Monday, November 10, 2008

എങ്കിലും, കലാമേ...:(

ബഹുമാന്യനായ മുന്‍ രാഷ്ട്രപതി ശ്രീ അബ്ദുള്‍ കലാം അവര്‍കള്‍ക്ക്,

പണ്ടൊരിക്കല്‍ ഒരു അമേരിക്കന്‍ സായിപ്പിനോട് "Our president is a rocket scientist, how about yours?" എന്ന് അഭിമാനത്തോടെ ചോദിച്ചതും അത് കേട്ട് സായിപ്പിന്റെ മുഖം ചമ്മി മഞ്ഞിച്ചു പോയതും ഉള്‍പ്പുളകത്തോടെ ഓര്‍ക്കുന്ന ഒരു ഭാരതീയനാണ് ഞാന്‍.

ഒരു വിഖ്യാത ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ താങ്കളോട് ഈയുള്ളവന് അതിയായ മതിപ്പും ബഹുമാനവുമാണ് ഉള്ളത്. താങ്കള്‍ ഇനിയൊരു തവണ കൂടി ഇന്ത്യയുടെ രാഷ്ട്രപതി പദം അലങ്കരിക്കണമെന്ന് ഈയുള്ളവന്‍ അതിയായി ആഗ്രഹിച്ചിരുന്നു.

എങ്കിലും എന്റെ കലാം സാറേ, ഇതിച്ചിരി കടുപ്പമായിപ്പോയി...

പണ്ടൊരിക്കല്‍ താങ്കള്‍ പുട്ടപര്‍ത്തിയില്‍ പോയി അവിടുത്തെ ബാബ സാറാണ് സര്‍വ ലോക പാലകന്‍ എന്ന മട്ടില്‍ ഒരു കവിത ചൊല്ലിക്കളഞ്ഞത് ഒട്ടൊരു നടുക്കത്തോടെയാണ് ഈയുള്ളവന്‍ കേട്ടത്. അന്ന് പക്ഷേ താങ്കള്‍ക്ക് അതിനൊരു എക്സ്ക്യൂസെങ്കിലും ഉണ്ടായിരുന്നു. അധികാരത്തിലിരിക്കുമ്പോള്‍ പല സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി പലരെയും സുഖിപ്പിക്കേണ്ടി വരുമല്ലോ. അതുകൊണ്ട് അന്നത് കാര്യമാക്കിയില്ല.
പക്ഷേ ഇപ്പോള്‍, എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനായി, സര്‍വതന്ത്ര സ്വതന്ത്രനായി ഇരിക്കുമ്പോള്‍ താങ്കള്‍ ഭരണങ്ങാനത്ത് ചെന്ന് അല്‍ഫോന്‍സാമ്മയെ പറ്റി കവിത ചൊല്ലിക്കളഞ്ഞല്ലോ എന്റെ കലാം സാറേ... വലിയ ചതിയായിപ്പോയി.

സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തേണ്ടത് ഒരു പൌരന്റെ മൌലിക ധര്‍മമാണെന്ന് ഭരണഘടന അനുശാസിക്കുന്ന കാര്യം താങ്കള്‍ക്ക് അറിയാതിരിക്കന്‍ നിര്‍വാഹമില്ല. അപ്പോള്‍, അല്‍ഫോസാമ്മയുടെ റെക്കമെന്റേഷനില്‍ ദൈവം ഒരു കുട്ടിയുടെ കാലിന്റെ ഷേപ്പ് മാറ്റിക്കൊടുത്തു എന്നും മറ്റുമുള്ള വഷളന്‍ പ്രചാരണങ്ങള്‍ക്ക് താങ്കളും കൂട്ട് നില്‍ക്കാന്‍ പാടുണ്ടോ? താങ്കള്‍ ഒന്നുമല്ലേലും ഒരു ശസ്ത്രജ്ഞനല്ലേ? സത്യം പറഞ്ഞതിന് ഗലീലിയോയെ പീഢിപ്പിച്ചത് ആരാണെന്ന് താങ്കള്‍ക്ക് അറിയാമല്ലൊ. ബ്രൂണോയെ ചുട്ട് കൊന്നത് ആരാണെന്ന് അറിയാമല്ലൊ. എന്നിട്ടും...

