Sunday, November 23, 2008

ഒരു ബന്ദെങ്കിലും നടത്തൂ, പ്ളീസ്.........

സര്‍വ ഭാരത രാഷ്ട്രീയത്തൊഴിലാളികളേ,
ഞങ്ങള്‍ക്കെ മാപ്പ് തരൂ. നിങ്ങളെ ഞങ്ങള്‍ പലപ്പോഴായി ഒരുപാട് പഴിച്ചിട്ടുണ്ട്, ശപിച്ചിട്ടുണ്ട്. എല്ലാം തിരിച്ചെടുക്കുന്നു. മന്നിച്ചിടുങ്കോ....
ഇപ്പോള്‍, ദയവായി ഞങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്യണം - ഒരു പ്രക്ഷോഭം നടത്തിത്തരണം...പ്ളീസ്..
വഴിയെ പോവുന്നവനെ കാള കുത്തിയാല്‍ ഭാരത ബന്ദ് നടത്തുന്നവരല്ലേ നിങ്ങള്‍? നിങ്ങള്‍ക്ക് അതിന് കഴിയും - നിങ്ങള്‍ക്കേ കഴിയൂ.

അടിയങ്ങളുടെ ജീവിതം മഹാ കഷ്ടത്തിലാണ്. വിശപ്പ് തീരെ ഇച്ചിരി ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി. പച്ചക്കറി കണ്ട കാലം മറന്നു. മീനും ഇറച്ചിയും കണ്ടാല്‍ എങ്ങനെയിരിക്കും എന്നു പോലും ഓര്‍മയില്ല.
വേണ്ടാഞ്ഞിട്ടല്ല - ഇതിന്റെയൊക്കെ വില കേള്‍ക്കുമ്പോഴേ അടിയങ്ങള്‍ക്ക് ബോധം മറയുന്നു. ദിവാകരന്‍ മന്ത്രിയുടെ കോഴി, പാല്‍, മുട്ട ഇവയൊക്കെയാണെങ്കില്‍ നിങ്ങളെപ്പൊലെയുള്ള രാഷ്ട്രീയക്കാര്‍, ക്വൊട്ടേഷന്‍ ബിസിനസ്സ്കാര്‍, ഗുണ്ടകള്‍, ടാറ്റ-ബിര്‍ലമാര്‍ തുടങ്ങിയവര്‍ക്കേ ഇപ്പൊള്‍ പ്രാപ്യമാവൂ.
അധികം വൈകാതെ ഞങ്ങള്‍ പട്ടിണി കിടന്ന് ചാകും.

എണ്ണക്ക് അന്താരാഷ്ട്ര ചന്തയില്‍ പത്തുനൂറ്റിനാല്‍പത് അമേരിക്കന്‍ ഉറുപ്പിക ഉണ്ടായിരുന്ന കാലത്താണ് ഇവിടെ ഇന്ധന വില കൂട്ടിയത്. അത് കുറഞ്ഞ് അറുപതില്‍ താഴെ വന്നാല്‍ ഇവിടെയും വില കുറയ്ക്കാമെന്ന് നമ്മുടെ പ്രധാന സചിവന്‍ വാക്ക് പറഞ്ഞിരുന്നതാണ്. "ഒരു വാക്ക്, ഒരു തന്ത" എന്ന തത്വത്തില്‍ വിശ്വാസമില്ലാഞ്ഞിട്ടാണൊ അതോ ഇതിലേതിന്റെയോ എണ്ണത്തില്‍ അങ്ങേര്‍ക്ക് അത്ര തിട്ടം പോരാഞ്ഞിട്ടാണോ എന്നറിയില്ല, ഈയിടെയായി ആ മാന്യ ദേഹത്തിന് "അമളീഷ്യം" പിടിപെട്ടിരിക്കുന്നു. മന്‍മോഹന്റെ വാക്കും പഴയ ചാക്കും എന്ന മട്ടായിരിക്കുന്നു.
വെള്ളക്കരം കരണ്ട് കരം തുടങ്ങിയ കരങ്ങളൊക്കെ തനി ബൂര്‍ഷ്വാ സങ്കല്‍പങ്ങളാകയല്‍ അവയൊക്കെ മാര്‍ക്സിയന്‍ രീതിയില്‍ ഭീമമായിത്തന്നെ കൂട്ടീ ഇവിടിത്തെ ലോക്കല്‍ മാര്‍ക്സുമാര്‍.

കൊള്ളുന്നവനോ ഉളുപ്പില്ല, എങ്കില്‍ തല്ലുന്നവനെങ്കിലും വേണ്ടേ?

അതുകൊണ്ട് പ്രിയ രാഷ്ട്രീക്കാരേ, ഞങ്ങളുടെയൊക്കെ ജീവനും സ്വത്തിനും അധിപരായ പൊന്നു തമ്പുരാന്‍മാരേ, ദയവായി ഞങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പ്രവര്‍ത്തിയെങ്കിലും നിങ്ങള്‍ ചെയ്യുക.
ഒന്നുമല്ലെങ്കിലും അഞ്ചു വര്‍ഷം കൂടുമ്പോള്‍ ആടുമാടുകളെപ്പോലെ പോളിങ്ങ് ബൂത്തുകളില്‍ വന്ന് നിങ്ങള്‍ക്ക് വോട്ട് ചെയ്യുന്നവരല്ലേ ഞങ്ങള്‍? നിങ്ങള്‍ക്ക് കക്കാനും പെണ്ണ് പിടിക്കാനും വിദേശ യാത്ര നടത്താനുമൊക്കെ നികുതിപ്പണം തരുന്നവരല്ലേ ഞങ്ങള്‍?

