Sunday, January 25, 2009

"മദ്രസ്സ = CBSE" - ആപല്‍ക്കരമായ തീരുമാനം

"ക്ഷേമരാഷ്ട്രം" എന്ന സങ്കല്‍പത്തില്‍, പൌരന്‍മാര്‍ക്ക് സൌജന്യ പ്രാഥമിക വിദ്യാഭ്യാസം നല്‍കുവാനുള്ള ചുമതല സ്റ്റേറ്റില്‍ നിക്ഷിപ്തമാണ്. രാഷ്ട്രത്തിന്റെ ഭാവി എങ്ങനെയെന്ന് തീരുമാനിക്കുന്നതില്‍ പരമ പ്രധാനമായ പങ്ക് വഹിക്കുന്നത് ഭാവി പൌരന്‍മാരെ നാം എന്ത് പഠിപ്പിക്കുന്നു എന്നതാണ്. അതിനാലാണ് മറ്റ് ഏജന്‍സികള്‍ക്ക് പകരം, ഈ ചുമതല സ്റ്റേറ്റിനെത്തന്നെ ഏല്‍പിച്ചിരിക്കുന്നത്.
വികസനോന്‍മുഖവും ശാസ്ത്രാധിഷ്ടിതമായ ചിന്താശീലങ്ങളുള്ളതുമായ ഒരു സമൂഹമാണ് ഒര് രാജ്യത്തിന്റെ ഏറ്റവും വലിയ കൈമുതല്‍.

എന്നാല്‍ ഇത്തരം അടിസ്ഥാന തത്വങ്ങളെ പാടെ നിരാകരിക്കുന്ന തരത്തിലുള്ള ഒന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ കൈക്കൊണ്ട "മദ്രസ്സ = CBSE" എന്ന തീരുമാനം. ഒരു പ്രത്യേക മത വിഭാഗത്തിലെ ആളുകള്‍, മതാടിസ്ഥാനത്തില്‍ത്തന്നെ സംഘടിച്ച് രൂപം നല്‍കിയിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കൂട്ടികള്‍ക്ക്, പഠനം പൂര്‍ത്തിയാക്കുന്ന വേളയില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള CBSE നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് തുല്യമായി പരിഗണിക്കും എന്നതാണ് ഈ തീരുനാനത്തിന്റെ പൊരുള്‍.
രാഷ്ട്രത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കിയേക്കാവുന്ന നിരവധി ഘടകങ്ങള്‍ ഈ തീരുമാനത്തില്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ ചിലതിനെപ്പറ്റി..

വിദ്യാഭ്യാസ കാര്യങ്ങളില്‍ സ്റ്റേറ്റിന് നഷ്ടപ്പെടുന്ന നിയന്ത്രണം
മദ്രസ്സകള്‍ എന്നറിയപ്പെടുന്ന മേല്‍പ്പറഞ്ഞതരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്ത്, എങ്ങിനെ പഠിപ്പിക്കുന്നു എന്നതില്‍ ഭരണക്കൂടത്തിന് ഇപ്പൊള്‍ ഒരു നിയന്ത്രണവുമില്ല എന്നതാണ് ആദ്യത്തെ പ്രശ്നം. ഇവിടുത്തെ സിലബസ് നിര്‍ണയത്തിലോ അധ്യാപകരുടെ യോഗ്യതാ നിര്‍ണയത്തിലോ ഗവണ്‍മെന്റിന് നേരിട്ട് ഇടപെടാനോ തീരുമാനങ്ങളെടുക്കാനോ ഇപ്പോള്‍ കഴിയില്ലെന്നാണ് അറിയുന്നത്. ഭാവിയില്‍ ഇതിനായി ഒരു മദ്രസ്സ ബോര്‍ഡ് രൂപവല്‍കരിക്കും എന്നാണ് തീരുമാനം.

ഭാവി തലമുറ എന്ത് പഠിക്കുന്നു എന്നതില്‍ പൊതു സമൂഹത്തിന് നിയന്ത്രണമില്ലാതാവുക എന്നാത് അത്യധികം ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഇത്തരം പഠനശാലകള്‍ വളം വെച്ചുകൊടുക്കില്ല എന്ന് ഗവണ്‍മെന്റിന് ഉറപ്പുണ്ടോ? രാഷ്ട്ര താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഇവിടെ പഠിപ്പിച്ചാല്‍ ഗവണ്‍മെന്റിന് എന്ത് ചെയ്യാന്‍ കഴിയും? ഇപ്പോള്‍ ഇങ്ങനെയൊന്നും സംഭവിക്കുന്നില്ലായിരിക്കാം, പക്ഷേ ഭാവിയില്‍ ഉണ്ടായിക്കൂടെന്ന് യാതൊരുറപ്പുമില്ല.