അസ്സല്‍ നിരീശ്വര വാദികളായിരുന്ന ചാര്‍വാകനെയും കണാതനെയും ഋഷികളായി കരുതിയിരുന്ന നമ്മുടെ നാട്ടില്‍ വെറും തട്ടിപ്പ് സ്വാമിമാരുടെയും വിശുദ്ധന്‍മാരുടെയും മുന്നില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ ഒരു മിസൈല്‍ ശസ്ത്രജ്ഞനു പോലും കഴിയുന്നില്ല എന്നാണൊ? നിങ്ങള്‍ ഇങ്ങനെ ആയാല്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും?

ഒരു റോള്‍ മോഡലിന് വേണ്ടി പരക്കം പായുന്ന നമ്മുടെ യുവ തലമുറക്ക് താങ്കള്‍ എന്നും ഒരു പ്രത്യാശയയായിരുന്നു. അതും താങ്കള്‍ തകര്‍ത്തുകളഞ്ഞല്ലോ...

രാജ്യത്തിന്റെ ഭാവി വിസുദ്ധന്‍മാരിലും സിദ്ധന്‍മാരിലും സ്വാമിമാരിലും അല്ല, മറിച്ച് ശാസ്ത്രോന്‍മുഖമായ ഒരു സമൂഹത്തിലാണ് എന്ന തിരിച്ചറിവാണ് നമുക്ക് ഏറ്റവും അത്യാവശ്യം. അതുകൊണ്ട് ബഹുമാന്യനായ ശ്രീ അബ്ദുള്‍ കലാം, താങ്കള്‍ ദയവായി അന്ധ വിശ്വാസ പ്രചരണത്തിന് കൂട്ട് നില്‍ക്കാതിരിക്കുക, കാരണം ഇത് നമ്മുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്.

എന്ന്,
ഒരു കുട്ടി.

8 comments:

The Kid said...

ഒരു റോള്‍ മോഡലിന് വേണ്ടി പരക്കം പായുന്ന നമ്മുടെ യുവ തലമുറക്ക് താങ്കള്‍ എന്നും ഒരു പ്രത്യാശയയായിരുന്നു. അതും താങ്കള്‍ തകര്‍ത്തുകളഞ്ഞല്ലോ...

dethan said...

സായിബാബ,അമൃതാനന്ദമയി തുടങ്ങിയ സകല ആള്‍ദൈവങ്ങളുടെയും കാലിലും മടിയിലും
വീഴുന്ന ഭക്തശിരോമണികളില്‍ കൂടുതലും അബ്ദുള്‍ കലാമിനെപ്പോലുള്ള യുകതിബോധമില്ലാത്ത
ശാസ്ത്രജ്ഞരാണ്.ഇവരെയാണ് പാവപ്പെട്ട സാധാരണക്കരെ ആകര്‍ഷിക്കാനുള്ള തുറുപ്പുചീട്ടായി
ആള്‍ദൈവങ്ങളുടെ മാര്‍ക്കെറ്റിങ് മാനേജര്‍മാര്‍ ഉപയോഗിക്കുന്നത്.
-ദത്തന്‍

The Kid said...

ശരിയാണ് ദത്തന്‍, ഇവരൊക്കെ paid ഭക്തന്‍മാരാണൊ എന്നേ അറിയാനുള്ളൂ. മോന്തായം വളഞ്ഞാ വീടിന്റെ ഗതി എന്താവും എന്നൊരു ചൊല്ലുണ്ടല്ലൊ. അതുപോലെയാണ് നമ്മുടെ നാടിന്റെ കാര്യം. ഒട്ടും ആശാവഹമല്ല..

Anonymous said...

ശ്രീ. സത്യസായി ബാബാജി-യേയും, മാതാ ശ്രീ അമൃതാനന്ദമയി ദേവിജി-യേയും അല്‍‌ഫോണസാമ്മയേയും ശ്രീ. അബ്ദുള്‍‌കലാം വണങ്ങിയെങ്കില്‍ അത് ആ മനസ്സിന്റെ വലിപ്പം തന്നെ സംശയമില്ല. ആരെങ്കിലും നല്ലത് ചെയ്താല്‍ നല്ലതെന്ന് പറഞ്ഞൂടേ?
ചോര തന്നെ കൊതുകിന്ന് കൌതുകം അല്ലേ? സായിജിയെ കുറിച്ചോ, മാതാജിയെ കുറിച്ചോ മോശപ്പെട്ട രീതിയില്‍ സംസാരിക്കാന്‍ നിങ്ങള്‍ക്കെന്ത് അവകാശം ? പൂജിക്കുന്നവര്‍ പൂജിച്ചോട്ടെന്നെ.

