ത്തി. ഇപ്പോള്‍ തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കി അവര്‍ മുസ്ലീം ലീഗില്‍നിന്നും മാറിപ്പോകുന്നു. അപ്പോള്‍ അവരെ പിടിച്ചുനിര്‍ത്താന്‍ ഒരു കാരണം കിട്ടി എന്നമട്ടിലാണ് മുസ്ലീം ലീഗ് നേതാക്കളുടെ പ്രസ്ഥാവനകള്‍. മുസ്ലീങ്ങളുടെ രാജ്യസ്നേഹവും പ്രതിബദ്ധതയും അറിയാവുന്നവര്‍ തന്നെയാണ് ഇവിടെ ബഹുഭൂരിപക്ഷവും. ‘എനിക്കെതിരെയുള്ള ആരോപണം അത് സമുദായത്തിനുനേരെയുള്ള ആരോപണമാണ്‘ എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്ഥാവന ഇവുടുത്തെ മുസ്ലീങ്ങള്‍ തള്ളിയിട്ടുണ്ട്. അതുപോലെയേ ഈ പ്രസ്ഥാവനകളെയും കാണാവൂ.

ബിസ്കറ്റില്‍ പുരട്ടി വിഷം കൊടുക്കുന്നത് ആരെന്ന് സനാതനനെപ്പോലുള്ളവര്‍ക്ക് മനസ്സിലാവാത്തതിലാണ് എന്റെ ദു:ഖം.

കുട്ടു | Kuttu said...

സനാതനന്‍:

ഈ പറഞ്ഞ എല്ലാ മഹാന്‍മാരും ആദ്യമായാണ് കേരളത്തില്‍ തീവ്രവാദത്തിന് വേരുകളുണ്ടെന്ന് അറിയുന്നത്! നിഷ്കളങ്കര്‍, അറിവില്ലാ പൈതങ്ങള്‍!! ഇത്രയും കാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടും ഇവര്‍ക്കാര്‍ക്കും ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല!
ഇവരൊക്കെ സ്വയം മന്ദബുദ്ധി ചമയുകയാണൊ അതോ
നാട്ടുകരെ മന്ദബുദ്ധികളാക്കുകയാണോ? “

കിഡ് പറഞ്ഞ ഈ ഭാഗം പിടികിട്ടിയില്ലെന്നുണ്ടൊ?
അതോ ചര്‍ച്ച വഴിതെറ്റിക്കാന്‍ വേണ്ടി എന്തെങ്കിലും പറയുന്നതാണോ?