ഇനി, മറ്റ് ജാതി/മത സംഘടനകളും ഇതേ ആവശ്യമുന്നയിച്ചാല്‍? ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. എസ്. എന്‍ . ട്രസ്റ്റ്, എന്‍ . എസ്. എസ്. തുടങ്ങിയ സംഘടനകളുടെ കീഴിലും ധാരാളം സ്ഥാപനങ്ങളുണ്ട്. ഇവരെല്ലാം നാളെ അവര്‍ക്ക് തോന്നിയതേ പഠിപ്പിക്കൂ, അതിനെല്ലാം CBSE അംഗീകാരം വേണം എന്ന് ശഠിച്ചാല്‍ സര്‍ക്കാര്‍ എന്ത് ചെയ്യും? വിദ്യാഭ്യാസ രംഗത്ത് നിന്നും പൂര്‍ണമായി പിന്‍മാറി, കാര്യങ്ങളെല്ലാം മത/സമുദായ സംഘടനകളെ ഏല്‍പ്പിക്കുമോ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധിയാണ്.

സ്റ്റേറ്റിന്റെ പിന്‍വാങ്ങല്‍
പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രാധമിക ചുമതലകളില്‍ നിന്നും പിന്‍വാങ്ങി അവയെല്ലാം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള സ്റ്റേറ്റിന്റെ വെമ്പല്‍ സമീപകാലത്ത് ഇന്ത്യയില്‍ വളരെയധികം പ്രകടമാണ്. അതിന്റെ ഭാഗമായും കൂടി വേണം ഈ പുതിയ നീക്കത്തെ കാണുവാന്‍ . ഏതെങ്കിലും സമുദായം വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നുണ്ടെങ്കില്‍, സര്‍ക്കാര്‍ തന്നെ നേരിട്ട് അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്, അല്ലാതെ ആ ചുമതല മത സംഘടനകളെ ഏല്‍പ്പിക്കലല്ല.
മാത്രമല്ല, ശാസ്ത്ര വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് പകരം മതപരമായ വിഷയങ്ങള്‍ പ്രാമുഖ്യം നല്‍കിയുള്ള പഠനരീതിക്ക് ഗവണ്‍മെന്റ് ഒത്താശ ചെയ്യുക എന്നത് ഭരണഘടനാപരമായ കര്‍ത്തവ്യങ്ങളില്‍ നിന്നുള്ള പിനു്മാറ്റം കൂടിയാണ്. മതപഠനമല്ല ശാസ്ത്രപഠനമാണ് നമുക്കാവശ്യം.

സാമൂഹിക പ്രത്യാഘാതങ്ങള്‍
നമ്മുടെ പൌരന്‍മാരെ മുഴുവന്‍ ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ തുടങ്ങി വെള്ളം കയറാത്ത പേടകങ്ങളില്‍ അടച്ചിട്ടാലുള്ള അവസ്ഥ ഭീഭല്‍സമായിരിക്കും. ജാതി മത ചിന്തകള്‍ക്ക് അതീതവും സ്വതന്ത്രവുമായ സാമൂഹിക വിനിമയങ്ങളാണ് രാജ്യത്തിന്റെ കെട്ടുറപ്പിന് ആവശ്യം. ഓരോ മതസ്ഥരും അവരവരുടെ മത സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം പഠിക്കുന്ന അവസ്ഥയില്‍ നമുക്ക് നഷ്ടമാവുന്നത് സമൂഹമനസ്സിന്റെ ഈ സെക്യുലര്‍ ഭാവമാണ്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നേരിടുകയെന്നത് ഒട്ടും എളുപ്പമാവില്ല.

രാജ്യത്ത് ഒരു പൊതു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, വോട്ട് ബാങ്ക് ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം നീക്കങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന വയോധികരായ നേതാക്കളുണ്ടാവില്ല.
ഇത് ഭാവി തലമുറയോടെ കാണിക്കുന്ന അപരാധമാണ്.

9 comments:

The Kid said...

ഭാവി തലമുറ എന്ത് പഠിക്കുന്നു എന്നതില്‍ പൊതു സമൂഹത്തിന് നിയന്ത്രണമില്ലാതാവുക എന്നാത് അത്യധികം ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ്.

Anonymous said...

ഡീന്‍ സര്‍വകലാശാലകളെക്കുറിച് എന്താ ഒന്നും പറയാന്‍ ഇല്ലെ ? കുട്ടി ആയതിനാല്‍ ക്ഷമിക്കുന്നു.

Anonymous said...

മദ്രസ്സ = CBSE" - ഇത് ന്യായമാണോ? എന്ന പോസ്റ്റിന്റെ മറുപടികള്‍ എന്താവും എന്ന് അന്നേ നോക്കിയിരുന്നതാണ്. മദ്രസകളിലെ മാത്രം പഠനം മതിയായതല്ലെന്നു മദ്രസയില്‍ പഠിച്ചവര്‍ക്ക് തന്നെ വ്യക്തമാണ് എന്നാണ് വ്യക്തിപരമായി പല അഭിപ്രായവും കേട്ടത്. അങ്ങനെ ആയിരിക്കെ ഇങ്ങനെ ഒരു തീരുമാനം എടുത്ത് ഒന്നെങ്കില്‍ മദ്രസകളില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരികയും അത് വഴി വിദ്യാഭ്യാസനിലവരം ഉയര്‍ത്തുകയും ചെയ്യാന്‍ ആയിരിക്കും എന്ന് (ശുഭ)പ്രതീക്ഷ ഉണ്ടായിരുന്നു . പക്ഷെ അങ്ങനെ ഉണ്ടാവാന്‍ സാധ്യത തുലോം കുറവാണു. അതിനൊരു ചെറിയ സാധ്യത ഉണ്ടായാല് അതിനെ എതിര്‍ത്ത് തോല്പിക്കാന്‍ തക്ക പ്രതികരണം എപ്പോഴേ ഉണ്ടായേനെ.