എല്ലാരേയും എല്ലാ കാലവും പറ്റിക്കാനാവില്ല എന്നറിയാമല്ലൊ. സായി ബാബാജിക്ക് 70 നു മുകളില്‍ വയസ്സായി. മാതാജിക്കു 50 ഇല്‍ കൂടുതലും. ഇതുവരേയും ഇവര്‍ സമൂഹത്തെ പറ്റിക്കുകയായിരുന്നു എന്നാണോ?

ആള്‍ദൈവങ്ങളുടെ കാലിലും മടിയിലും വീഴുന്നവര്‍ യുക്തിബോധമില്ലാത്തരാണെന്ന് വിളിക്കുന്ന നിങ്ങളുടെ സ്കെയിലാണ് മാറ്റേണ്ടത്.

ചിലതൊന്നും മനുഷ്യന്റെ യുക്തിക്കു നിരക്കുന്നതല്ല. വിശ്വാസം പ്രത്യേകിച്ചും. വിശ്വസിക്കുന്നവര്‍ വിശ്വസിക്കെട്ടെന്നെ. ഇല്ലാത്തവര്‍ വേണ്ട.

പുലി ജന്‍മം said...

പ്രിയ വിശ്വാസീ, താങ്കള്‍ പറഞ്ഞതാണ്‌ പരമമായ സത്യം. ദൈവം കഴിഞ്ഞാല്‍ പിന്നെയാര്‌ എന്ന ചോദ്യത്തിന്‍ ഉത്തരം തന്നെ ശ്രീ ബാബാജീയും, മാതാജീയും. ഈ രണ്ടു ജീകളും കീജെയ്‌.

Anonymous said...

പുലിജന്മം:
കമന്റിലെ വിപരീത ഭക്തിയും പരിഹാസവും മനസ്സിലായി. അത്, അര്‍ഹിക്കുന്നതിലും കൂടുതല്‍ അവഞ്ജയോടെ തള്ളിക്കളയുന്നു.

ഞാന്‍ പറഞ്ഞതാണ് പരമമായ സത്യം..!!! മാതാ-പിതാ-ഗുരു ഇവര്‍ ദൈവങ്ങളെ പോലെ ആരാധ്യരാണ്. അതുകൊണ്ട് മാതാജിയും സായിജിയും എനിക്ക് ദൈവതുല്യരാണ്.

ബഷീർ said...

എ.പി.ജെ. യില്‍ നിന്ന് ഇത്‌ പ്രതീക്ഷിച്ചില്ല. ദീപസ്തംഭം മഹാശ്ചര്യം ..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പാവപ്പെട്ടവന്‍ തുടങ്ങി കോടീശ്വരന്‍ വരെ, രോഗി തുടങ്ങി ഡോക്ടര്‍ വരെ,
തൊഴിലാളി തുടങ്ങി ശാസ്ത്രജ്ഞന്‍ വരെ,പോലീസുകാരന്‍ മുതല്‍ ന്യായാധിപന്‍ വരെ,
തൊഴിലില്ലാത്തവന്‍ തുടങ്ങി രാഷ്ട്രീയക്കാരന്‍ വരെ,
ഭൂരിപക്ഷം എന്നും ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പുറകെ. യഥാര്‍ത്ഥ സത്യാന്വേഷികള്‍ എന്നും ന്യൂന പക്ഷമായിരുന്നു സുഹൃത്തെ.

മതമില്ലാത്ത ജീവനെപ്പറ്റി പറഞ്ഞതിന് ഇവിടെ അരങ്ങേറിയ പുകില്‍ കണ്ടില്ലേ. ചാര്‍വാകനും, കണാദനും ജീവിച്ചിരുന്നില്ല എന്നു കൂടി വരുത്തിത്തീര്‍ക്കാന്‍ കഴിഞ്ഞാല്‍ എല്ലാം ഭംഗിയായി.

കലാമിനെപ്പോലെ ഉന്നതനായ ഒരു വ്യക്തിയില്‍ നിന്നുമുണ്ടാകുന്ന ഇത്തരം പ്രവൃത്തികള്‍ തീര്‍ത്തും നിരാശാജനകവും, പുരോഗതിക്കേല്‍ക്കാവുന്ന കനത്ത പ്രഹരവുമാണ്.