അതുകൊണ്ട് പ്ളീസ്, ഒരു ഭാരത ബന്ദെങ്കിലും നടത്തൂ...നിങ്ങല്‍ക്ക് നൂറ് പുണ്യം കിട്ടും.

എന്ന്,
വിശന്ന് ചാവാറായ ഇവിടുത്തെ പൌരന്‍മാര്‍

5 comments:

The Kid said...

കൊള്ളുന്നവനോ ഉളുപ്പില്ല, എങ്കില്‍ തല്ലുന്നവനെങ്കിലും വേണ്ടേ?

ഉപ ബുദ്ധന്‍ said...

ആഗോളവല്‍ക്കരണത്തിന്‍റെയെല്ലാം ഫലം ആയി ബിസി ആയ നമ്മള്‍ക്ക്, കുടുംബത്തില്ലെല്ലാവര്‍ക്കും ഒന്നിച്ചുക്കൂടാനൊരു ഭാരതബന്ദ് അനിവാര്യമാണ്

കുട്ടു | Kuttu said...

വേലിയില്‍ കിടന്ന പാമ്പിനെ വേണ്ടാത്തിടത്ത് വെച്ചത് പോലെയായി എന്ന് ആഗോളീകരണം എന്ന് താടിക്കാരന് ഇപ്പോള്‍ ബോധ്യം വന്നു. താടിയുള്ള അപ്പനേ പേടിയുള്ളൂ എന്നാണല്ലോ... അമേരിക്കനമ്മാവന്‍ പറഞ്ഞു... താടിക്കാരന്‍ പേടിച്ചു വിറച്ചു രാജ്യം തീറെഴുതി...
ഇനിയോ നാരദാ ?


ഒരു ഹര്‍ത്താല്‍ തോഴിലാളിയാകുകയാ എന്തൊകൊണ്ടും ലാഭം... ഒരു പരസ്യം ഇവിടെ കൊടുത്തേക്കാം:

പരസ്യം:
ചുരുങ്ങിയ ചിലവില്‍, കരാര്‍ അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ നടത്തിക്കൊടുക്കും.
ബന്ധപ്പെടുക..

ശ്രീബന്ദ് കുമാര്‍
ഹര്‍ത്താല്‍ കൌര്‍ നിലയ്,
പരസ്ത്രീ ഗമന്‍ സ്ട്രീറ്റ്
ബുദ്ധഗയ.

ഫോണ്‍: 01235 1234567

പോരാളി said...

അറിയിപ്പ്
ബഹുമാന്യനും പ്രിയനും നമ്മൂടെ കണ്ണിലെ കൃഷ്ണമണിയുമായ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍സിങ് ജി യുടെ തന്തക്ക് വിളിച്ച മലയാളം ബൂലോകത്തെ ഒരു പീറച്ചെറുക്കന്റെ/ചെറുക്കിയുടെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ് ആചരിക്കാന്‍ മന്‍‌മോഹന്‍ ഫാന്‍‌സ് അസോസിയേഷന്‍ തീരുമാനമെടുത്ത വിവരം ഇതിനാല്‍ അറിയിക്കുന്നു.

കുട്ടു | Kuttu said...

കുഞ്ഞിക്ക:

താങ്കളുടെ ആരോപണം അടിസ്ഥാന രഹിതമാണ്.

1. വേലിയില്‍ നിന്നെടുത്ത പാമ്പിനെ വേണ്ടായിടത്ത് വച്ച താടിക്കാരന്‍ ശ്രീമാന്‍ മന്മോഹന്‍ സിങ്ങ് ആണെന്ന് ഞാന്‍ പറഞ്ഞില്ല. താങ്കളുടെ കണ്ടെത്തല്‍ മാത്രമാണത്.
പാമ്പിനെ വേണ്ടായിടത്ത് വച്ചത് മന്മോഹന്‍ സിംഗ് ആണെന്നുള്ള താങ്കളുടെ പ്രചാരണം അടിസ്ഥാനരഹിതവും, നിന്ദ്യവും നീചവും പൈശാശികവും, മൃഗീയവുമാണ്. എല്ലാ കാക്കകളും പക്ഷികളാണ്. പക്ഷേ എല്ലാ പക്ഷികളും കാക്കകളല്ല. അതുപോലെ എല്ലാ താടിക്കാരും.....

2. ഞാന്‍ അദ്ദേഹത്തിനെ അപ്പനു വിളിച്ചില്ല. “താടിയിള്ള അപ്പനേ പേടിയുള്ളൂ“ എന്ന ബനാനാ ടോക്ക് ഉദ്ധരിച്ചതാണ്.

ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പടച്ചുവിടുന്ന കുഞ്ഞിക്കയുടെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ് ആചരിക്കാന്‍ മന്‍‌മോഹന്‍ ഫാന്‍‌സ് അസോസിയേഷന്‍ തീരുമാനമെടുത്ത വിവരം ഇതിനാല്‍ അറിയിക്കുന്നു.

ഈ ഹര്‍ത്താല്‍ സ്പോണ്‍സര്‍ ചെയ്തത്:

ശ്രീബന്ദ് കുമാര്‍
ഹര്‍ത്താല്‍ കൌര്‍ നിലയ്,
പരസ്ത്രീ ഗമന്‍ സ്ട്രീറ്റ്
ബുദ്ധഗയ.

:)