പിന്നെ ബാക്കി ഉള്ളത് മതപ്രീണനം മാത്രം... കഷ്ടം, മതേതര രാഷ്ട്രത്തിന്റെ ഒരു ഗതി.ആരെ പറയണം?

Anonymous said...

ഇനി, മറ്റ് ജാതി/മത സംഘടനകളും ഇതേ ആവശ്യമുന്നയിച്ചാല്‍? ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. എസ്. എന്‍ . ട്രസ്റ്റ്, എന്‍ . എസ്. എസ്. തുടങ്ങിയ സംഘടനകളുടെ കീഴിലും ധാരാളം സ്ഥാപനങ്ങളുണ്ട്. ഇവരെല്ലാം നാളെ അവര്‍ക്ക് തോന്നിയതേ പഠിപ്പിക്കൂ, അതിനെല്ലാം CBSE അംഗീകാരം വേണം എന്ന് ശഠിച്ചാല്‍ സര്‍ക്കാര്‍ എന്ത് ചെയ്യും?

ithu chinthikkenda vishayam thanne.

Anonymous said...

vidyaabhyaasathe "pachcha"valkarikkunnu ennu aarum paranju kettillaaa
:))

The Kid said...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.
"പച്ചവല്‍കരണം"..അതൊരു രസകരമായ പ്രയോഗമാണല്ലോ അനോണി മാഷേ!! :) എന്ത് വല്‍കരണമായാലും അപകടത്തിലാവുന്നത് നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിയാണ്. പക്ഷേ പൊതു രംഗത്ത് നിന്നും ഇതുവരെ കാര്യമായ പ്രതികരണങ്ങളോന്നും കാണൂന്നില്ല. "സാംസ്കാരിക നായകന്‍മാരെല്ലാം" പുണ്യാളന്‍മാരെയും മന്ദബുദ്ധികളെയും കുരങ്ങന്‍മാരേയുമൊക്കെ ഒതുക്കാനുള്ള തയ്യാറെടുപ്പിലാണ്. രാഷ്ട്രീയക്കാരാണെങ്കില്‍ ലാവ്ലിന് പിറകേയും. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ എന്തെങ്കിലും കിട്ടിയാല്‍ ബാക്കിയെല്ലാം മാറ്റി വെക്കന്ന കാര്യത്തില്‍ സംഘപരിവാരക്കാരനും (so called)കമ്മ്യൂണിസ്റ്റുകളും എല്ലാം ഒറ്റക്കെട്ടാണ്. കാരണം ഇവറ്റകളുടെ മക്കള്‍ ലണ്ടനിലും അമേരിക്കയിലും പോയി പഠിച്ചോളും. കഷ്ടത്തിലാവുന്നത് സാധാരണക്കാരന്റെ മക്കളാണ്.

മുസാഫിര്‍ said...

ലേഖകന്‍ പറഞ്ഞ പോലെ വളരെ അപകടകരമായ ഒരു കീഴ്വഴക്കമാണ് ഇതു സൃഷ്ടിക്കുന്നത്.ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടേയും ന്യൂന്യപക്ഷ പ്രീണനത്തിന്റെ ഫലം വെടിമരുന്നു ശാലകളെപ്പോലെ പുകഞ്ഞും കത്തിയും കൊണ്ടിരിക്കുമ്പോഴാണ് നിര്‍ബന്ധിത പെന്‍ഷന്‍ കൊടുത്ത് ഒരു മൂലയില്‍ ഇരുത്തേണ്ട ചില കടല്‍ക്കിഴവന്മാരുടെ പുതിയ ഭരണ പരിഷ്കാരം !

Kaithamullu said...

തെരഞ്ഞെടുപ്പ്....തെരഞ്ഞെടുപ്പ്,
മുലായം, മുലായം....!!

എന്ത് ചെയ്യാനാ എന്റെ വത്തിക്കാനപ്പാ!

Vadakkoot said...

മതേതരത്വം എന്നാല്‍ ഭരണവും മതങ്ങളും തമ്മില്‍ യാതൊരു വക ഇടപാടുകളും ഇല്ലാതിരിക്കുന്നതാണോ അതോ എല്ലാ മതങ്ങള്‍ക്കും ഭരണത്തില്‍ തുല്യമായ ( != 0) ഇടപെടലുകള്‍ അനുവദിക്കുന്നതാണോ?

എങ്ങനെ നിര്‍വ്വചിച്ചാലും ഇത് ഒരു നല്ല കീഴ്വഴക്കമാവില്ല